റംല ചോദിച്ചയുടൻ ജ്വല്ലറിയുടമ 2 ലക്ഷം കൊടുത്തു

ചെറുവത്തൂർ : എസ്. ആർ. ഗോൾഡുടമ സജ്ഞയ് ബോസ്്ലെയുടെ ജ്വല്ലറിയിൽക്കയറി പണയ സ്വർണ്ണം തിരിച്ചെടുത്ത് തരാമെന്നും, 2 ലക്ഷം രൂപ തരണമെന്നും കാഞ്ഞങ്ങാട്ടെ തട്ടിപ്പുകാരി റംല ആവശ്യപ്പെട്ടപ്പോൾ സ്ത്രീ ആരാണെന്നും, എവിടെയാണെന്നുമുള്ള പ്രാഥമിക ചോദ്യങ്ങൾ പോലുമില്ലാതെയാണ് ജ്വല്ലറിയുടമ സജ്ഞയ് 2 ലക്ഷം രൂപ റൊക്കം പണം റംലയ്ക്ക് കൊടുക്കാൻ മുതിർന്നത്.

മുഖവും, ശരീരം മുഴുവനും , കറുത്ത പർദ്ദയിൽ മൂടി കണ്ണുകൾ മാത്രം പുറത്തു കാണിച്ചു കൊണ്ട് ഒരു തടിച്ച നാൽപ്പതുകാരി സ്വന്തം ജ്വല്ലറിയിലെത്തി 2 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ, സ്ത്രീയുടെ പേര് പോലും ചോദിക്കാതെയാണ് ജ്വല്ലറിയുടമ നേരിട്ടല്ലെങ്കിലും 2 ലക്ഷം റൊക്കം പണം ഒാട്ടോഡ്രൈവർ എം. പി. മനോജ് വഴി സ്ത്രീയുടെ പണയ സ്വർണ്ണമെടുക്കാൻ ഏൽപ്പിച്ചത്. ജ്വല്ലറിയിൽ 20 മിനുറ്റുകളോളം ചിലവഴിച്ച റംല ഈ ജ്വല്ലറിക്കകത്തുള്ള സി. സി. ടി. വി ക്യാമറയിലേക്ക് തന്നെ തുറിച്ചു നേക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന പന്ത്രണ്ടുകാരന്റെ നിരവധി ചിത്രങ്ങളാണ് സി. സി. ടി. വി ദൃശ്യങ്ങളിലുള്ളത്.

ജ്വല്ലറിക്കകത്തേക്ക് റംലയും, കുട്ടിയും കടന്നു പോകുന്നിടം വരെ പാന്റ്സ് ധരിച്ച ഒരാൾ റംലയേയും, കുട്ടിയേയും അനുഗമിച്ചതായി സി. സി. ടി. വി ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ തലഭാഗം ദൃശ്യത്തിൽ പതിഞ്ഞിട്ടില്ല. കാഞ്ഞങ്ങാട്ടു നിന്ന് വെള്ള ഡിസയർ കാറിൽ തന്നെയായിരിക്കണം റംലയും, കുട്ടിയും ,മറ്റൊരാളും ചെറുവത്തൂർ ജ്വല്ലറിപ്പരിസരത്ത് എത്തിയത്. റംലയെ അജാനൂർ തെക്കേപ്പുറം അർബ്ബൻ ബാങ്കിന് മുന്നിൽ നിന്ന് 2 ലക്ഷം രൂപയുമായി ധൃതിയിൽ കയറ്റിക്കൊണ്ടു പോയ വെള്ള ഡിസയർ കാറിനെ കണ്ടെത്താൻ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. മറ്റൊരു വെള്ള ഡിസയർ കാർ സംശയത്തിന്റെ ബലത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും, ഈ ഡിസയർ കാറിന് പണം തട്ടലുമായി ബന്ധമില്ലെന്ന് ഉറപ്പാക്കിയ ശേഷം ഫിബ്രവരി 20-ന് ശനിയാഴ്ച രാത്രി ഈ കാർ പോലീസ് ഉടമയ്ക്ക് വിട്ടു കൊടുത്തു.

LatestDaily

Read Previous

തീപ്പൊള്ളലേറ്റ കമിതാക്കൾ മരിച്ചു

Read Next

വ്യാജരേഖ ചമച്ച് കെഎസ്എഫ്ഇയിൽ നിന്ന് 46 ലക്ഷം രൂപ തട്ടി മൂന്നു പേർക്കെതിരെ പോലീസ് കേസ്സ്