ഫാസിൽ വധത്തിൽ മംഗളൂരുവിൽ നിരോധനാജ്ഞ തുടരുന്നു; 11 പേരെ കൂടി കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: മംഗളൂരു സൂറത്കൽ സ്വദേശി ഫാസിലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. അതേസമയം, കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലുള്ള 21 പേരെയും ചോദ്യം ചെയ്തു വരികയാണ്. ഇവരിൽ ആർക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലെന്നാണ് സൂചന.

സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉടൻ പ്രാഥമിക അന്വേഷണം ആരംഭിച്ചേക്കും. ഇന്നലെയാണ് കർണാടക സർക്കാർ കേസ് എൻഐഎയ്ക്ക് കൈമാറിയത്. കേസിൽ രണ്ട് പേർ അറസ്റ്റിലായി.

രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മംഗളൂരു നഗരത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. അവശ്യ സർവീസുകൾ ഒഴികെയുള്ള രാത്രിയാത്രകൾക്ക് നിയന്ത്രണങ്ങളുണ്ട്. വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ അടച്ചിടണം. ദീർഘദൂരം യാത്ര ചെയ്യുന്നവർ ടിക്കറ്റ് കൈവശം കരുതണം. കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും കേരള പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

Read Previous

രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്: പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കും

Read Next

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും