ട്രെയിനിലെ കയ്യാങ്കളി; സസ്പെൻഷൻ

കാഞ്ഞങ്ങാട്: മംഗളൂരു–തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിൽ സഞ്ചരിക്കുകയായിരുന്ന കാസർകോട് പാർലിമെന്റംഗം രാജ്മോഹൻ ഉണ്ണിത്താനെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ്സ് പ്രവർത്തകരായ അനിൽ വാവുന്നോറൊടി, പത്മരാജൻ ഐങ്ങോത്ത് എന്നിവരെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് ആറു മാസത്തേക്ക് സസ്പെന്റ് ചെയ്തു.

കെപിസിസി അധ്യക്ഷൻ കെ. സുധാകരനാണ് ഇരുവർക്കുമെതിരായ നടപടി പ്രഖ്യാപിച്ചത്. അനിൽ വാഴുന്നോറൊടി  കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സിക്രട്ടറിയും, പത്മരാജൻ ഐങ്ങോത്ത് പ്രവാസി കോൺഗ്രസ്സ് കാസർകോട് ജില്ലാ പ്രസിഡണ്ടുമാണ്. അനിൽ കാഞ്ഞങ്ങാട് നഗരസഭാ മുൻ കൗൺസിലറാണ്. മാവേലി എക്സ്പ്രസ്സിന്റെ സെക്കൻഡ് ഏസി കോച്ചിൽ നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ ഞായറാഴ്ച രാത്രിയിലാണ് ഉണ്ണിത്താനെ ഇരുവരും അസഭ്യം പറഞ്ഞത്.

ഉണ്ണിത്താൻ റെയിൽവെ പോലീസിൽ പരാതി നൽകിയതനുസരിച്ച് കോഴിക്കോട് റെയിൽവെ പോലീസ് നിർദ്ദേശമനുസരിച്ച് കാസർകോട് റെയിൽവെ പോലീസ് ഞായറാഴ്ച രാത്രിയിൽ തന്നെ പത്മരാജന്റെയും, അനിലിന്റെയും പേരിൽ കേസ്സ് റജിസ്റ്റർ ചെയ്തിരുന്നു. ഇരുവരും ഇന്നലെ തന്നെ റെയിൽവെ പോലീസിൽ നേരിട്ടു ഹാജരായി, ജാമ്യമെടുക്കുകയും ചെയ്തു.

ജില്ലാ കോൺഗ്രസ്സിനകത്തുള്ള ഗ്രൂപ്പ് രാഷ്ട്രീയമാണ് ഉണ്ണിത്താനെ പരസ്യമായി ട്രെയിനിൽ അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായത്. ട്രെയിനിൽ, തന്നെ അധിക്ഷേപിച്ച സംഭവത്തിന് പിന്നിൽ കാസർകോട് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിക്കുന്നു. ആറു മാസക്കാലത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഇരുവർക്കും വിശദീകരണ നോട്ടീസ് നൽകിയിട്ടുണ്ട്.

LatestDaily

Read Previous

പെരിയ ഇരട്ടക്കൊലക്കേസ്സിലുൾപ്പെട്ട ബൈക്ക് ബേക്കൽ പോലീസ് സ്റ്റേഷനിൽ കാണാതായി

Read Next

രാജധാനി ജ്വല്ലറിക്കവർച്ച: ഒരു പ്രതി കൂടി പിടിയിൽ