ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പ്രമാദമായ പുലിയന്നൂർ ജാനകി ടീച്ചർ വധക്കേസ്സിൽ മെയ് 17-ന് അന്തിമവാദം നടക്കും. കേസ്സിൽ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ മെയ് 17-ന് കേസ്സിൽ വിധി പറയുന്ന തീയതി പ്രഖ്യാപിക്കും. 2017 ഡിസംബർ 13-ന് രാത്രിയാണ് പുലിയന്നൂർ ഗവൺമെന്റ് എൽപി സ്കൂളിലെ റിട്ട. അധ്യാപികയായ പൊതാവൂരിലെ കളത്തേര വീട്ടിൽ ജാനകിയെ മൂന്നംഗ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ജാനകിയുടെ ഭർത്താവ് കളത്തേര വീട്ടിൽ കൃഷ്ണനും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമിസംഘം അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം വീട്ടിനകത്തു നിന്നും 13 പവൻ സ്വർണ്ണാഭരങ്ങളും 50,000 രൂപയുമാണ് കവർച്ച ചെയ്തത്. പുലിയന്നൂർ ചീർക്കളം വലിയ വീട്ടിൽ വി. വി. വിശാഖ് 30, ചീർക്കളംതലക്കാട്ട് വീട്ടിൽ ടി. ഹരീഷ് 23, ചീർക്കളം അള്ളറാട്ട് വീട്ടിൽ അരുൺ കുമാർ 28, എന്നിവരടങ്ങിയ സംഘമാണ് അധ്യാപികയെ കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർച്ച ചെയ്തത്. മുഖംമൂടി ധരിച്ചെത്തിയ സംഘത്തെ അധ്യാപിക തിരിച്ചറിഞ്ഞതാണ് കൊലയിലേക്ക് നയിക്കാനുണ്ടായ കാരണം.
ഡിസംബർ 13-ന് രാത്രി 9-15-ന് ജാനകി ടീച്ചറുടെ വീട്ടിലെത്തിയ സംഘം കോളിംഗ്ബെല്ലടിച്ചതിനെ തുടർന്ന് ടീച്ചറുടെ ഭർത്താവ് കൃഷ്ണൻ വീടിന് പുറത്തെത്തുകയും സംഘം കൃഷ്ണനെ ബന്ധിതനാക്കി കഴുത്തിൽ കുത്തുകയും ചെയ്തു. പിടിവലി കേട്ട് ഓടിയെത്തിയ ജാനകി ടീച്ചർ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഘാതകർ ജാനകിയെ പിടികൂടി കുത്തി വീഴ്ത്തിയത്.പോലീസിനെ വട്ടം കറക്കിയ കേസ്സിൽ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. ജി. സൈമണിന്റെ നേത്വത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് കേസ്സിലെ യാഥാർത്ഥ പ്രതികളെ കണ്ടെത്തിയത്. കേസ്സിലെ പ്രതികളിലൊരാളായ അരുൺകുമാറിനെ, ഗൾഫിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പോലീസ് പിടികൂടിയത്.
പ്രതികളിൽ ഒരാളുടെ പിതാവ് നൽകിയ സൂചനയാണ് കൊലയാളി സംഘത്തെ പിടികൂടാൻ സഹായകമായത്. ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. ജി. സൈമൺ, കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയിരുന്ന കെ. ദാമോദരൻ, നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, ചീമേനി എസ്ഐ, രമണൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പുലിയന്നൂർ കൊലപാതകം തെളിയിച്ചത്.
പുലിയന്നൂർ കൊലക്കേസ്സിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടറായിരുന്ന ഉണ്ണികൃഷ്ണനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസ്സിൽ 94 സാക്ഷികളെ കോടതി വിസ്തരിച്ചു. 212 രേഖകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. 54 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. കാസർകോട് പ്രിൻസിപ്പൽ സെഷൻസ്് ജഡ്ജ് അഹമ്മദ് കോയയാണ് കേസ്സിൽ വാദം കേട്ടത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ. ദിനേശൻ സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായി. കേസ്സിൽ റിമാന്റിലടക്കപ്പെട്ട പ്രതികൾ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ഇപ്പോഴും ജയിലിലാണ് ജില്ലയെ നടുക്കിയ കൊലപാതകം.