പ്രദീപ് കോട്ടത്തലയ്ക്ക് ജാമ്യം കാര്യമായ തെളിവുകളില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ

കാഞ്ഞങ്ങാട്: ചലച്ചിത്ര നടി ആക്രമണക്കേസ്സിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ് കുമാർ എംഎൽഏയുടെ സിക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ബി. കരുണാകരൻ ഇന്ന് ജാമ്യമനുവദിച്ചു.

പ്രതിക്ക് ജാമ്യമനുവദിക്കരുതെന്ന് പോലീസിന്റേയും പ്രോസിക്യൂട്ടറിന്റെയും വാദം തള്ളിയാണ് പ്രദീപിന് കോടതി ജാമ്യമനുവദിച്ചത്.  പ്രദീപ് കുമാർ സമർപ്പിച്ച ജാമ്യഹരജിയിൽ കോടതി നടപടികൾ ഇന്നലെ അര മണിക്കൂറിലേറെ നീണ്ടിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12-30 മണിയോടെയാണ് പ്രദീപിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനക്കെത്തിയത്. അദ്ദേഹത്തിന്റെ അഭിഭാഷകൻ പി. പ്രേംരാജൻ, ശക്തമായ വാദമുയർത്തി പ്രദീപിന് ജാമ്യം ലഭിക്കാൻ അവകാശമുണ്ടെന്ന് വാദിച്ചു.

മാധ്യമശ്രദ്ധയ്ക്ക് വേണ്ടി പോലീസ് ഉദ്യോഗസ്ഥർ കേസ്സ് പർവ്വതീകരിക്കുകയാണെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ ഖണ്ഡിച്ച് പ്രതിക്ക് ജാമ്യം നൽകരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ശൈലജ മഠത്തിൽ വാദിച്ചു.

പ്രതി ജാമ്യത്തിലിറങ്ങിയാൽ, കേസ്സിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. കള്ളപ്പേരിലാണ് പ്രദീപ് എല്ലായിടത്തും എത്തിയതെന്നും, അതുകൊണ്ട് തന്നെ പ്രതി കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് എത്തിയതെന്നതിന്റെ തെളിവാണിതെന്നും പ്രോസിക്യൂട്ടർ വാദിച്ചു.

എന്നാൽ അർണ്ണബ് ഗോസാമി കേസ്സിൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിൽ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് സുപ്രീകോടതി പ്രത്യേക മാർഗ്ഗ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, പ്രദീപ് നാല് ദിവസം പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യപ്പെട്ടുവെന്നും, അതിന് മുമ്പ് ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് മൊഴിയെടുത്തുവെന്നും പ്രതിഭാഗം അഭിഭാഷകൻ ബോധിപ്പിച്ചു.

പ്രദീപിനെതിരെ ഒരു തെളിവുമില്ല. ഭീഷണിപ്പെടുത്തിയതായി രണ്ട് കത്തുകൾ അയച്ചുവെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ തെളിവായി പറയുന്നത്. പ്രതിഭാഗം ഇന്നലെ കോടതിയിൽ പറഞ്ഞു.

LatestDaily

Read Previous

ജില്ലാ ആശുപത്രി പൂർവ്വ സ്ഥിതിയിൽ സൂപ്പർ സ്പെഷ്യാലിറ്റിയായി ഉയർത്താനുള്ള പോരാട്ടം തുടരും: ജനകീയ കർമ്മ സമിതി

Read Next

ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി