മന്ത്രി ചന്ദ്രശേഖരന് എതിരെ മടിക്കൈയിൽ വികാരം കടുത്തു

കാഞ്ഞങ്ങാട്: റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ മൂന്നാം തവണയും കാഞ്ഞങ്ങാട് മണ്ഡലത്തിൽ ജനവിധി തേടുന്നതിന് എതിരെ അദ്ദേഹത്തിന്റെ പാർട്ടി സിപിഐയിൽ കടുത്ത വികാരം. പ്രതിഷേധം കത്തിപ്പടരുന്നതിനിടയിൽ ഇടതുമുന്നണി കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ മടിക്കൈയിലെ ബങ്കളം കുഞ്ഞികൃഷ്ണൻ സ്ഥാനം രാജിെവച്ചു.

1987-ൽ അന്നത്തെ ഹൊസ്ദുർഗ്ഗ് സംവരണ മണ്ഡലത്തിൽ നിന്ന് പള്ളിപ്രം ബാലൻ നിയമസഭയിലേക്ക് മൽസരിച്ചതുമുതൽ കാഞ്ഞങ്ങാട് മണ്ഡലം ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരുന്ന് ഏറ്റവുമൊടുവിൽ, 2015-ൽ ഇ. ചന്ദ്രശേഖരൻ രണ്ടാമങ്കത്തിന് മൽസരിച്ച നാൾ തൊട്ട് ഇന്നലെ വരെ മണ്ഡലം ഇടതുമുന്നണി കൺവീനറായി പ്രവർത്തിച്ച ബങ്കളം കുഞ്ഞികൃഷ്ണൻ പത്തു വർഷക്കാലമായി സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്.

കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് ഇത്തവണ മൽസരിക്കാൻ കുഞ്ഞികൃഷ്ണൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ഇ. ചന്ദ്രശേഖരന്റെ മൂന്നാമങ്കം കുഞ്ഞികൃഷ്ണന് വിനയായി. ഇന്നലെ കാഞ്ഞങ്ങാട് ടൗൺ ഹാളിൽ ചേർന്ന ഇടതുമുന്നണി കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷനിൽ ബങ്കളം കുഞ്ഞികൃഷ്ണൻ കാഴ്ചക്കാരനായിരുന്നു. ചന്ദ്രശേഖരന്റെ മൂന്നാമങ്കത്തിൽ പ്രതിഷേധിച്ച് മടിക്കൈ സിപിഐയുടെ പത്ത് ബ്രാഞ്ച് സിക്രട്ടറിമാരും പദവി രാജി വെച്ചതായി ലോക്കൽ സിക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.

ചന്ദ്രശേഖരൻ നീണ്ട അഞ്ചു വർഷക്കാലം മന്ത്രിപദവിയിലിരുന്നിട്ടും മടിക്കൈയിൽ ആരംഭിക്കാൻ സ്ഥലം കണ്ടെത്തിയ മാംസ സംസ്ക്കരണ ഫാക്ടറിയും, മടിക്കൈ ഗുരുവനം കുന്നിൽ അക്വയർ ചെയ്തുവെച്ച 91 ഏക്കർ ഭൂമിയിൽ വ്യവസായ പാർക്കും യാഥാർത്ഥ്യമാക്കിയില്ലെന്നാണ് മടിക്കൈയിലെ സിപിഐ പ്രവർത്തകരുടെയും പ്രാദേശിക നേതാക്കളുടെയും മുഖ്യ ആരോപണം. ഈ രണ്ട് പദ്ധതികളും യാഥാർത്ഥ്യമായിരുന്നുവെങ്കിൽ, ചുരുങ്ങിയത് 400 പേർക്കെങ്കിലും ജോലി ലഭിക്കുമായിരുന്നുവെന്ന് മടിക്കൈയിലെ സിപിഐ പ്രവർത്തകർ ഒന്നടങ്കം ആണയിടുന്നു.

ഈ ആരോപണങ്ങൾ പാർട്ടി വേദികളിൽ നിരവധി തവണ ഉന്നയിച്ചിട്ടും, മന്ത്രി ചന്ദ്രശേഖരനിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് സിപിഐ വൃത്തങ്ങൾ ലേറ്റസ്റ്റിനോട് പറഞ്ഞു. മാംസ സംസ്ക്കരണ ഫാക്ടറിയും, വ്യവസായ പാർക്കും യാഥാർത്ഥ്യമാക്കാൻ എത്രയോ തവണകൾ താൻ തലസ്ഥാനത്ത് ബന്ധപ്പെട്ട ഓഫീസുകൾ കയറിയിറങ്ങിയെന്നും, മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ തണുത്ത പ്രതികരണമാണ് ഇരു പദ്ധതികളും എങ്ങുമെത്താതാക്കിയതെന്നും ബങ്കളം കുഞ്ഞികൃഷ്ണൻ തുറന്നു പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ മടിക്കൈ സിപിഐയിലുണ്ടായ അന്തഃഛിദ്രം ചന്ദ്രശേഖരന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ഏതു വിധത്തിൽ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയണം.

LatestDaily

Read Previous

ന്യൂമോണിയ ബാധിച്ച് പടന്നക്കാട് സ്വദേശി ഷാർജയിൽ മരിച്ചു

Read Next

ഫോട്ടോഷൂട്ട് വിലക്കി കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു