ആ ഐഫോൺ തുറക്കാതിരിക്കാൻ പോലീസ് കിണഞ്ഞു ശ്രമിച്ചു

കാഞ്ഞങ്ങാട്:നോമ്പുകാലത്ത് വീട്ടിനകത്ത് കെട്ടിത്തൂങ്ങി മരിച്ച യുവ ഭർതൃമതി സൗത്ത് ചിത്താരിയിലെ റഫിയാത്തിന്റെ 23, ഏറെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഐഫോൺ, തുറക്കാതിരിക്കാൻ പോലീസിൽ കൊണ്ടുപിടിച്ച നീക്കങ്ങൾ പലതും നടന്നു. 

ആരാണ് ഈ നീക്കങ്ങൾക്ക് പിന്നിലെ കറുത്ത കരങ്ങളെന്ന് ഉടൻ പുറത്തുവരും-?

ഐപി, കെ.വിനോദ് കുമാർ ഹൊസ്ദുർഗ്ഗിൽ സേവനത്തിലിരുന്നപ്പോൾ,  വലിയ ആരോപണങ്ങൾക്കൊന്നും ഇടം നൽകാതിരുന്ന പോലീസുദ്യോഗസ്ഥനാണ്. 

എന്നാൽ, ഉദ്യോഗക്കയറ്റം ലഭിച്ച്  കാഞ്ഞങ്ങാടിനോട് വിട പറയും മുമ്പുള്ള അവസാന ഘട്ടത്തിൽ റഫിയാത്ത് കേസ്സിൽ അദ്ദേഹത്തിന്  എന്തു കൊണ്ടോ താൽപ്പര്യം കുറഞ്ഞിരുന്നു.

റഫിയാത്ത് കേസ്സിന്റെ വിവരങ്ങൾ  അന്വേഷിക്കുമ്പോഴെല്ലാം, വനിതാ എസ്ഐയാണ് കേസ്സന്വേഷിക്കുന്നതെന്ന് ഐ.പി, കെ. വിനോദ്കുമാർ പറയുമായിരുന്നു.

തൽസമയം വനിതാ എസ്ഐ ലീലയോട് റഫിയാത്ത് കേസ്സിന്റെ പുരോഗതിയെക്കുറിച്ച് ലേറ്റസ്റ്റ് അന്വേഷണ സംഘം ആരായുമ്പോഴെല്ലാം, ഐ.പിയാണ് കേസ്സ് അന്വേഷണച്ചുമതലയെന്നും, അദ്ദേഹത്തോട് ചോദിക്കണമെന്നും വനിത എസ്ഐ പറഞ്ഞൊഴിയുകയായിരുന്നു. ഇതിൽ നിന്ന് ഇപ്പോൾ പുറത്തു വരുന്ന സത്യം ഈ കേസ്സ് എന്തോ ഒരു ഒത്തുകളി നടന്നിട്ടുണ്ട് എന്നു തന്നെയാണ്.

ഇരുപത്തിമൂന്നുകാരി പെൺകുട്ടി കെട്ടിത്തൂങ്ങി മരിച്ച വീട്, ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ നിന്ന് മൂന്നരക്കിലോ മീറ്റർ അടുത്ത് സൗത്ത് ചിത്താരിയിലായിരുന്നിട്ടും, യുവതി ആത്മഹത്യ ചെയ്ത ദിവസമോ പിന്നീടോ, ഡിവൈഎസ്പി, പി.കെ. സുധാകരൻ മാനുഷിക പരിഗണന   നൽകിയിട്ടായാൽ പോലും റഫിയാത്തിന്റെ വീട് ഒരിക്കൽപ്പോലും സന്ദർശിക്കുകയോ, യുവതിയുടെ മാതാപിതാക്കളെ കാണുകപോലും ചെയ്തിട്ടില്ലെന്ന കാര്യം റഫിയാത്ത് കേസ്സിൽ മുഴച്ചു തന്നെ നിൽക്കുകയാണ്.

റഫിയാത്തിന്റെ കുടുംബം സിപിഎം അനുഭാവികളാണ്. തലശ്ശേരി പിണറായിക്കടുത്താണ് യുവതിയുടെ പിതൃഭവനം. ”ഞങ്ങൾ കമ്മ്യൂണിസ്റ്റ്കാരാണെന്ന്” റഫിയാത്തിന്റെ മാതാവ് ബീഫാത്തിമയ്ക്കും പിതാവ് റഫീക്കിനും തുറന്നു പറയാൻ യാതൊരു മടിയുമില്ല.  റഫിയാത്തടക്കമുള്ള നാലു മക്കളും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു. ഓട്ടോ തൊഴിലാളിയായിരുന്നപ്പോൾ പിതാവ് റഫീഖ് സിഐടിയുവിൽ അംഗമായിരുന്നു.

