സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് പ്രമുഖർ പുറത്ത്

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിലിലേക്കുള്ള മത്സരത്തിൽ പ്രമുഖർ പരാജയപ്പെട്ടു. മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി.രാജു, എ.എൻ.സുഗതൻ, എം. ടി. നിക്സൺ, ടി. സി സഞ്ജിത്ത് പരാജയപ്പെട്ടു. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ എംഎൽഎ ജി.എസ് ജയലാലിനെ ഉൾപ്പെടുത്തിയിരുന്നില്ല. നേരത്തെ സഹകരണ ആശുപത്രി വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്താക്കിയിരുന്നു. ഇത്തവണ ജയലാലിനെ തിരിച്ചെടുക്കാതെ ഒഴിവാക്കുകയായിരുന്നു.

അതേസമയം, സി.പി.ഐ സംസ്ഥാന കൗൺസിലിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ സി.ദിവാകരൻ തിരിച്ചടി നേരിട്ടു. ഉയർന്ന പ്രായപരിധിയായ 75 വയസ്സ് നടപ്പാക്കാൻ തലസ്ഥാന ജില്ലാ കമ്മിറ്റി തീരുമാനിച്ചതിനെ തുടർന്നാണിത്. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.

ഇടുക്കിയില്‍ നിന്നും സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്‍ എം എല്‍എ ഇ എസ് ബിജിമോളെ ഒഴിവാക്കി,സംസ്ഥാന കൗൺസിലേക്കുള്ള പട്ടികയിൽ ഉൾപെടുത്താന്‍ തയ്യാറാകാതിരുന്ന ഇടുക്കി ജില്ല ഘടകം അവരെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായും നിർദേശിച്ചില്ല. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയിരുന്നു.പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശനം. അതേസമയം, ബിജിമോൾക്ക് എല്ലാം നൽകിയ പാർട്ടിയെക്കുറിച്ച് ഇത്തരത്തിൽ വിമര്‍ശനം ഉന്നയിച്ചത് ദൗർഭാഗ്യകരമായിപോയെന്നായിരുന്നു ജില്ലാ നേത്വത്തിന്‍റെ നിലപാട്. സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഈ അതൃപ്തി പ്രതിഫലിച്ചു എന്നാണ് വിലയിരുത്തല്‍.

K editor

Read Previous

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും

Read Next

ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാലയിൽ പ്രവേശന നടപടികൾ ആരംഭിച്ചു