അതിജീവനത്തിന്റെ പുല്ലൂര്‍ പെരിയ മാതൃക

ആരോഗ്യ മേഖലയില്‍ മികവ് പുലര്‍ത്തി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത്. അഞ്ച് വര്‍ഷക്കാലവും ആരോഗ്യമേഖലയില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടന്നുവന്നത്. പ്രാഥമിക പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കോവിഡ് കാലത്തും കൃത്യമായി നടന്നു വരുന്നു. രണ്ട് ആയുര്‍വേദ ആശുപത്രികള്‍, ഒരു ഹോമിയോ ആശുപത്രി, ആറ് സബ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയുടെ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നു.

ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് ജനങ്ങളെ കാക്കാന്‍ ആവശ്യമായ പരിചരണങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി ആരോഗ്യ രംഗത്ത് സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പഞ്ചായത്താണ് പുല്ലൂര്‍ പെരിയ. പദ്ധതികളുടെ ശ്രദ്ധേയമായ നടത്തിപ്പിലൂടെ 2018-19 വര്‍ഷം ജില്ലയിലെ ആര്‍ദ്രം പുരസ്‌കാരം പുല്ലൂര്‍ പെരിയയെ തേടിയെത്തി. അഞ്ച് ലക്ഷം രൂപയും സര്‍ട്ടിഫിക്കേറ്റുമാണ് സമ്മാനമായി ലഭിച്ചത്.

പഞ്ചായത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ 1310. ഹോം കെയര്‍ ആവശ്യമുള്ള രോഗികള്‍ 170. നിലവിലുള്ള രോഗികള്‍ 610. മാസത്തില്‍ 16 ഹോം കെയര്‍. ഫിസിയോതെറാപ്പി ഹോം കെയര്‍, സെക്കണ്ടറി ഹോം കെയര്‍ അത്യാവശ്യഘട്ടത്തിലും നല്‍കുന്നു. ആവശ്യ സമയത്ത് ഡോക്ടര്‍മാരും ഹോം കെയര്‍ ചെയ്യുന്നു.

പാലിയേറ്റീവ് രോഗികള്‍ക്കായി മാസത്തില്‍ നാല് പ്രത്യേക ഒ.പികള്‍ നടത്തുന്നു. മരുന്ന്, മറ്റ് അവശ്യ സാമഗ്രികളായ വീല്‍ ചെയര്‍, വാക്കര്‍, വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, വാക്കിങ് സ്റ്റിക്ക് എന്നിവ വാങ്ങിക്കുന്നതിനായി പ്രതിമാസം 200 രോഗികള്‍ ഒ.പിയിലെത്തുന്നു. ഡയലാസിസ് രോഗികള്‍ക്ക് മരുന്നും ഇന്‍ഞ്ചക്ഷനും നല്‍കുന്നു.

നിലവില്‍ 14 ഡയാലിസിസ് രോഗികളും കിഡ്നി മാറ്റിവെച്ച ആറ് പേരും 130 കാന്‍സര്‍ രോഗികളും 20 അരക്ക് താഴെ തളര്‍ന്നവരും പാലിയേറ്റീവ് കെയര്‍ ഉപയോഗപ്പെടുത്തുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 60 വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി ഐ.ഡി കാര്‍ഡ് നല്‍കി. ഹോം കെയര്‍ ടീമിനെ സഹായിക്കുന്നതാണ് ഇവരുടെ പ്രധാന ചുമതല. 20 ആശാവര്‍ക്കര്‍മാരും പ്രവര്‍ത്തിച്ചു വരുന്നു.

പാലിയേറ്റീവ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും അതിജീവനത്തിനായി തൊഴില്‍ പരിശീലനം നല്‍കിയ പദ്ധതിയാണ് അതിജീവനം. സോപ്പുപൊടി, ഫിനോയില്‍, പേപ്പര്‍ പേന, മെഡിസിന്‍ കവര്‍ തുടങ്ങിയവ നിര്‍മ്മിച്ച് വരുമാനമുണ്ടാക്കാന്‍ കുടുംബങ്ങള്‍ക്ക് പദ്ധതി ആശ്രയമായി. എല്ലാ ചൊവ്വാഴ്ച കളിലും പാലിയേറ്റീവ് ഒ.പിയും ജനുവരി ഒന്ന് പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി രോഗികള്‍ക്ക് കിറ്റുകളുടെ വിതരണവും മാനസീകോല്ലാസത്തിനായി കലാപരിപാടികളും സംഘടിപ്പിച്ചു വരുന്നു.

വയോജന പരിപാലന രംഗത്തും പുല്ലൂര്‍ പെരിയ മോഡല്‍. വയോജന ക്ലബ്ബുകള്‍ രൂപീകരിച്ച് എല്ലാ മാസത്തിലും ഇവരുടെ സംഗമം സംഘടിപ്പിക്കുന്നു. വയോജനങ്ങള്‍ക്ക് ആവശ്യമായ വ്യായാമ രീതികളെക്കുറിച്ചും ഭക്ഷണ ക്രമത്തെക്കുറിച്ചും ക്ലാസ്സുകള്‍ നല്‍കുന്നു. മനസീകോല്ലാസത്തിനായി വയോജനങ്ങള്‍ക്ക് കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു.

ഇതോടൊപ്പം ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് പരിശോധിക്കാനുള്ള ഉപകരണം പഞ്ചായത്ത് പരിധിയിലെ എല്ലാ സബ് സെന്‍രറുകളിലും ലഭ്യമാക്കി. ഷുഗര്‍, പ്രഷര്‍ ടെസ്റ്റിങ് മെഷീനുകളും സബ്സെന്ററുകളില്‍ വിതരണം ചെയ്തു. ആരോഗ്യ മേഖലയിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പഞ്ചായത്തിന് ജില്ലാ തലത്തില്‍ അംഗീകാരം ലഭിച്ചത്.

Read Previous

കൃഷിയിടങ്ങളും റോഡുകളും വെള്ളത്തിനടിയിൽ

Read Next

മലയോര ജനതയ്ക്ക് ഡെമോക്ലീസിന്റെ വാൾ