പി.എസ്.സി പരിഷ്കാരം ശ്രദ്ധിച്ചില്ലെങ്കിൽ പാളും

ജോലിഭാരവും ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പും കുറയ്ക്കുന്നതിനു വേണ്ടിയാണ് രണ്ട് ഘട്ടമായി പരീക്ഷ നടത്താൻ പി.എസ്.സി ഒരുങ്ങുന്നത്.

സാങ്കേതിക യോഗ്യത വേണ്ടാത്ത കെ.എ.എസ് പോലുള്ള തസ്തികകൾക്കൊഴികെ യു.പി.എസ്.സി – സ്റ്റാഫ് സെലക്‌ഷൻ മാതൃകയിൽ പ്രാഥമിക പരീക്ഷ നടത്തി വിജയികളെ മാത്രം മത്സരപ്പരീക്ഷയിൽ പങ്കെടുപ്പിക്കുന്ന രീതി വളരെ ശ്രദ്ധാപൂർവം നടപ്പാക്കിയില്ലെങ്കിൽ പി.എസ്.സിയുടെ ജോലിഭാരം പതിന്മടങ്ങാവുകയും ഉദ്യോഗാർത്ഥികളുടെ ദുരിതം കൂടുകയും ചെയ്യും. കൂടാതെ കോച്ചിംഗ് സെന്ററുകൾ പിടിമുറുക്കുകയും ചെയ്യും. വെളുക്കാൻ തേച്ചത് പാണ്ടാകാതെ സൂക്ഷിക്കണം.

ആയിരക്കണക്കിന് ഒഴിവുകളുള്ള തസ്തികകൾക്ക് (പ്രധാനമായും സബോർഡിനേറ്റ് സർവീസിലെ എല്ലാ വകുപ്പിലുമുള്ള തസ്തികകൾ) തെരഞ്ഞെടുപ്പിന് പ്രാഥമിക റൗണ്ട് ഒബ്‌ജക്‌ടീവ് പരീക്ഷ അധികമായി നടത്തണം.

ഉദ്യോഗാർത്ഥികൾ പിന്നീട് മെയിൻ പരീക്ഷയും എഴുതണം. അതാകട്ടെ പി.എസ്.സിക്കും ഉദ്യോഗാർത്ഥിക്കും കാലതാമസവും ചെലവും കൂട്ടാനേ ഉതകൂ.

എന്നാൽ ഈ നിർദ്ദേശം ഭേദഗതി ചെയ്ത് കുറെക്കൂടി സമഗ്രമാക്കിയാൽ, പി.എസ്.സിക്കും ഉദ്യോഗാർത്ഥിക്കും നിലവിലെ ജോലിഭാരം കുറയും. ക്ളാസ് IV, ക്ളാസ് lll തസ്തികകളിൽ വേഗതയിൽ നിയമനം നടത്താവുന്ന ഒരു സ്കീം സൃഷ്ടിക്കാൻ പ്രയാസമില്ല. നിലവിൽ മൂന്ന് തലത്തിലുള്ള (പത്താംതരം, പന്ത്രണ്ടാംതരം, ബിരുദം) സ്‌ക്രീനിംഗ് പരീക്ഷകളാണ് വാർഷി​കാടിസ്ഥാനത്തി​ൽ പി​.എസ്.സി​ ആലോചി​ക്കുന്നത്.

ഇത് വർഷത്തി​ൽ മൂന്ന് തവണയെങ്കി​ലും ആവർത്തി​ക്കുന്ന പൊതു പബ്ളി​ക് സർവീസ് യോഗ്യതാപരീക്ഷയായി​ പുനരാവി​ഷ്കരി​ക്കാം. 30 ശതമാനം ചോദ്യം പത്താംതരം , 30 ശതമാനം പന്ത്രണ്ടാംതരം, 30 ശതമാനം ബിരുദതലം എന്നിങ്ങനെ 200 ചോദ്യങ്ങളാവാം. നെഗറ്റീവ് മാർക്കുള്ള ഭാഷാപരിജ്ഞാനം, അടിസ്ഥാനഗണിതം, ഭരണഘടന, ലോജിക്ക്, എന്നിങ്ങനെ പൊതുവിജ്ഞാനം അളക്കുന്ന പരീക്ഷയിൽ ഏറ്റവും ഉയർന്ന യോഗ്യതയ്ക്കനുസരിച്ച് പ്രത്യേക സ്കോർ സൃഷ്ടിക്കണം.

പൊതു യോഗ്യതാ ടെസ്റ്റിന്റെ സ്കോർ, ഉയർന്ന തസ്തികയ്ക്കു വേണ്ട യോഗ്യതാ പരീക്ഷ (പത്താംതരം, ബി​രുദം ഇത്യാദി​)യുടെ 25 ശതമാനം വെയിറ്റേജ് ചേർത്ത് റാങ്ക്‌ ലിസ്റ്റ് സൃഷ്ടിക്കുന്ന രീതിയിൽ ചട്ടം മാറ്റണം.

