ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂ ഡൽഹി: ഹോസ്റ്റലിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പഞ്ചാബിലെ ചണ്ഡീഗഡിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. സംഭവത്തിൽ പോലീസ് കേസെടുത്തു. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.
പഞ്ചാബിലെ മൊഹാലിയിലെ ചണ്ഡീഗഡ് സർവകലാശാല ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിൽ ഒപ്പമുള്ളവരുടെ സ്വകാര്യ ചിത്രങ്ങൾ വിദ്യാർത്ഥിനി ഓൺലൈനിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് നിരവധി പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധിക്കുകയാണ്. ഒരു പെൺകുട്ടിയെ തലകറങ്ങിവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കോളേജ് അധികൃതർ അറിയിച്ചു. പ്രൈവറ്റ് മാനേജ്മെന്റിന് കീഴിലുള്ള ഒരു സർവ്വകലാശാലയാണിത്. മരണമോ ആത്മഹത്യാ ശ്രമമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഊഹാപോഹങ്ങൾ വിശ്വസിക്കരുതെന്നും മൊഹാലി പൊലീസ് പറഞ്ഞു.
സംഭവം അങ്ങേയറ്റം അപമാനകരമാണെന്ന് പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. വിഷയത്തിൽ വിദ്യാർത്ഥികൾ സമാധാനപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ‘ചണ്ഡീഗഡ് സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥിനി ഹോസ്റ്റലിൽ കൂടെയുള്ളനിരവദി വിദ്യാർത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചിരിക്കുകയാണ്. വിഷയം വളരെ ഗൗരവമുള്ളതും അപമാനകരവുമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇരകൾ സംയമനം പാലിക്കുകയും ധൈര്യം കാണിക്കുകയും വേണം. ഞങ്ങളെല്ലാവരും ഒപ്പമുണ്ട്. എല്ലാവരും ക്ഷമയോടെയിരിക്കണം’, കെജ്രിവാൾ ട്വീറ്റ് ചെയ്തു.