ഹജ്ജ് നിബന്ധനകൾ പ്രഖ്യാപിച്ചു വിദേശികൾക്കും ഹജ്ജിന് അവസരം ലഭിച്ചേക്കും

കാഞ്ഞങ്ങാട്: വിശുദ്ധ ഹജ്ജിന് ഇത്തവണ വിദേശികൾക്കും അവസരം നൽകുമെന്ന സൂചന നൽകി ഹജ്ജ് നിബന്ധനകൾ പ്രഖ്യാപിച്ചു. സൗദിക്കകത്ത് നിന്നുള്ള ആഭ്യന്തര ഹജ്ജാജികളും വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഹാജിമാരും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളാണ് ഇപ്പോൾ സൗദി ഹജ്ജ്‑ ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്.

സൗദിക്കകത്ത് നിന്നുള്ളവർക്കും വിദേശത്ത് നിന്നുള്ളവർക്കും കോവിഡ് വാക്സിൻ എടുക്കൽ നിർബന്ധമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന്റെ ഒരാഴ്ച മുമ്പ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. യാത്രയുടെ 42 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രക്കാർക്ക് നിർബന്ധമാണ്. സൗദിയിലെത്തിയാൽ 72 മണിക്കൂർ ക്വാറന്റൈനിൽ കഴിയണം.

തുടർന്ന് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തിയാലെ പുറത്തിറങ്ങുവാൻ സാധ്യമാവുകയുള്ളൂ. ആഭ്യന്തര ഹാജിമാർ ദുൽഹജ്ജ് ഒന്നിന് കോവിഡ് വാക്സിനും എടുത്തിരിക്കണം. ഹജ്ജ്് ജോലിക്കായി എത്തുന്നവർ ജോലി തുടങ്ങും മുമ്പേ സൗദി ഭരണകൂടം അംഗീകരിച്ച കോവിഡ് വാക്സിൻ ഒരാഴ്ചക്ക് മുമ്പായി എടുക്കണം. ദുൽഹജ്ജ് 1 ന് മുമ്പായി മക്കയിലെയും, മദീനയിലേയും പുണ്യ നഗരിയിലെ മുഴുവൻ പേർക്കും വാക്സിൻ എടുക്കൽ നിർബന്ധമാണ്. മാസ്ക്കും സാമൂഹിക അകലവും എല്ലാവർക്കും ബാധകമായിരിക്കും.

കഴിഞ്ഞ വർഷം സൗദിക്കകത്തുള്ള വിദേശികളുൾപ്പടെ തദ്ദേശീയരായ ആയിരം പേർക്ക് മാത്രമെ കോവിഡ് പശ്ചാത്തലത്തിൽ ഹജ്ജിന് അനുമതി നൽകിയിരുന്നുള്ളൂ.  ഈ വർഷത്തെ ഹജ്ജ് പ്രൊട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും വിദേശത്തുള്ള ഹജ്ജ് യാത്രികർക്ക് അവസരം നൽകുന്നത്.

LatestDaily

Read Previous

മഞ്ചേശ്വരത്ത് 2006 ആവർത്തിക്കാൻ വി.വി. രമേശൻ

Read Next

മഞ്ചേശ്വരത്ത് എട്ടിൽ അഞ്ച് പഞ്ചായത്തുകളിലും ഭരണം എൽഡിഎഫ്