പ്രവാസി വ്യപാരിയുടെ വീട്ടിൽ ക്വട്ടേഷൻ ആക്രമം

കാഞ്ഞങ്ങാട് : കുവൈറ്റിലുള്ള പ്രവാസി വ്യാപാരിയുടെ പടന്നക്കാട്ടെ വീട്ടിൽ വടകര, കൊയിലാണ്ടി ഭാഗത്തു നിന്നുമെത്തിയ സംഘത്തിന്റെ ക്വട്ടേഷൻ ആക്രമം. ഇന്നലെ വൈകുന്നേരം 4.30 മണിക്കും, സന്ധ്യയ്ക്ക് 6.30 മണിക്കുമാണ് വാഹനത്തിലെത്തിയ ആറംഗ സംഘം വീട്ടിൽക്കയറി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയത്.

പടന്നക്കാട്ടെ റിട്ടയേഡ് എഇഒ, മുഹമ്മദ് മാസ്റ്ററുടെ മകനും, കുവൈറ്റിൽ ബിസിനസുകാരനുമായ മുണ്ടോൾ ഷെരീഫിന്റെ പടന്നക്കാട് മേൽപ്പാലത്തിന് സമീപത്തെ വീട്ടിലാണ് ഇന്നലെ ക്വട്ടേഷൻ ആക്രമണം നടന്നത്. ഹരിയാന റജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയവരാണ് ആക്രമണത്തിന് പിന്നിൽ. ഷെരീഫിന്റെ ഭാര്യ ഷാജിഷയും മക്കളുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.  അക്രമി സംഘം വീടിനകത്ത് അതിക്രമിച്ച് കയറി ഷാജിഷയെ ഭീഷണിപ്പെടുത്തുകയും ഇവരുടെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കോഴിക്കോട് സ്വദേശി ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് പടന്നക്കാട് ആക്രമണം നടത്തിയത്. ഷെരീഫിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ആക്രമണത്തിനിടെ പരിക്കേറ്റ ഷാജിഷയും മക്കളും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്.

Read Previous

കെ. വി. സുജാത പൊതുരംഗത്ത് സുപരിചിത

Read Next

കാഞ്ഞങ്ങാട് യതീംഖാനയുടെ പേരിൽ ലുലു ഗ്രൂപ്പിന്റെ ഫ്ളാറ്റുപയോഗിച്ച് 58 ലക്ഷം രൂപ തട്ടി