ബോർഡ് – സർവകലാശാല മാർക്കുകൾ ഉദ്യോഗാർത്ഥികൾ കൂടുതൽ ഗൗരവമായി എടുക്കുകയും പൊതുപബ്ലിക് സർവീസ് പരീക്ഷ അവരുടെ മികവ് വസ്തുതാപരമായി വിശകലനം ചെയ്യുകയും ചെയ്യും.

അഭിമുഖം വേണ്ട തസ്തികകളിൽ 50 ശതമാനം പൊതുപരീക്ഷ സ്കോർ, 30 ശതമാനം അടിസ്ഥാന ഉയർന്ന യോഗ്യത സ്കോർ, 20 ശതമാനം അഭിമുഖം എന്നിങ്ങനെയും ക്രമീകരിക്കാം.

സർവകലാശാല അന്തിമ പരീക്ഷകളുടെ മാതൃകയിൽ വീണ്ടും പി.എസ്.സി ദീർഘ ഉത്തരങ്ങളുള്ള പരീക്ഷകൾ ആവർത്തിക്കുന്നതിൽ അർത്ഥമില്ല.

സാങ്കേതിക യോഗ്യതകൾ വേണ്ട തൊഴിലുകൾ ( എൻജിനിയറിംഗ്, ഫാർമസിസ്റ്റ് – ഡോക്ടർ) ക്കും ഇതേ രീതി 30 ശതമാനം പൊതുപരീക്ഷ, 50 ശതമാനം യോഗ്യത പരീക്ഷ, 20 ശതമാനം അഭിമുഖം എന്നിങ്ങനെ ക്രമീകരിച്ചാൽ വളരെവേഗം റാങ്ക് ലിസ്റ്റിലേക്കെത്താം.

ഒരു ഉദ്യോഗാർത്ഥിക്ക് പൊതുയോഗ്യത പരീക്ഷ മൂന്ന് തവണ എഴുതാനും കിട്ടുന്ന ഏറ്റവും ഉയർന്ന സ്കോർ തുടർന്നുള്ള മൂന്നുവർഷത്തെ സെലക്‌ഷനുകളിൽ ഉപയോഗിക്കാനുമുള്ള അനുമതി നൽകണം.

ചെറിയ ഫീസ് പൊതുപരീക്ഷക്ക് ഈടാക്കിയാൽ പി.എസ്.സി പരീക്ഷകൾ സർക്കാരിനു ചെലവില്ലാതെ നടത്താനുമാകും.

ദീർഘമായി ഉത്തരമെഴുതേണ്ട പരീക്ഷകൾ കെ. എ.എസ് പോലുള്ള പരീക്ഷകളിൽ മാത്രമായി ചുരുക്കാവുന്നതാണ്. ഒരു ഫാർമസിസ്‌റ്റിന്റെയോ ഓപ്ട്രോമെട്രീഷ്യന്റെയോ ഉപന്യാസ സിദ്ധിക്ക് തൊഴിലിൽ വലിയ പ്രസക്തിയൊന്നുമല്ല.

പൊതുവിജ്ഞാനം അളക്കുന്നതിനൊപ്പം ഭാഷാസിദ്ധി, പബ്ളിക് സർവീസിനു വേണ്ട വ്യക്തിഗുണങ്ങൾ, ആർജവം, ഉദ്യോഗാർത്ഥിയുടെ മനോനില എന്നിവയൊക്കെ അളക്കുന്ന രീതിയിൽ പി.എസ്.സി അഭിമുഖങ്ങളുടെ ഗുണനിലവാരം പരിഷ്കരിക്കണം. പി.എസ്.സി അംഗങ്ങളുടെ തിരഞ്ഞെടുപ്പും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

പി.എസ്.സി നിർദ്ദേശിക്കുന്ന പരിഷ്കാരങ്ങൾക്കുള്ള ദോഷം അത് നിലവിലെ പരീക്ഷകളുടെ എണ്ണവും ജോലിഭാരവും കൂട്ടി പി.എസ്.സിയിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതിലെത്തും എന്നുള്ളതാണ്.

കൂടുതൽ ഓട്ടോമേഷനും കുറച്ച് പരീക്ഷകളും ഉദ്യോഗാർത്ഥിയുടെ അക്കാഡമിക് റെക്കാഡും കണക്കിലെടുത്ത് റാങ്ക്‌ലിസ്റ്റിലെത്തിയാൽ ഇത് സമൂലമായി മെച്ചപ്പെടുത്താം.

LatestDaily

Read Previous

യു.എ.ഇ. കോവിഡ് 19 വാക്സിൻ പരിക്ഷണത്തിന് കാഞ്ഞങ്ങാട് കൊളവയൽ സ്വദേശി

Read Next

സർക്കാർ അപ്പീൽ തള്ളി, പെരിയ ഇരട്ടക്കൊല സിബിഐയ്ക്ക്