രാജാസ് ക്വാറന്റൈൻ കേന്ദ്രത്തിനെതിരെ കോൺഗ്രസ് ജനപ്രതിനിധികൾ

നീലേശ്വരം: നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്ന ക്വാറന്റൈൻ കേന്ദ്രം അവിടെ നിന്നും മാറ്റണമെന്ന ആവശ്യമുയർത്തിയ കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ പ്രസ്താവന പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് നീലേശ്വരം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി മുഹമ്മദ് റാഫി.

ജൂലൈ 2- ന് നടന്ന നീലേശ്വരം നഗരസഭാ കൗൺസിൽ യോഗത്തിനിടെയാണ് നഗരസഭാ കൗൺസിലർമാരായ പി. കരുണാകരൻ,  ടി.പി. ബീന എന്നിവർ ഈ ആവശ്യമുന്നയിച്ച് രംഗത്തു വന്നത്. വിദേശത്ത് നിന്നും  തിരിച്ചെത്തിയ പ്രവാസികൾക്കായി സർക്കാർ നിർദ്ദേശത്താൽ തയ്യാറാക്കിയ ക്വാറന്റൈൻ  കേന്ദ്രം  അവിടെ നിന്നും മാറ്റണമെന്നാണ്  കോൺഗ്രസിന്റെ  നഗരസഭാ കൗൺസിലർമാർ  ആവശ്യപ്പെട്ടത്.

ക്വാറന്റൈൻ കേന്ദ്രങ്ങളൊരുക്കാൻ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെല്ലാം രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുമ്പോഴാണ്, നീലേശ്വരം നഗരസഭയിലെ കോൺഗ്രസ്പ്രതിനിധികൾ വിവാദ ആവശ്യവുമായി രംഗത്തെത്തിയത്. നഗരസഭാ കൗൺസിൽ യോഗത്തിന്റെ അജണ്ടയിലില്ലാത്ത വിഷയമാണ്  കൗൺസിലർമാർ ഉന്നയിച്ചത്.

കെ.പി. കരുണാകരൻ  പ്രതിനിധാനം ചെയ്യുന്ന 16-ാം വാർഡിലാണ് നീലേശ്വരം രാജാസ്  ഹയർസെക്കന്ററി സ്കൂൾ. നീലേശ്വരം നഗരസഭാ 27-ാം വാർഡ് കൗൺസിലറായ ടി.പി. ബീന രാജാസ് ഹയർസെക്കന്ററി സ്കൂൾ പി.ടി.ഏ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയാണ്.

വിദേശത്ത് നിന്നും തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികളോട് മനുഷത്വ രഹിതമായ നിലപാടാണ് കോൺഗ്രസിന്റെ ജനപ്രതിനിധികൾ കാണിച്ചതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റ് പോലും ഉന്നയിക്കാത്ത ആവശ്യമാണ് നഗരസഭാ കൗൺസിലർമാർ ഉന്നയിച്ചത്.

നിലവിൽ 19 പേരാണ് രാജാസ് ഹയർസെക്കന്ററി  സ്കൂളിലെ ക്വാറന്റൈൻ കേന്ദ്രത്തിലുള്ളത്. ഇവരടക്കം 50 പേർ വിവിധ കാലങ്ങളിലായി  സ്കൂളിൽ ക്വാറന്റൈനിലുണ്ടായിരുന്നു.

ക്വാറന്റൈൻ കേന്ദ്രം  മാറ്റണമെന്ന ആവശ്യത്തെ 2-ന് നടന്ന കൗൺസിൽ യോഗത്തിൽ പലരും എതിർത്തിരുന്നു.

പ്രവാസികൾക്കൊരുക്കിയ ക്വാറന്റൈൻ കേന്ദ്രം മാറ്റണമെന്ന കോൺഗ്രസ് ജനപ്രതിനിധികളുടെ ആവശ്യം പ്രവാസികളോടുള്ള വഞ്ചനയാണെന്ന്  സിപിഎം  നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റി സിക്രട്ടറിയും , നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പി.പി. മുഹമ്മദ് റാഫി പറഞ്ഞു.

ഈ ആവശ്യമുയർത്തിയവർ പ്രസ്താവനപിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയുകയാണ് വേണ്ടതെന്ന് അദ്ദേഹം  പറഞ്ഞു.

അതേ സമയം, പ്രവാസികളെ നാട്ടിലെത്തിക്കാത്തതിന് നിരവധി സമരങ്ങൾ നടത്തിയ കോൺഗ്രസിന്റെ ജനപ്രതിനിധികൾ ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികളെ അവിടെ  നിന്നും ഇറക്കി വിടണമെന്ന ആവശ്യമുയർത്തിയത് നീലേശ്വരത്ത് പൊതുജനങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.

LatestDaily

Read Previous

കർണ്ണാടകയിലേക്കുള്ള എല്ലാ റോഡുകളും കേരളവും കർണ്ണാടകവും അടച്ചു

Read Next

മൃതദേഹം കുളിപ്പിക്കാൻ ആധുനിക സംവിധാനം