രാജ്മോഹൻ ഉണ്ണിത്താന് മുഖ്യമന്ത്രിയുടെ വിമർശനം

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ കാസർകോട് എംപി, രാജ്മോഹൻ ഉണ്ണിത്താന് പരോക്ഷ വിമർശനം.

എംപി കഴിഞ്ഞ ദിവസം കുറ്റിക്കോൽ പഞ്ചായത്തിൽ നടത്തിയ സന്ദർശനങ്ങളിൽ കുട്ടികളടക്കമുള്ള ആൾക്കൂട്ടം പങ്കെടുത്തതിനെച്ചൊല്ലിയാണ് പരമാർശം.

കുറ്റിക്കോൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ  എംപി നടത്തിയ സന്ദർശനങ്ങളുടെ ഫോട്ടോകൾ ഫേസ്ബുക്ക് വഴി കേരളമൊട്ടാകെ പ്രചരിച്ചിരുന്നു.

മാസ്ക് ധരിക്കാതെ പിഞ്ചുകുഞ്ഞുങ്ങൾക്കും പ്രായമായവർക്കുമൊപ്പം നിൽക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ കടുത്ത പരിഹാസങ്ങൾക്കും, വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്.

കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വന്നതുമുതൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ സന്ദർശനങ്ങളിലെല്ലാം ആൾക്കൂട്ടങ്ങളുണ്ടായിരുന്നു.

സാമൂഹ്യഅകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും പൊതുമധ്യത്തിൽ ഇറങ്ങരുതെന്ന് ജനങ്ങളെ ബോധവൽക്കരിക്കേണ്ട ജനപ്രതിനിധിയാണ് ആൾക്കൂട്ടങ്ങളുടെ ഉപാസകനായത്.

കാസർകോട്ടെ കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ക്വാറന്റൈനിൽ കഴിയേണ്ടി വന്ന ജനപ്രതിനിധിയാണ് രാജ്മോഹൻ ഉണ്ണിത്താൻ   ജില്ലയിൽ കോവിഡ് അതിന്റെ മൂർദ്ധന്യത്തിലെത്തിയ ആദ്യഘട്ടത്തിൽ ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യവുമുണ്ടായിരുന്നില്ല.

കാസർകോട് ജില്ലയിൽ നടത്തിയ സന്ദർശനത്തിനിടെ ഒരു പെൺകുട്ടിയുടെ കവിളിൽ തൊട്ട് തലോടി അനുമോദിക്കുന്ന എംപിയുടെ ചിത്രത്തെയും, പിഞ്ചുകുട്ടികളോടൊപ്പം മാസ്ക് ധരിക്കാതെയിരിക്കുന്ന മറ്റുള്ളവരുടെ  ചിത്രത്തെയും പരാമർശിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉണ്ണിത്താനെതിരെ പരോക്ഷ വിമർശനമുന്നയിച്ചത്.

കൂടുതൽ ജാഗ്രത കാണിക്കേണ്ട ജനപ്രതിനിധികൾ ഇത്തരത്തിലുള്ള പ്രവൃത്തികൾ കാണിക്കുന്നത് ശരിയല്ലെന്നാണ് മുഖ്യമന്ത്രി ഭംഗ്യന്തരേണ സൂചിപ്പിച്ചത്.

LatestDaily

Read Previous

തായൽ അബൂബക്കർ ഹാജി സംയുക്ത ജമാഅത്ത് പ്രസിഡണ്ടാകും

Read Next

മൻസൂർ ചെയർമാനും പരിഗണനയിൽ