ന്യായാധിപര്‍ അന്യായം പറയുമ്പോള്‍

എത്ര ഇരുട്ടിന്‍‍ ശക്തികള്‍ രാക്ഷസ മുഷ്ടി ചുരുട്ടി വന്നാലും’ ചെറുക്കും എന്ന് കവിതയിലൂടെ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും വിപ്ലവബോധത്തെ തൊട്ടുണര്‍ത്തി വിളിച്ച കണിയാപുരം രാമചന്ദ്രന്‍ ‘ജനരോഷാഗ്നി ജ്വാലകളില്‍ ആ രാക്ഷസമുഷ്ടികള്‍ കത്തിയമരു‘മെന്നും കാവ്യശകലങ്ങളിലൂടെ പറഞ്ഞും പാടിയും പഠിപ്പിച്ചു.

ഇന്നത്തെ ആ ദുരന്തവര്‍ത്തമാനകാലത്ത് ജുഡീഷ്യറി പോലും ഭരണകൂട ആശംസതയുടെ കാല്‍ക്കീഴില്‍ അമര്‍ന്നുപോകുമ്പോള്‍, മുഖ്യ ന്യായാധിപന്മാര്‍ പോലും ഭരണകൂടമേധാവികളുടെ മുട്ടിലിഴയുമ്പോള്‍ ജനാധിപത്യം എത്രമാത്രം ആപത്ക്കര സന്ധിയില്‍ ചെന്നുപെട്ടിരിക്കുന്നു എന്ന് നാം മൂക്കത്ത് വിരൽവച്ച് ആശ്ചര്യപ്പെട്ടിരിക്കുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.

ജഡ്ജിമാരെയും കോടതിയെയും വിധിപ്രസ്താവങ്ങളെയും വിമര്‍ശിച്ചാല്‍, എതിര്‍ പ്രസ്താവന നടത്തിയാല്‍, അവര്‍ കൊടും കുറ്റവാളികളാവുന്ന അത്യന്തം അപകടകരമായ കാലം ഇപ്പോള്‍ ഇവിടെ, ഇന്ത്യന്‍ മണ്ണില്‍ സംജാതമായിരിക്കുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് നേരെയുള്ള കോടതി അലക്ഷ്യ നടപടി ഇന്ത്യന്‍ ജുഡീഷ്യറി എത്രമേല്‍ ഭരണകൂട അടിമവ്യവസ്ഥയില്‍ ചെന്ന് പെട്ടിരിക്കുന്നു എന്ന വീണ്ടുവിചാരത്തിന് ജനാധിപത്യ ഇന്ത്യയെ പ്രേരിപ്പിക്കുന്നുണ്ട്.

പതിനൊന്നു കൊല്ലം മുമ്പ് പ്രശാന്ത് ഭൂഷണ്‍ നടത്തിയ പരാമര്‍ശം പോലും തപ്പിയെടുത്ത് വിചാരണ നടത്തുകയാണ്.

പ്രശാന്ത് ഭൂഷണ് നേരെയുള്ള കോടതിയലക്ഷ്യ വിഷയത്തില്‍ സുപ്രീം കോടതി. പരിസ്ഥിതി സംരക്ഷണത്തിനും വിവരാവകാശ നിയമാവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം പോരാടിയ അഭിഭാഷകനാണ് പ്രശാന്ത് ഭൂഷണ്‍.

ഒരു വിമര്‍ശന ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ അദ്ദേഹത്തെ കൊടും കുറ്റവാളിയെന്ന മട്ടില്‍ ഉന്നത നീതിപീഠം മുദ്രകുത്തി വിചാരണ ചെയ്യുന്നത് തീര്‍ത്തും ആശ്ചര്യകരം തന്നെ.

