പുല്ലൂർ പെരിയയിൽ മൽസരം കനക്കും

ടി.വി. കരിയനും സി. കെ അരവിന്ദനും പ്രസിഡന്റ് സ്ഥാനാർത്ഥികൾ

കാഞ്ഞങ്ങാട് : ഇടതു മുന്നണി ഭരണത്തുടർച്ചയ്ക്കും, യു.ഡി.എഫ് പഞ്ചായത്ത് പിടിച്ചെടുക്കാനും വിഭവ സമാഹരണം നടത്തുന്ന പുല്ലൂർ– പെരിയ ഗ്രാമപഞ്ചായത്തിൽ ഇത്തവണ മൽസരം കനക്കും. കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി മാറിയ പെരിയയിലെ കേന്ദ്ര സർവ്വകലാശാലയും കേന്ദ്രീയ വിദ്യാലയവും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പുല്ലൂർ പെരിയയിൽ ഭരണത്തിലെത്തുകയെന്നത് ഇരുമുന്നണികൾക്കും അഭിമാന പ്രശ്നമാണ്.

കേരളത്തിന്റെ രാഷ്ട്രീയ ശ്രദ്ധ മുഴുവൻ ഒരു ഘട്ടത്തിൽ കേന്ദ്രീകരിച്ച പെരിയ ഇരട്ടക്കൊലക്കേസ്സ് തദ്ദേശ തെരഞ്ഞെടുപ്പിലും ഉയർത്തിക്കാട്ടി പുല്ലൂർ-– പെരിയ തിരിച്ചു പിടിക്കാൻ യു.ഡി.എഫ് മുന്നിട്ടിറങ്ങുമ്പോൾ, സംസ്ഥാന സർക്കാറിന്റെ വികസന സമീപനങ്ങൾക്കൊപ്പം തദ്ദേശീയ വികസന മുന്നേറ്റം ഉയർത്തിക്കാട്ടി പഞ്ചായത്ത് ഭരണം നിലനിർത്താനാണ് ഇടതു മുന്നണിയുടെ  ഒരുക്കം. ഒപ്പം ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പും ഇടതു മുന്നണിക്ക് പ്രചാരണ വിഷയമാവും.

ആകെയുള്ള പതിനേഴിൽ പനൊന്ന് സീറ്റും നേടിയാണ് കഴിഞ്ഞതവണ ഇടതു മുന്നണി യു.ഡി.എഫിൽ നിന്ന് പുല്ലൂർ പെരിയ പിടിച്ചെടുത്തത്. ഇത്തവണ സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗംവും പ്രമുഖ സഹകാരിയുമായ ടി.വി.കരിയനെ മുൻനിർത്തിയാണ് ഇടതു മുന്നണി ഭരണത്തുടർച്ചക്കായി പൊരുതുന്നത്. ഇരു മുന്നണികളുടെയും സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. ടി.വി.കരിയൻ 12– ാം വാർഡായ തട്ടുമ്മലിലും പാർട്ടി മുൻ ലോക്കൽ സിക്രട്ടറി എം.വി.നാരായണൻ 11– ാം വാർഡ് കേളോത്തും മൽസരിക്കും കുമ്പള വാർഡിൽ എം.വി.കുഞ്ഞമ്പുവാണ് ഇടതു മുന്നണി സ്ഥാനാർത്ഥി.

മുൻ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ സി.കെ.അരവിന്ദൻ ചാലിങ്കാൽ വാർഡിൽ നിന്ന് ജനവിധി തേടും. ജില്ലയിൽ ഏറ്റവും ശ്രദ്ധേയ മൽസരം നടക്കുന്ന ഗ്രാമപഞ്ചായത്തുകളിലൊന്നായ പുല്ലൂർ പെരിയയിൽ ഇത്തവണ ഇടതു മുന്നണിക്ക് കനത്ത വെല്ലുവിളികളുയർത്താൻ തങ്ങൾക്കാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകിയത് എന്നാൽ പഞ്ചായത്ത് നിലനിർത്താനാവുമെന്ന പൂർണ്ണ പ്രതീക്ഷയിലാണ് ഇടതുമുന്നണി.

LatestDaily

Read Previous

ഫേസ്ബുക്ക് പ്രണയത്തിൽ മുങ്ങിയ യുവതി വിവാഹിതയായി തിരിച്ചെത്തി

Read Next

ഫാഷൻ ഗോൾഡ് : 2 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു