റഫിയാത്ത് ജീവനൊടുക്കിയത് മർദ്ദനം സഹിക്കവയ്യാതെ

അജാനൂർ: തങ്ങളുടെ ഏകമകൾ റഫിയാത്ത് ജീവനൊടുക്കിയത് അവളുടെ ഭർത്താവ് ഇസ്്മായിലിന്റെ മർദ്ദനം സഹിക്കാനാവാതെ വന്നതിനാലാണെന്ന് നോമ്പുകാലത്ത് സ്വന്തം വീട്ടുമുറിയിലെ ഫാനിൽ ജീവിതമവസാനിപ്പിച്ച യുവഭർതൃമതി റഫിയാത്തിന്റെ മാതാപിതാക്കൾ ആരോപിച്ചു. മകളുടെ ആത്മഹത്യ സംബന്ധിച്ച് തങ്ങൾക്ക് ചില സത്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് യുവതിയുടെ രക്ഷിതാക്കൾ അറിയിച്ചതിനെത്തുടർന്ന് റഫിയാത്തിന്റെ കുടുംബം താമസിച്ചുവരുന്ന ചിത്താരിയിലെ വീട്ടിലെത്തിയ ലേറ്റസ്റ്റ് അന്വേഷണ സംഘത്തോട് സംസാരിക്കുകയായിരുന്നു യുവതിയുടെ മാതാവ് സി.ബി. ഫാത്തിമയും, പിതാവ് എൻ.കെ റഫീഖും. റഫിയാത്തിന്റെ ആത്മഹത്യ സംബന്ധിച്ച് പോലീസ് ഒരു കേസ്സ് റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഒരുമാസം പിന്നിട്ടിട്ടും അന്വേഷണം, താളിന് പുറത്തുവീണ വെള്ളം പോലെ ആയിക്കിടക്കുന്ന സാഹചര്യത്തിൽ ഇന്നലെ ചുമതലയേറ്റ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് പരാതി നൽകിയ ശേഷമാണ് റഫിയാത്തിന്റെ രക്ഷിതാക്കൾ ലേറ്റസ്റ്റ് അന്വേഷണ സംഘത്തെ നേരിട്ടു കാണാൻ താൽപ്പര്യപ്പെട്ടത്.

മകളുടെ മരണത്തിൽ ഭർത്താവിനെക്കൂടാതെ മറ്റു രണ്ടു യുവാക്കൾ കാര്യമായി കളിച്ചിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇവരിൽ ഇപ്പോൾ ഗൾഫിലുള്ള യുവാവ് ജംഷീറിന്റെ കൈകൾ ഒട്ടും ശുദ്ധമല്ല. ജംഷീർ റഫിയാത്തിനെ ആദ്യം വിവാഹമാലോചിച്ച യുവാവാണ്. 90 പവൻ  സ്വർണ്ണം സ്ത്രീധനമായി കൊടുക്കാൻ പോയിട്ട് 10 പവൻ സ്വർണ്ണം പോലും കൊടുക്കാനുള്ള സാമ്പത്തിക ശേഷി തങ്ങൾക്കില്ലാത്തതിനാലാണ് കാഞ്ഞങ്ങാട് ദുർഗ്ഗാ ഹൈസ്കൂൾ പരിസരത്ത് താമസക്കാരനായ ജംഷീറുമായുള്ള മകളുടെ വിവാഹബന്ധത്തിൽ നിന്ന് ആ യുവാവ് പിൻമാറിയതെന്ന് വളച്ചുകെട്ടൊന്നുമില്ലാതെ യുവതിയുടെ കുടുംബം വെളിപ്പെടുത്തി.

ജംഷീർ ഗൾഫിൽ  നിന്ന് മാസങ്ങൾക്ക് മുമ്പ് മകൾക്ക് ഐഫോൺ കൊടുത്തയച്ചതിൽ വലിയ ദുരൂഹതകളുണ്ട്. ഭർത്താവ് ഇസ്്മായിൽ കൊടുത്തയച്ചതാണെന്ന് പറഞ്ഞു കൊണ്ട് പടന്നക്കാട്ടുകാരായ  രണ്ടു അജ്ഞാത യുവാക്കൾ കൊണ്ടുവന്ന ഐഫോൺ റഫിയാത്തിന്റെ സഹോദരൻ റമീസ് ജോലി ചെയ്യുന്ന സൗത്ത് ചിത്താരിയിലെ പഴവർഗ്ഗക്കടയിലെത്തിച്ച് റഫിയാത്തിന് കൈമാറുകയായിരുന്നു.

25,000 രൂപയോളം വിലയുള്ള ഐഫോണാണ് തീർത്തും നാടകീയമായി ജംഷീർ റഫിയാത്തിന് കൈമാറിയത്. ഭർത്താവ് കൊടുത്തയച്ച ഫോണാണെന്ന് അറിഞ്ഞതുകൊണ്ടാണ് മകൾ ആ ഫോൺ വാങ്ങി ഉപയോഗിച്ചതെന്ന് പറഞ്ഞ മാതാവിനോട്, അപ്പോൾ മകളുടെ കൈയ്യിൽ ഐഫോൺ കണ്ടപ്പോൾ, ഭർത്താവ് ഇസ്്മായിൽ അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന്, ഭർത്താവ് കൊടുത്തയച്ചതല്ലെങ്കിൽ ഫോൺ ആര് സമ്മാനിച്ചതാണെന്ന് തീർച്ചയായും ഭർത്താവ് അന്വേഷിക്കേണ്ടതായിരുന്നുവെന്ന് റഫിയാത്തിന്റെ ഉമ്മ സി.ബി ഫാത്തിമ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞു.

ഈ ഐഫോണിലേക്കാണ് റഫിയാത്ത് ആത്മഹത്യ ചെയ്യാൻ സ്വന്തം കിടപ്പുമുറിയിലേക്ക് പോകുന്നതിന് മുമ്പ് ഗൾഫിൽ നിന്ന് ജംഷീറും തുടർന്ന് കൂട്ടുകാരി ചിത്താരി പൊയ്യക്കരയിലെ ആതിരയും തുടർച്ചയായി വിളിച്ചത് ആതിരയുടേതായി 14 മിസ് കോളുകൾ ഐഫോണിൽ ഉണ്ടായിരുന്നുവെന്ന് ഉപ്പ എൻ.കെ റഫീഖ് പറഞ്ഞു. സംഭവ ദിവസം ആതിരയെ ജംഷീർ ചാറ്റിംഗ് വഴി വിളിച്ചിരുന്നുവെന്ന് ഇന്നലെ പത്രമാപ്പീസിലെത്തിയ ആതിര വെളിപ്പെടുത്തിയിരുന്നു. തനിക്ക് ജംഷീറിനെ അറിയില്ലെന്നാണ് ആതിര ഇന്നലെ പുറത്തുവിട്ടതെങ്കിലും, ആതിര പറഞ്ഞത് കള്ളമാണെന്ന് റഫിയാത്തിന്റെ മാതാവ് പറഞ്ഞു.

കാരണം, വിവാഹത്തിന് മുമ്പ് ജംഷീർ പലപ്പോഴും, റഫിയാത്തിന്റെ താമസസ്ഥലത്ത് വന്നപ്പോഴെല്ലാം, മകളുടെ ഉറ്റ ചങ്ങാതിയായ ആതിര ക്വാർട്ടേഴ്സിൽ വന്നിട്ടുണ്ടെന്നും ജംഷീറിനെ റഫിയാത്ത് ആതിരയ്ക്ക് പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ഫാത്തിമ വെളിപ്പെടുത്തി. വിവാഹ ശേഷവും റഫിയാത്തുമായി ജംഷീറിന് ബന്ധമുണ്ടായിരുന്നുവോ, എന്നാരാഞ്ഞപ്പോൾ, ബന്ധമുണ്ടായിരുന്നില്ലെങ്കിൽ പിന്നെന്തിന് ഇത്രയും വില പിടിച്ച ഐഫോൺ ഒരു നാടകം നടത്തി ജംഷീർ മകളുടെ കൈകളിലെത്തിച്ചുവെന്നും, ഫാത്തിമ ചോദിച്ചു.

