മുത്തച്ഛനെ രാഹുല്‍ ഗാന്ധി അപമാനിച്ചു; സവര്‍ക്കറുടെ കൊച്ചുമകന്‍ പൊലീസില്‍ പരാതി നല്‍കി

മുംബൈ: തന്റെ മുത്തച്ഛനായ വി ഡി സവര്‍ക്കറെ അപമാനിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സവര്‍ക്കറുടെ കൊച്ചുമകന്റെ പരാതി. സവര്‍ക്കറുടെ കൊച്ചുമകനായ രഞ്ജിത്ത് സവര്‍ക്കറാണ് ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇത്തരം പ്രസ്താവനകള്‍ നടത്തിയതിന് കോണ്‍ഗ്രസ് മഹാരാഷ്ട്ര അദ്ധ്യക്ഷന്‍ നാനാ പട്ടോളക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിയില്‍ കുറ്റപത്രം തയ്യാറാക്കിയിട്ടില്ലെന്നും കേസ് അന്വേഷിക്കുകയാണെന്നുമാണ് പൊലീസിന്റെ പ്രതികരണം. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ അകോളയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് വിഡി സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. സവര്‍ക്കര്‍ ബ്രിട്ടിഷുകാർക്ക് എഴുതിയ കത്ത് രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചിരുന്നു.

ബ്രിട്ടീഷുകാര്‍ക്ക് വീര്‍സവര്‍ക്കര്‍ ഒരു കത്തെഴുതി, ‘സര്‍, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള ഭൃത്യനായി തുടരാന്‍ അനുവദിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്.’ സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു. പേടി കൊണ്ട് കത്തില്‍ ഒപ്പിട്ട് അദ്ദേഹം മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരെ വഞ്ചിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Read Previous

രാജീവ് ഗാന്ധി വധം; പ്രതികളെ വെറുതെ വിട്ടതിനെതിരെ പുനഃപരിശോധനാ ഹർജി നൽകി കേന്ദ്രം

Read Next

മെസ്സിയും ടീമും ദോഹയിലെത്തി; സ്വീകരിക്കാന്‍ മലയാളികളുടെ പട