സ്വകാര്യ ബസ്് സർവ്വീസ് മേഖല പ്രതിസന്ധിയിൽ

ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിനെത്തുടർന്ന് സ്വകാര്യ ബസ്സുകൾക്ക് ഓടാൻ അനുമതി ലഭിച്ചെങ്കിലും സ്വകാര്യ ബസ്് സർവ്വീസുകൾ പലയിടത്തും നാമമാത്രമാണ്.  ലോക്ക്ഡൗൺ സാഹചര്യത്തിൽ ബസുകളിൽ യാത്രക്കാർ കുറവായതാണ് സ്വകാര്യ ബസ് മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. എല്ലാ സീറ്റുകളിലും മുഴുവൻ ആൾക്കാർക്കും ഇരുന്നു യാത്ര ചെയ്യാനുള്ള അനുമതി ലഭ്യമായിട്ടും സ്വകാര്യ ബസുകളിൽ യാത്രക്കാർ തീരെ കുറവാണ്. യാത്രക്കാർ കുറവായതിനാൽ വിവിധ ജില്ലകളിൽ സ്വകാര്യ ബസുകൾ ഇപ്പോഴും ഷെഡിൽ തന്നെ കിടക്കുകയാണ്. നിലവിലത്തെ സാഹചര്യത്തിൽ തീർത്തും ലാഭകരമല്ലാത്ത രീതിയിലാണ് സ്വകാര്യ ബസ് സർവ്വീസുകൾ നടക്കുന്നത്.  മിക്ക ബസുകളിലും ക്ലീനർ ജോലി തന്നെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് 12,500 സ്വകാര്യ ബസുകളാണ് നിലവിലുള്ളത്. ഇവയിൽ 9000 ബസുകൾ മാത്രമാണ് ഇപ്പോൾ നിരത്തിലിറങ്ങിയത്. ബാക്കി വരുന്ന ബസുകൾ ഓടുന്നില്ല. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സുകളുടെ എണ്ണം വരും ദിവസങ്ങളിൽ കുറയാനാണ് സാധ്യത. സ്വകാര്യ ബസ്സുകൾക്ക് ഏപ്രിൽ,മെയ്, ജൂൺ മാസങ്ങളിലെ നികുതി ഒഴിവാക്കി നൽകിയിരുന്നു. നികുതിയിളവിന്റെ കാലാവധി ജൂൺ മാസം 30-ന് അവസാനിക്കും. ഈ നികുതിയിളവ് കുറച്ചുകാലം കൂടി നൽകിയില്ലെങ്കിൽ സ്വകാര്യ ബസ് സർവ്വീസ് മേഖല വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തും.

ബസ് ചാർജ്ജിൽ വർദ്ധനവ് വേണമെന്ന ആവശ്യം ദീർഘകാലമായി ബസുടമകൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും, നിലവിലത്തെ സാമ്പത്തിക സാഹചര്യത്തിൽ സർക്കാർ പൊതുജനത്തിന് മേൽ മറ്റൊരു ഭാരം കൂടി കെട്ടിവെയ്ക്കുമെന്ന് കരുതാൻ വയ്യ. അടിക്കടിയുണ്ടാകുന്ന ഇന്ധന വില വർദ്ധനവ് മൂലം ബസ് ചാർജ്ജ് വർദ്ധനവല്ലാതെ സ്വകാര്യ ബസുടമകൾക്ക് മുന്നിൽ മറ്റൊരു വഴിയുമില്ല. യാത്രക്കാർ കുറഞ്ഞതോടെ വരുമാനവും കുറയുമെന്നതിനാൽ ബസുടമകളിൽ പലരും സർവ്വീസ് നിർത്തിവെയ്ക്കാനാണ് ആലോചിക്കുന്നത്.

അടിയന്തിരമായി നികുതിയിളവുകൾ നൽകുകയോ, ഇന്ധനത്തിന് സബ്സിഡി അനുവദിക്കുകയോ ചെയ്യാത്ത പക്ഷം ജൂൺ 30-ന് ശേഷം ബസ് സർവ്വീസ് നിർത്തിവെയ്ക്കാനാണ് ബസ്സുടമകളുടെ സംഘടന ആലോചിക്കുന്നത്. നിലവിലെ മാനദണ്ഡങ്ങളനുസരിച്ച് സർവ്വീസ് നടത്താനാകില്ലെന്നാണ് തീരുമാനം. കോവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ പഴയതുപോലെ യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്രകൾക്ക് സർക്കാർ എന്തായാലും അനുമതി നൽകുമെന്ന് കരുതാൻ വയ്യ.

LatestDaily

Read Previous

ഭരണകൂട ഭീകരത അഴിഞ്ഞാടുന്ന യുഎസ്

Read Next

വകാര്യവത്‌കരണത്തിന്റെ കാണാപ്പുറങ്ങൾ