” ഞാൻ ഒരു തമാശ പറഞ്ഞു” ” അവൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു” പിന്നീട് ” ഫോണെടുക്കുന്നില്ല. ” നീ –  ഒന്ന് അവളെ വിളിച്ച് ഉടൻ സമാധാനിപ്പിക്കൂ….” ജംഷീർ ആതിരയ്ക്കയച്ച വാട്ട്സാപ്പ് സന്ദേശമാണ് മുകളിലുദ്ധരിച്ചത്: ഇരുപത്തിമൂന്നുകാരിയും, വിവാഹിതയുമായ പെൺകുട്ടി റഫിയാത്തിനെ ആത്മഹത്യയിലേക്ക് നയിക്കാൻ മാത്രമുതകിയ എന്തുതമാശയാണ് അന്യപുരുഷനായ ജംഷീർ പെൺകുട്ടിയോട് പറഞ്ഞതെന്ന് കണ്ടെത്തേണ്ടതുണ്ട്.

റഫിയാത്തിന്റെ ഐഫോൺ മാത്രം പരിശോധിച്ചാൽ ഈ സത്യങ്ങൾ പുറത്തുവരുമെന്നിരിക്കെയാണ് ആത്മഹത്യാ ദിവസം യുവതിയുടെ മുറിയിൽ നിന്ന് പോലീസ്  കൊണ്ടുപോയ ഐഫോൺ തുറക്കാൻ കഴിയുന്നില്ലെന്ന കാരണം പറഞ്ഞ് പോലീസ് യുവതിയുടെ സഹോദരന്മാർക്ക് തന്നെ തിരിച്ചേൽപ്പിച്ചത്. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ എച്ച്. റംഷീദിന്റെ സഹോദരീ പുത്രനാണ് ജംഷീർ. ആതിരയ്ക്ക് ജംഷീർ അയച്ച ചാറ്റിംഗ് മാത്രം ഡിജിറ്റൽ തെളിവായി സ്വീകരിച്ച് റഫിയാത്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നതിന് ജംഷീറിന്റെ പേരിൽ പോലീസിന് കേസ്സെടുക്കാമെങ്കിലും,ആ വഴികളിലൊന്നും പോലീസ് ചിന്തിക്കാത്തത് കാര്യമായ സംശയങ്ങൾക്ക് ഇടം നൽകിയിട്ടുണ്ട്.

പുറമെ, സ്വന്തം ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിച്ച കുടകു യുവതിയുടെ നിരന്തരമായ ഇടപെടലിനെ ചോദ്യം ചെയ്തപ്പോൾ, ഭാര്യയേയും, ഭാര്യാമാതാവിനെയും കണക്കിന് മർദ്ദിച്ച ഭർത്താവ് ഇസ്്മായിലിന്റെ പേരിൽ ക്രിമിനൽ കേസ്സ് റജിസ്റ്റർ ചെയ്ത് ആദ്യം തന്നെ ഇസ്്മായിലിനേയും അറസ്റ്റ് ചെയ്യാമായിരുന്നിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് അതുമുണ്ടായില്ല. ”മരിച്ചത് മരിച്ചിട്ടു പോയി” ജീവിച്ചിരിക്കുന്നവരെ എന്തിന് ബുദ്ധിമുട്ടിക്കണമെന്ന് പോലീസ് ചോദിച്ചതായി റഫിയാത്തിന്റെ സഹോദരങ്ങളായ റയിസും റിയാസും വെളിപ്പെടുത്തി. ”ഞങ്ങൾക്ക് ഒരു പെങ്ങളായിരുന്നു… പെന്നു പോലെ സ്നേഹിച്ചാണ് ഉപ്പയും ഉമ്മയും വളർത്തിയത്” സഹോദരങ്ങൾ ഇരുവരും ഇതുപറഞ്ഞപ്പോൾ, ഉമ്മ സി.ബി ഫാത്തിമയുടെ കണ്ണുകൾ നിറഞ്ഞു. തട്ടം കൊണ്ട് ആ ഉമ്മ മുഖം മറച്ച് വിതുമ്പുന്നുണ്ടായിരുന്നു. മകൾ നഷ്ടപ്പെട്ട സങ്കടം താങ്ങാനാവാതെ ഉപ്പ എൻ.കെ. റഫീഖ് അൽപ്പനേരം മുഖം കുനിച്ചിരുന്നു.

LatestDaily

Read Previous

നിയന്ത്രണങ്ങള്‍ നീക്കി, ബുധനാഴ്ച മുതല്‍ ദുബായ് സാധാരണ നിലയിലേക്ക്

Read Next

റഫിയാത്തിന്റെ മൃതദേഹം കാണാൻ ഭർത്താവ് വന്നില്ല