ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കേസ്സ് ക്രൈംബ്രാഞ്ചിന് നൽകിയത് പോലീസ് മേധാവി
കാഞ്ഞങ്ങാട് : പ്രമാദമായതും നൂറുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് അരങ്ങേറിയതുമായ ഫാഷൻ ഗോൾഡിന്റെ ചെയർമാൻ, എം. സി. ഖമറുദ്ദീൻ എംഎൽഏയുടെയും, എംഡി, ടി. കെ. പൂക്കോയയുടെയും വീടുകളിൽ ഇന്ന് ചന്തേര പോലീസ് നടത്തിയത് പ്രഹസന റെയ്ഡ്.
മഞ്ചേശ്വരം എംഎൽഏ, എം. സി. ഖമറുദ്ദീൻ മുഖ്യപ്രതിയായ ഫാഷൻ ഗോൾഡ് തട്ടിപ്പു കേസ്സുകൾ അന്വേഷിക്കാൻ ഈ കേസ്സുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയത് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയാണ്.
ക്രൈംബ്രാഞ്ചിന് കൈമാറാൻ മാത്രം ഫാഷൻ ഗോൾഡ് കേസ്സുകൾ എണ്ണത്തിൽ പെരുകിയിട്ടില്ല. ചന്തേര പോലീസും കാസർകോട് പോലീസും ഇന്ന് വരെ രജിസ്റ്റർ ചെയ്തത് 15 കേസ്സുകളാണ്.
പുറമെ ഫാഷൻ ഗോൾഡിന് എതിരെ പയ്യന്നൂർ കോടതിയിൽ രണ്ട് സിവിൽ കേസ്സുകളും, ഹൊസ്ദുർഗ്ഗ് കോടതിയിൽ ഖമറുദ്ദീൻ പ്രതിയായി രണ്ട് ചെക്ക് തട്ടിപ്പുകേസ്സുകളുമാണ് നിലവിലുള്ളത്.
ഫാഷൻഗോൾഡ് തട്ടിപ്പുകൾക്ക് തീർത്തും സമാനമായി പത്തനംതിട്ട ജില്ലയിൽ പോപ്പുലർ ഫിനാൻസ് ധനകാര്യ സ്ഥാപനത്തിനെതിരെ 45 കേസ്സുകളാണ് കോന്നി പോലീസ് രജിസ്റ്റർ ചെയ്തത്.
പോപ്പുലർ ഫിനാൻസും, ഫാഷൻ ഗോൾഡും കമ്പനി നിയമത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യുകയും, പൊതു ജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയും ചെയ്ത സമാനിരീതിയിലുള്ള തട്ടിപ്പു നടത്തിയ സ്ഥാപനങ്ങളാണ്. പോപ്പുലർ ഫിനാൻസിന്റെ ചെയർമാൻ ഡാനിയേൽ, ഡയറക്ടർമാരായ ഭാര്യ പ്രഭ, രണ്ട് പെൺമക്കൾ എന്നിവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കോന്നി പോലീസ് ഇൻസ്പെക്ടർ സജീഷ്കുമാറാണ്.
പ്രതികൾ മുങ്ങിയെന്നറിഞ്ഞ ഉടൻ തന്നെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ. ജി. സൈമൺ അഞ്ച് പ്രതികൾക്കുമെതിരെ രാജ്യവ്യാപകമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിനാൽ കമ്പനി ചെയർമാൻ ഡാനിയേലിന്റെ രണ്ട് പെൺമക്കൾ ന്യൂദൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങുകയും ചെയ്തു.
തൽസമയം ഫാഷൻഗോൾഡ് തട്ടിപ്പ് സിവിൽ സ്വഭാവമുള്ള കേസ്സാണെന്ന് പറഞ്ഞ് 12 യഥാർത്ഥ പരാതിക്കാരെ ആദ്യം തന്നെ കബളിപ്പിച്ച് മടക്കിയയച്ചത് ചന്തേരയിൽ ഇൻസ്പെക്ടറായിരുന്ന ആലപ്പുഴ സ്വദേശി എസ്. നിസ്സാമാണ്.