1987 ല്‍ കേരളശബ്ദം വാരികയില്‍ കണിയാപുരം എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘കള്ളന്മാരും ജഡ്ജിമാരും’ എന്നായിരുന്നു. ന്യായാധിപന്മാര്‍ തന്നെ കള്ളന്‍മാരാകുന്ന വിചിത്ര പ്രതിഭാസത്തെക്കുറിച്ചാണ് രണ്ടര പതിറ്റാണ്ട് മുമ്പ് അദ്ദേഹം എഴുതിയത്. ഇന്ന് പ്രശാന്ത് ഭൂഷണും ആ ശബ്ദമാണ് ഉയര്‍ത്തിയത്. നമ്മുടെ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെ പല ന്യായാധിപന്മാരും അഴിമതിയുടെ ചളിക്കുണ്ടില്‍ അറിഞ്ഞോ അറിയാതെയോ പതിച്ചുപോയിട്ടുണ്ടെന്ന നഗ്നസത്യം വിളിച്ചു പറയുന്നതില്‍ എന്താണ് ഇത്രമേല്‍ അപരാധം? ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് കര്‍ക്കശിക്കുന്ന ഉന്നത നീതിപീഠത്തില്‍ മുഖ്യ ന്യായാധിപന്‍ തന്നെ അത്യാധുനിക ബൈക്കില്‍ ഹെല്‍മറ്റില്ലാതെ ഇരുന്ന് ചിത്രമെടുക്കാന്‍ അഭിനയിക്കുന്ന ദൃശ്യം പകര്‍ത്തി വിമര്‍ശിച്ചത് ഒരു മഹാപാതകമോ?

നരേന്ദ്രമോഡിയെ വാഴ്ത്തി പാടിയ ന്യായാധിപന്‍, കോരിത്തരിപ്പിച്ച അരുണ്‍ മിശ്ര അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് പ്രശാന്ത് ഭൂഷണിനെതിരെ വിചാരണ നിര്‍ദ്ദേശിച്ചത്. ന്യായാധിപരും കോടതികളും വിമര്‍ശനാതീതരാണോ എന്ന ചോദ്യമാണ് ഇക്കാലത്ത് പ്രസക്തമാവുന്നത്. ബ്രിട്ടീഷ് മേധാവികളുടെ ന്യായാധിപാസ്ഥനങ്ങളല്ല സ്വതന്ത്ര ഇന്ത്യയിലേത് എന്ന് നമ്മുടെ ന്യായാധിപര്‍ ന്യായമായും ചിന്തിക്കണം.

തങ്ങളെ, തങ്ങളുടെ വിധിപ്രസ്താവങ്ങളെ ആരും വിമര്‍ശിക്കരുത് എന്ന തന്‍മേധാവിത്വം പ്രകടിപ്പിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയോടും അത് അനുവദിക്കുന്ന ജനാധിപത്യ അവകാശങ്ങള്‍ക്കും നേരെ ഫോര്‍ത്ത് എസ്റ്റേറ്റിലെ മുഖ്യ ഘടകമായ നീതിപീഠമുയര്‍ത്തുന്ന അന്യായമായ വെല്ലുവിളിയാണ്.

പല ചീഫ് ജസ്റ്റിസുമാരും അഴിമതിക്കാരും കളങ്കിതരുമാണെന്ന് പ്രശാന്ത് ഭൂഷണ്‍ അല്ല ഏത് പൗരന്‍ പറഞ്ഞാലും ആര്‍ക്കാണ് അവരെ വേട്ടയാടുവാന്‍ അവകാശമുള്ളത്? സ്ത്രീപീഡന ആക്ഷേപം ഉന്നയിക്കപ്പെട്ട ചീഫ് ജസ്റ്റിസ് തന്നെ തനിക്കെതിരായ കേസ് പരിഗണിക്കുന്ന വേളയില്‍ കോടതി ബെഞ്ചിനെ നയിക്കുന്നത് ഇന്ത്യ കണ്ടില്ലേ? പള്ളി പൊളിച്ചത് തെറ്റ്.

അതിന് നേതൃത്വം നല്കിയവര്‍ കുറ്റവാളികള്‍ എന്നു പറഞ്ഞതിനു ശേഷം അയോധ്യയില്‍ പള്ളി-ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് അമ്പലം പണിയാം എന്ന് വിരമിക്കലിനു തൊട്ടുമുമ്പ് വിധി പ്രസ്താവം നടത്തിയതും അതേ ചീഫ് ജസ്റ്റിസ്‍ തന്നെ.

പ്രത്യുപകാരം അദ്ദേഹത്തിന് കിട്ടാതിരുന്നില്ല. രാജ്യസഭയിലേക്ക് പ്രത്യേക ക്ഷണിതാവംഗമായി അദ്ദേഹത്തെ മോ­ഡി സര്‍ക്കാര്‍ നിയോഗിച്ചു.

പൗരാവകാശത്തിനു വേണ്ടി മതനിരപേക്ഷ സംരക്ഷണത്തിനു വേണ്ടി ശബ്ദിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കാരാഗൃഹത്തിലടച്ച ഭരണകൂട ഭീകരതയെ നിശബ്ദം, നിസ്സംഗ പൂർവ്വം പിന്തുണച്ച ന്യായാധിപ കേസരികളാണ് ഇന്ന് ഇന്ത്യയില്‍ നാം കാണുന്നത്.

ജാമ്യാപേക്ഷയുമായി ചെന്നവരോട് നിങ്ങള്‍ എന്തിന് ജയിലില്‍ നിന്ന് പുറത്തുപോകണം, ശ്രീകൃഷ്ണന്‍ ജനിച്ചത് കാരാഗൃഹത്തിലല്ലേ എന്ന് ചോദിക്കുന്ന ചീഫ് ജസ്റ്റിസാണ് ഇന്ന് രാജ്യത്തുള്ളത്.

രാമനെ അടവിയിലേക്ക് അയച്ച ദുര്‍ഭരണകൂട വ്യവസ്ഥ ഇന്ന് രാമനെ രാഷ്ട്രീയായുധമാക്കി ഫാസിസ്റ്റ് ദുര്‍മന്ത്രവ്യവസ്ഥകള്‍ നടപ്പാക്കുമ്പോ­ള്‍ നമ്മുടെ ഉന്നത നീതിപീഠത്തിലെ മുഖ്യ ന്യായാധിപര്‍ പോ­ലും മുട്ടിലിഴഞ്ഞ് ഭരണ കൂടസിംഹങ്ങള്‍ക്ക് ദാസ്യപണിയെടുക്കുന്ന ദുരന്തകാലമാണിത്.

ഇതെഴുതുമ്പോള്‍ സുപ്രീംകോടതി പ്രശാന്ത് ഭൂഷണിന് ശിക്ഷ വിധിക്കുവാനുള്ള വിചാരണ നടത്തിക്കൊണ്ടിരിക്കുകയാണ്. മോഡിയെ സ്തുതിച്ച് ആത്മനിര്‍വൃതിപൂണ്ട അരുണ്‍മിശ്ര ‘ലക്ഷ്മണരേഖ’ പ്രശാന്ത് ഭൂഷണ്‍ ലംഘിച്ചുവെന്ന മുൻവിധിയോടെ വാദപ്രതിവാദത്തിന് കാര്‍മ്മികത്വം വഹിക്കുകയാണ്.

ഒരു ദയയ്ക്കുവേണ്ടിയും കേഴുകയില്ലെന്നും മാപ്പപേക്ഷിച്ച് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉച്ചത്തില്‍ വിളിച്ചു പറയുന്ന പ്രശാന്ത് ഭൂഷണ്‍ ഇന്ത്യന്‍ നിയമനീതിന്യായ വ്യവസ്ഥയുടെ മൂല്യങ്ങളാണ് അടയാളപ്പെടുത്തുന്നത്.

‘കള്ളന്‍മാരും ജഡ്ജിമാരും’ എന്ന് കണിയാപുരം എഴുതിയത് എത്രമേല്‍ അന്വര്‍ത്ഥം എന്ന് ഇക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

LatestDaily

Read Previous

3 ലക്ഷം മലയാളികൾ തിരിച്ചെത്തി

Read Next

ആഘോഷം അതിരുകടക്കരുത്