ബിജെപിയുടെ ‘റിമോട്ട് കണ്‍ട്രോള്‍’ വിമര്‍ശനത്തിനെതിരേ രാഹുല്‍ ഗാന്ധി

ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെ പുതിയ അധ്യക്ഷന് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാർട്ടിയെ നയിക്കാനും സ്വാതന്ത്ര്യമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച രണ്ട് സ്ഥാനാർത്ഥികൾക്കും അവരുടേതായ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ട്. അവരെ റിമോട്ട് കൺട്രോൾ എന്ന് വിളിക്കുന്നത് ഇരുവരേയും അപമാനിക്കുന്നതിന് സമമാണെന്നും രാഹുൽ പറഞ്ഞു. കർണാടകയിൽ ജോഡോ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ കാഴ്ചപ്പാടുകളെയും അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസ് ഒരു ഫാസിസ്റ്റ് പാർട്ടിയല്ല. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കോൺഗ്രസ് പാർട്ടി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കോൺഗ്രസ് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് കോൺഗ്രസിന് ഒരു പ്രസിഡന്‍റിനെ ലഭിച്ചാലും സോണിയാ ഗാന്ധി അവരെ റിമോട്ട് കണ്‍ട്രോളാക്കി മാറ്റുമെന്ന് ബിജെപി വിമർശിച്ചിരുന്നു. സോണിയാ ഗാന്ധി പറയുന്നതേ കോൺഗ്രസ് അധ്യക്ഷൻ ചെയ്യൂ എന്ന വിമർശനത്തിനെതിരെ മല്ലികാർജുൻ ഖാർഗെയും ആഞ്ഞടിച്ചു. താൻ സോണിയയുടെ റിമോട്ട് കണ്‍ട്രോള്‍ അല്ലെന്നും പാർട്ടിയിൽ കൂട്ടായ ചർച്ചകളിലൂടെയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Previous

‘സർദാർ’ ഒക്ടോബർ 28ന് തിയേറ്ററുകളിൽ

Read Next

തലസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന; അഞ്ച് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി