‘ശ്രീലങ്കൻ പ്രസിഡന്റിന്റെ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിടേണ്ടിവരും’

കൊൽക്കത്ത: ശ്രീലങ്കൻ പ്രസിഡന്റിന്റെ അതേ ഗതി തന്നെയായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടാവുകയെന്ന് തൃണമൂൽ കോൺഗ്രസ്‌ എംഎൽഎ ഇദ്രിസ് അലി. ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് ഔദ്യോഗിക വസതിയിൽ ആളുകൾ തടിച്ചുകൂടിയതിനെ തുടർന്നാണ് അദ്ദേഹം രാജ്യം വിട്ടത്. കൊൽക്കത്തയിലെ സീൽദാ മെട്രോ സ്റ്റേഷന്‍റെ ഉദ്ഘാടനത്തിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിക്കാത്തതിന് പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം.

പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 11ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിർവ്വഹിക്കും. റെയിൽവേ മന്ത്രിയായിരിക്കെ പദ്ധതിക്ക് മുൻകൈയെടുത്ത മമത ബാനർജിയെ ക്ഷണിക്കാത്തത് അനീതിയാണെന്ന് ഇദ്രിസ് അലി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ തൃണമൂൽ കോൺഗ്രസിന് പ്രതിനിധ്യം ലഭിക്കാത്തതിൽ പാർട്ടി പ്രതിഷേധിക്കുകയാണ്. നേരത്തെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന മറ്റൊരു പരിപാടിയിലേക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നില്ല.

വിഭജന രാഷ്ട്രീയം കേന്ദ്ര സർക്കാർ കളിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ്‌ ആരോപിച്ചു. അതേസമയം തൃണമൂൽ കോൺഗ്രസ്‌ ആണ് ഈ രീതിക്ക് തുടക്കമിട്ടതെന്ന് ബിജെപി തിരിച്ചടിച്ചു. തങ്ങളുടെ എം.എൽ.എമാരെയും എം.പിമാരെയും സംസ്ഥാന സർക്കാരിന്റെ പരിപാടികളിലേക്ക് ക്ഷണിക്കുന്നില്ലെന്നാണ് ബി.ജെ.പിയുടെ പരാതി.

K editor

Read Previous

‘വിലക്കയറ്റത്തിനെതിരെ ശിവന്റെ വേഷത്തില്‍ പ്രതിഷേധം’

Read Next

പെരുന്നാൾ മധുരം; വാഗ അതിർത്തിയിൽ മധുരം കൈമാറി ഇന്ത്യ – പാക് സൈനികർ