ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മാതാപിതാക്കൾക്കൊപ്പം പോകാൻ കൂട്ടാക്കാത്ത പെൺകുട്ടിയെ സ്നേഹിതയിൽ പാർപ്പിച്ചു
രാജപുരം: പ്രണയബന്ധിതരായി വീടുവിട്ട് വിവാഹിതരായ പതിനെട്ടുകാരിയും 20 കാരനും ഒന്നിച്ച് താമസിക്കുന്നത് കോടതി വിലക്കി. ഒളിച്ചോടിയ കമിതാക്കൾ വിവാഹിതരായെന്ന് അറിയിച്ചെങ്കിലും വിവാഹം കോടതി അംഗീകരിച്ചില്ല. കള്ളാർ ആടകം സ്വദേശിനിയായ പെൺകുട്ടി പാണത്തൂർ സ്വദേശിയായ ഇരുപതുകാരനൊപ്പം താമസിക്കുന്നതാണ് കോടതി വിലക്കിയത്.
മകളെ കാൺമാനില്ലെന്ന പിതാവിന്റെ പരാതിയിൽ രാജപുരം പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം കമിതാക്കളെ കണ്ടെത്തിയിരുന്നു. പോലീസ് ആവശ്യപ്പെട്ട പ്രകാരം കമിതാക്കൾ സ്റ്റേഷനിൽ ഹാജരാവുകയാണുണ്ടായത്. തങ്ങൾ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായതായി കമിതാക്കൾ പോലീസിനെ അറിയിച്ചു. ഇതേതുടർന്ന് പെൺകുട്ടിയെ പോലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായെങ്കിലും, യുവാവിന് വിവാഹപ്രായമായ 21 വയസ്സ് പൂർത്തിയാകാത്തതിനെതുടർന്ന് കാമുകനൊപ്പം പോകുന്നതിൽ നിന്നും പെൺകുട്ടിയെ കോടതി വിലക്കുകയായിരുന്നു. പെൺകുട്ടിയെ കോടതി വിട്ടയച്ചപ്പോൾ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങാൻ പെൺകുട്ടി തയ്യാറായില്ല.
ഇതേതുടർന്നാണ് പോലീസ് പെൺകുട്ടിയെ വനിതാമിഷന്റെ ഐങ്ങോത്തുള്ള സ്നേഹിത സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയത്. പ്ലസ്ടൂവിന് ഒന്നിച്ച് പഠിക്കുന്നതിനിടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പെൺകുട്ടി കാഞ്ഞങ്ങാട്ടെ സ്വകാര്യ ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിനിയും 20 കാരൻ ടാപ്പിംഗ് തൊഴിലാളിയുമാണ്.