ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ടി. ജലീലിനെ ചോദ്യം ചെയ്തതിൽ സംശയകരമായ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, മന്ത്രിയുടെ മൊഴികൾ തൃപ്തികരമാണെന്നുമുള്ള എൻഫോഴ്്സ്മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തലോടെ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നടത്തിയ സമരങ്ങൾ അപ്രസക്തമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
കാള പെറ്റെന്ന് കേട്ടയുടനെ കയറെടുത്ത് ഓടിയവർ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ ലജ്ജാകരമാണെന്ന് പറയാതെ വയ്യ.
മന്ത്രിയെ എൻഫോഴ്്സ്മെന്റ് ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ വിചാരണയും വിധിയും പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ കക്ഷികൾ കേരളത്തിൽ നടത്തിയ സമരങ്ങൾ അമിതാവേശം മൂലമുണ്ടായതാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ പുറത്തു വരുന്നതിന് മുമ്പേ നാടെങ്ങും കലാപ സമാനമായ സാഹചര്യമുണ്ടാക്കിയവർ തങ്ങൾ ജീവിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയിലാണെന്ന് മറന്നു പോയവർ തന്നെയാണ്.
പല വിധത്തിലുള്ള സമരങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ നടന്ന സമരങ്ങൾ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തവർ നടത്തിയ സമരങ്ങളാണെന്ന് തന്നെ പറയേണ്ടിവരും.
ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണുണ്ടായിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്.
രോഗികളുടെ എണ്ണം ദിനംപ്രതി ആയിരങ്ങൾ കടക്കുമ്പോൾ സാഹചര്യത്തിന് അനുയോജ്യമായ സമരമുറകൾ തെരഞ്ഞെടുക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ ശ്രമിക്കാത്തതെന്തുകൊണ്ടാണെന്ന ചോദ്യം വളരെ പ്രസക്തവുമാണ്.
മന്ത്രി ജലീൽ സ്വർണ്ണക്കള്ളക്കടത്ത് നടത്തിയെന്ന ആരോപണവുമായാണ് മുസ്ലീം ലീഗടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളമുടനീളം സമരങ്ങൾ നടത്തിയത്.
സ്വന്തം പാർട്ടിയിലെ എംഎൽഏ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി ജനമധ്യത്തിൽ അപഹാസ്യനായി നിൽക്കുമ്പോഴാണ് ലീഗ് മന്ത്രിക്കെതിരെ ഇല്ലാത്ത സ്വർണ്ണക്കടത്ത് ആരോപിച്ച് സമരം നടത്തിയത്.
രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയാധികാരമുറപ്പിക്കാൻ ഏത് തന്ത്രവും പ്രയോഗിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ നിലവിൽ നടക്കുന്ന രാഷ്ട്രീയ പൊറാട്ട് നാടകങ്ങൾ അവനവന്റെ അന്തസ്സ് കളയുന്നവയും ജനവിരുദ്ധവുമാണെന്ന് നേതാക്കൾ ഓർക്കാതെ പോകരുത്.
അപഹാസ്യ സമരങ്ങൾ നടത്തുന്നവർ ഭൂലോക തോൽവിയാണെന്ന് ജനം വിധിയെഴുതിക്കഴിഞ്ഞാൽ ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്ഥാനം ജനാധിപത്യത്തിന്റെ പിന്നാമ്പുറങ്ങളിലായിരിക്കുമെന്ന് ഓർക്കുന്നത് നന്ന്.