സ്വർണ്ണക്കവർച്ചാ കേസ് പ്രതി 17 വർഷത്തിന് ശേഷം പിടിയിൽ

രാജപുരം: രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനെട്ടാം മൈലിൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്ത് ഒളിവിൽപ്പോയ  പ്രതിയെ പതിനേഴ് വർഷത്തിന് ശേഷം  രാജപുരം പോലീസ് പിടികൂടി. 2004 സെപ്തംബർ മാസത്തിലാണ് പതിനെട്ടാംമൈലിലെ വീട്ടിൽ നിന്നും 90 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്. കേസിൽ പ്രതിയായ ഹോസ്ദുർഗ്ഗിലെ രാമകൃഷ്ണന്റെ മകൻ രവീന്ദ്രനെയാണ് 47, ഇന്നലെ കാഞ്ഞങ്ങാട്ടു നിന്നും  രാജപുരം ഐപി, എം .എൻ. ബിജോയിയും  സംഘവും പിടികൂടിയത്. പിടിയിലായ പ്രതിയെ ഇന്നലെത്തന്നെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പതിനേഴ് വർഷത്തോളം നീണ്ടു നിന്ന വിഫലമായ അന്വേഷണത്തിനൊടുവിൽ രാജപുരം ഐപിയുടെ  നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ കുടുക്കാൻ കഴിഞ്ഞത്. കവർച്ച നടന്ന വീട്ടിൽ നിന്നും ലഭിച്ച വിരലടയാളം മാത്രമാണ് പോലീസിന്റെ കയ്യിലുണ്ടായിരുന്ന ഏക തെളിവ്.  ഈ വിരലടയാളമുപയോഗിച്ച് സ്ഥിരം മോഷ്ടാക്കളുടെ ലിസ്റ്റ് പരിശോധിച്ചതിനൊടുവിലാണ്, രവീന്ദ്രനാണ്  കവർച്ചക്കേസിലെ പ്രതിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. പിടിയിലായ പ്രതി കാഞ്ഞങ്ങാട്ട് നടന്ന ജ്വല്ലറിക്കവർച്ചാകേസിൽ  പ്രതിപ്പട്ടികയിലുള്ളയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്.

  പതിനെട്ടാം മൈലിലെ വൻ കവർച്ചയ്ക്ക് മറ്റാരുടെയെങ്കിലു സഹായം ലഭിച്ചിട്ടുണ്ടോയെന്ന് രവീന്ദ്രനെ ചോദ്യം  ചെയ്താൽ മാത്രമേ വ്യക്തമാകുകയുള്ളു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി രവീന്ദ്രനെ രാജപുരം പോലീസ് കോടതി അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങും

Read Previous

ലോക്ഡൗണിന്റെ മറവിൽ വ്യാപക മൃഗവേട്ട കള്ളാറിലും കൊന്നക്കാട്ടും മാനിന്റെയും, കാട്ടുപന്നി ഇറച്ചിയും കൊമ്പും പിടിച്ചു

Read Next

തണൽ മരങ്ങൾക്കെല്ലാം കോടാലി വീണു