ക്രിമിനൽ പ്രൊസീജ്യർ ചട്ടത്തിലില്ലാത്ത നിസ്സാമിന്റെ തീർത്തും നിയമ വിരുദ്ധമായ ഈ പോലീസ് നടപടിയെ ജില്ലാ പോലീസ് മേധാവിയും, കാഞ്ഞങ്ങാട് ഡിവൈഎസ്പിയും അന്ന് അനുകൂലിക്കുകയും ചെയ്തിരുന്നു.
പിന്നീട് കണ്ണൂർ ഡിഐജി സേതുരാമൻ ഇടപെട്ടതിനെ തുടർന്നാണ് ചന്തേരയിൽ ആദ്യ രണ്ട് കേസ്സുകൾ രജിസ്റ്റർ ചെയ്തത്.
ഇൻസ്പെക്ടർ നിസ്സാം ഒരു മാസക്കാലം ഒരു നടപടിയുമെടുക്കാതെ കെട്ടിവെച്ച പരാതികളിൽ പിന്നീട് സ്ഥലം മാറി വന്ന ഇൻസ്പെക്ടർ പി. നാരായണനാണ് ആഗസ്ത് 28-ന് എം. സി. ഖമറുദ്ദീനെയും, ടി. കെ. പൂക്കോയയേയും പ്രതി ചേർത്ത് 2 കേസ്സുകൾ രജിസ്റ്റർ ചെയ്തത്.
കേസ്സുകൾ രജിസ്റ്റർ ചെയ്തപ്പോഴും, പിന്നീട് പത്തു ദിവസക്കാലവും എം. സി. ഖമറുദ്ദീൻ എംഎൽഏ ഉപ്പളയിലെ വീട്ടിലും, ടി. കെ. പൂക്കോയ ചന്തേരയിലെ വീട്ടിലുമുണ്ടായിട്ടും, പൂക്കോയ മുങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഇന്ന് രാവിലെയാണ് ഖമറുദ്ദീന്റെ എടച്ചാക്കൈ വീട്ടിലും പൂക്കോയയുടെ ചന്തേര വീട്ടിലും പ്രഹസനമെന്നോണം ചന്തേര പോലീസ് റെയ്ഡ് നടത്തിയത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം. പി. വിനോദ് ഇന്ന് രാവിലെ ചന്തേര പോലീസ് സ്റ്റേഷനിലെത്തിയതിന് ശേഷമാണ് ഇൻസ്പെക്ടർ പി. നാരായണൻ രാവിലെ 9-30 മണിക്ക് ഖമറുദ്ദീൻ ഇല്ലാത്ത എടച്ചാക്കൈയിലെ ഖമറുദ്ദീന്റെ കുടുംബ വീട്ടിലും, തങ്ങളില്ലാത്ത പൂക്കോയയുടെ ചന്തേര പോലീസ് സ്റ്റേഷൻ മുറ്റത്തുള്ള വീട്ടിലും റെയ്ഡ് നടത്തിയത്.
തങ്ങളെയും ഖമറുദ്ദീനെ അറസ്റ്റ് ചെയ്യാനും അഥവ ചോദ്യം ചെയ്യാനുമാണ് പോലീസിന്റെ ആത്മാർത്ഥതയെങ്കിൽ ഉപ്പളയിൽ ഖമറുദ്ദീൻ ഇന്നലെയും ഇന്നുമുള്ള വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തേണ്ടിയിരുന്നത്്. പ്രതികളില്ലാത്ത വീട്ടിൽ പ്രതികൾക്ക് വേണ്ടി പോലീസ് നടത്തിയ റെയ്ഡ് ജനങ്ങളിൽ പോലീസിന്റെ മാനം കെടുത്തിയിട്ടുണ്ട്.