വാർഡ് 17-ൽ എൽഡിഎഫ്-യുഡിഎഫ് ബലാബലം

കാഞ്ഞങ്ങാട്: നഗരസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ കൊവ്വൽപ്പള്ളി- അലാമിപ്പള്ളി  പ്രദേശമുൾക്കൊള്ളുന്ന മാതോത്ത് വാർഡ് ഇടതിന്റെ കൈയ്യിൽ നിന്ന് പിടിച്ചെടുക്കാൻ യുഡിഎഫ് നീക്കം.

നിലവിൽ സിപിഎമ്മിലെ ഉഷയാണ് ഈ വാർഡിൽ കൗൺസിലർ. നഗരസഭയുടെ ആദ്യകാലത്ത് മാതോത്ത് വാർഡിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി കോൺഗ്രസ്സിലെ കണ്ണമ്പാത്തി രാഘവനായിരുന്നു.

പിന്നീട് കോൺഗ്രസ്സിലെ തന്നെ വി. ഗോപിയും, ഗോപിക്ക് ശേഷം അദ്ദേഹത്തിന്റെ  പത്നിയും, പിന്നീട് കോൺഗ്രസ്സിലെ തന്നെ മുത്തപ്പൻ ചന്ദ്രനും  വിജയിച്ച മാതോത്ത് വാർഡ് 2010-ലെ തിരഞ്ഞെടുപ്പിൽ കാറ്റ് മാറി വീശുകയും, സിപിഎമ്മിലെ എം. മാധവൻ നൂറ്റി അമ്പതിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. 2015-ൽ സിപിഎമ്മിലെ ഉഷ സാമാന്യം മോശമല്ലാത്ത ഭൂരിപക്ഷത്തിൽ ഈ വാർഡ്  ഇടതുമുന്നണിയുടെ കൈയ്യിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്തു.

2015-ൽ ഈ വാർഡിൽ കോൺഗ്രസ്സിലെ സുമതി റീബൽ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ, കഴിഞ്ഞ തവണ ഈ വാർഡിൽ യുഡിഎഫിനൊപ്പമായിരുന്ന ലോക് താന്ത്രിക് ജനതാദൾ സ്ഥാനാർത്ഥി   പരാജയപ്പെടുകയും ചെയ്തു. ഇത്തവണ കോൺഗ്രസ്സിലെ ഡി.വി. ബാലകൃഷ്ണന്റെയും, എക്സൈസ് വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത കല്ലംചിറയിലെ ലക്ഷ്മണനുമാണ്  പരിഗണനയിലുള്ളത്.

ജനറൽ വാർഡായതിനാൽ കരുത്തനായ ഒരു പൊതുസമ്മതനെ മത്സരിപ്പിച്ച് മാതോത്ത് വാർഡ് നിലനിർത്താനുള്ള തന്ത്രത്തിലാണ് എൽജെഡിയും ഐഎൻഎലും ഉൾക്കൊള്ളുന്ന ഇടതുമുന്നണിയുടെ കരുനീക്കം. പോയ 5 വർഷക്കാലത്തെ നഗരഭരണത്തിൽ മാതോത്ത് വാർഡിൽ നല്ല നിലയിലുള്ള വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.

കാലങ്ങളായി ചതുപ്പിൽ വീണുകിടന്നിരുന്ന റോഡുകൾ ഇന്ന് കോൺക്രീറ്റ് റോഡുകളാണ്. കേർ ആന്റ് ക്യൂർ ആശുപത്രിക്കടുത്തു നിന്ന് പടിഞ്ഞാറോട്ട് കല്ലംചിറ റോഡുമായി ബന്ധിപ്പിച്ചുകൊണ്ട്  പുതിയൊരു റോഡ് പണിതത് ഈ ഭാഗത്തുള്ള യാത്രക്കാർക്ക് അനുഗ്രഹമായിട്ടുണ്ട്.

വാർഡ് 17-ൽ മൽസരിക്കാൻ പെട്രോൾ പമ്പുടമ കൊവ്വൽപ്പള്ളിയിലെ ജ്യോതിഷ് താൽപ്പര്യപ്പെട്ടിട്ടുണ്ടെങ്കിലും,  വോട്ടർമാരുടെ മനസ്സിൽ കയറിപ്പറ്റാൻ കരുത്തുള്ള പൊതു സമ്മതനായ മറ്റൊരു സ്ഥാനാർത്ഥിയെ കളത്തിലിറക്കാനാണ് സിപിഎം താൽപ്പര്യം.

LatestDaily

Read Previous

പതിനേഴുകാരിയെ ഒാട്ടോയിൽ കൊണ്ട് പോയി പീഡിപ്പിച്ചു

Read Next

കാഞ്ഞങ്ങാട്ട് പോക്സോ കോടതി 2-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും