ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ ഡെപ്യൂട്ടേഷൻ ഒരു വർഷത്തേക്ക് നീട്ടി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ തസ്തികയാണ് നീട്ടിയത്. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസിനെ നിയമിച്ചത് വിവാദമായിരുന്നു. യു.ജി.സി ചട്ടപ്രകാരം എട്ട് വർഷത്തെ അധ്യാപന പരിചയമില്ലാത്ത പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയുടെ മലയാളം ഡിപ്പാർട്ട്മെന്റിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് പരാതിയിൽ പറയുന്നത്. പ്രിയാ വർഗീസ് ഇപ്പോൾ കേരള വർമ്മ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ്.
പ്രിയാ വർഗീസിനെ അധ്യാപികയായി നിയമിച്ചത് നിയമവിരുദ്ധമാണെന്ന പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയിരുന്നു. അടിയന്തരമായി വിശദീകരണം നൽകാൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ നിർദേശം നൽകിയിരുന്നു. സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വി.സിയോട് വിശദീകരണം തേടിയത്.
ജൂൺ 27 നാണ് പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത്. മതിയായ യോഗ്യതകളില്ലാതെയാണ് പ്രിയയെ നിയമിച്ചതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് നിയമോപദേശം തേടിയ ശേഷമാണ് സിൻഡിക്കേറ്റ് നിയമനത്തിന് സർവകലാശാല അംഗീകാരം നൽകിയത്.