പഞ്ചായത്ത് ഉടക്കുവെച്ചു; 21 കോടിയുടെ മെക്കാഡം റോഡ് നിർമ്മാണം മുടങ്ങി

രാജപുരം : പഞ്ചായത്ത് ഉടക്കുവെച്ചതിനെ തുടർന്ന് 21 കോടി രൂപ ചിലവഴിച്ച് നിർമ്മാണം നടക്കുന്ന ഒടയംചാൽ–ഇടത്തോട് മെക്കാഡം റോഡ് നിർമ്മാണം തടസ്സപ്പെട്ടു. നിർമ്മാണപ്രവർത്തികൾ നടന്നുവരുന്ന കോടോം–ബേളൂർ പഞ്ചായത്തിന്റെ ഒടയംചാൽ ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിന്റെ സ്ഥലം പൊതുമരാമത്ത് വിഭാഗം കയ്യേറിയാണ് റോഡ് നിർമ്മാണം നടക്കുന്നതെന്നാരോപിച്ചാണ് കോടോം–ബേളൂർ പഞ്ചായത്തധികൃതർ റോഡ് നിർമ്മാണം തടസ്സപ്പെടുത്തിയത്.

ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന നൂറ് കണക്കിന് വാഹനങ്ങൾ നിത്യവും കടന്നുപോകുന്ന ഒടയംചാൽ–ഇടത്തോട് എട്ട് കിലോമീറ്റർ റോഡ് നവീകരണം ഒരു മാസം മുമ്പാണ് ആരംഭിച്ചത്.  റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രത്യേക താത്പര്യ പ്രകാരമായിരുന്നു. സ്വന്തം മണ്ഡലത്തിലെ റോഡ് നവീകരണം. റോഡ് പൂർണ്ണമായും അടച്ചിട്ടതിനെ തുടർന്ന് ദ്രുതഗതിയിൽ റോഡ് നിർമ്മാണം പൂർത്തിയാക്കി ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ കരാറുകാരും പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരും ശ്രമിക്കുന്നതിനിടെയാണ് പഞ്ചായത്തധികൃതർ ഉടക്കുമായെത്തിയത്.

10 മീറ്റർ വീതിയിലാണ് റോഡ് വികസനം നടക്കുന്നതെങ്കിലും ഇടത്തോട് റോഡ് ആരംഭിക്കുന്ന ഒടയംചാൽ ടൗണിനോട് ചേർന്നുള്ള റോഡിൽ 13 മീറ്റർ റോഡിന് വീതി ആവശ്യമായുണ്ട്.  ഇങ്ങനെ വരുമ്പോൾ കോടോം–ബേളൂർ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം നടക്കുന്ന സ്ഥലത്തിൽ നിന്നും ഏതാനും സെന്റ് സ്ഥലം റോഡിന് നൽകേണ്ടിവരും. പഞ്ചായത്ത് സ്വന്തമാവശ്യത്തിന് പൊന്നും വില കൊടുത്ത് വാങ്ങിയ സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മാണത്തിനു വിട്ടു നൽകാനാവില്ലെന്നാണ് പഞ്ചായത്തധികൃതരുടെ നിലപാട്. ഇതോടെ ദ്രുതഗതിയിൽ നടന്നു വന്ന റോഡ് നിർമ്മാണം തടസ്സപ്പെട്ടിരിക്കുകയാണ്.

പ്രശ്നത്തിൽ തഹസിൽദാർ ഇടപെടുകയും മറ്റ് റവന്യൂ ഉദ്യോഗസ്ഥർ, സർവ്വെയറടക്കം ഇന്ന് രാവിലെ സ്ഥലത്തെത്തി അളവ് നടപടികൾ ആരംഭിച്ചു. റോഡ് വികസനത്തിനായി സർക്കാറിലേക്ക റോഡിന്റെ ഇരുവശങ്ങളിലുള്ള നിരവധി സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടു നൽകിയപ്പോഴാണ് സർക്കാറിന്റെ റോഡ് നിർമ്മാണത്തിന് സിപിഎം ഭരിക്കുന്ന കോടോം–ബേളൂർ പഞ്ചായത്ത് തടസ്സം നിൽക്കുന്നതെന്നാണ് ആക്ഷേപം.

LatestDaily

Read Previous

പാണത്തൂരിൽ അപകടത്തിൽപ്പെട്ട ബസ്സോടിച്ചത് മറ്റൊരു ഡ്രൈവർ

Read Next

സ്വപ്നങ്ങൾക്ക് ചിറക്