കീഴുദ്യോഗസ്ഥരുടെ അന്വേഷണത്തിൽ സുപ്പീരിയർ ഉദ്യോഗസ്ഥർക്ക് ഒരിക്കലും ഇടപെടാൻ അധികാരമില്ലെന്ന് ഡിവൈഎസ്പി, പി.കെ. സുധാകരന്റെ അറുത്തു മുറിച്ചുള്ള വെളിപ്പെടുത്തലും  ഒട്ടും ശരിയല്ല.

കാരണം, ജീവിതമവസാനിപ്പിച്ച ഏക മകൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയെ കാസർകോട്ട് നേരിൽക്കണ്ട റഫിയാത്തിന്റെ ഉറ്റവരോട് ”നീതി കിട്ടുമെന്ന് ” ഉറപ്പിച്ചു പറഞ്ഞ  പോലീസ് മേധാവിയാണ് ഇപ്പോൾ ഈ കേസ്സിന്റെ തലപ്പത്തിരുന്ന് യഥാസമയം കേസ്സിന്റെ പുരോഗതിയും അന്വേഷണ വഴികളും തുടരെ തുടരെ അറിയാൻ അന്വേഷണ ഉദ്യോഗസ്ഥരിൽ ഇടപെട്ടു കൊണ്ടിരിക്കുന്നത്.

റഫിയാത്തിന്റെ ഭർത്താവ് ഇസ്മായിൽ മുക്കൂടിന്റെ മൂത്ത സഹോദരൻ യൂസഫ് യുഏഇയിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്.

നാലു വർഷം മുമ്പ് വിവാഹാവശ്യത്തിന് നേരിൽക്കാണുകയും, പിന്നീട് യുവതിയുടെ വീട്ടുകാരുടെ കൈയ്യിൽ 90 പവൻ സ്ത്രീധനം നൽകാനില്ലാത്തതിനാൽ,  വിവാഹ ബന്ധം പാളിപ്പോവുകയും ചെയ്ത യുവാവ് കാഞ്ഞങ്ങാട്ടെ ജംഷിയും സാമ്പത്തികമായി ഒട്ടും പിന്നിലല്ല.

കേസ്സന്വേഷിച്ച പോലീസുദ്യോഗസ്ഥരുടെ അറിവില്ലായ്മ മൂലമായിരിക്കാം റഫിയാത്ത് കേസ്സന്വേഷണം ആദ്യം വഴിമാറിപ്പോയതെന്ന്  ഒരു വേള കരുതാനും കഴിയില്ല.

കാരണം ഡിവൈഎസ്പി, റാങ്കിലും, ഐപി റാങ്കിലും സബ് ഇൻസ്പെക്ടർ റാങ്കിലുമുള്ള  പരിചയ സിദ്ധിയുള്ള മൂന്ന് പോലീസുദ്യോഗസ്ഥർക്കും  ഒരേ സമയം അറിവില്ലായ്മ ഒരിക്കലും സംഭവിക്കാനുമിടയില്ല.

പിന്നെന്താണ് റഫിയാത്ത് ആത്മഹത്യാക്കേസ്സിന്റെ പ്രാഥമികാന്വേഷണം ഹൊസ്ദുർഗ്ഗ് പോലീസ് പൊടുന്നനെ അവസാനിപ്പിച്ച് ഫയലുകൾ മടക്കി വെച്ചതിന്റെ പിന്നിലെ പ്രേരണ.

ആ രഹസ്യം എന്താണെന്നും പുറത്തു വരാനിരിക്കുകയാണ്.

കേരളാ പോലീസിന്റെ ഫോറൻസിക് ലാബിൽ കിടക്കുന്ന ഐഫോണിൽ നിന്ന് ലഭിക്കുന്ന  നിർണ്ണായക ഡാറ്റകൾ താമസം വിനാ പുറത്തു വരുന്നതോടെ, ഈ കേസ്സിൽ  പൊതുജനങ്ങൾ ഉന്നയിച്ചിട്ടുള്ള സകല  ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാതിരിക്കില്ല.

LatestDaily

Read Previous

കാടങ്കോട് ജമാഅത്ത് ഫാഷൻ ഗോൾഡിൽ മുടക്കിയത് 20 ലക്ഷം

Read Next

താജു കൊച്ചിക്ക് കടന്നത് തട്ടിയെടുത്ത ബുള്ളറ്റിൽ