പോപ്പുലര്‍ ഫ്രണ്ട് ദേശവിരുദ്ധ പ്രവർത്തനത്തിനായി ഗൂഡാലോചന നടത്തി :എന്‍ ഐ എ

കൊച്ചി: സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലർ ഫണ്ട് പ്രവർത്തകർ ഐഎസ് പ്രവർത്തനങ്ങളിൽ സഹായിച്ചതായി എൻഐഎ കോടതിയെ അറിയിച്ചു. ഐഎസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുക, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തുക എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികൾക്ക് പങ്കുണ്ടെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു. എന്നാൽ പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ ആരോപണങ്ങൾ നിഷേധിച്ചു. കൊച്ചി എൻഐഎ കോടതി പ്രതികളെ ജൂൺ 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

പോപ്പുലർ ഫ്രണ്ട് ദേശീയ ഭാരവാഹി കരമന അഷ്റഫ് മൊലവി ഉൾപ്പെടെ 11 പേരാണ് അറസ്റ്റിലായത്. 4 ദിവസം മുമ്പ് ഒരുക്കങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി എൻഐഎ റെയ്ഡ് നടത്തിയത്. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് രാവിലെ വരെ തുടർന്നു. കൊല്ലം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, പാലക്കാട്, വയനാട്, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഡൽഹിയിൽ നിന്നുള്ള സംഘവുമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. 

പലയിടത്തും സംസ്ഥാന പൊലീസിനെ ഒഴിവാക്കി കേന്ദ്രസേനയുടെ സുരക്ഷയിലാണ് പരിശോധന നടത്തിയത്. പ്രവർത്തകർ പലയിടത്തും പ്രതിഷേധ പ്രകടനം നടത്തി. കരമന അഷ്റഫ് മൊലവി, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, മേഖലാ സെക്രട്ടറി ഷിഹാസ്, ഈരാറ്റുപേട്ട സ്വദേശികളായ എം.എം.മുജീബ്, അൻസാരി, നജ്മുദ്ദീൻ, സൈനുദ്ദീൻ, പി.കെ.ഉസ്മാൻ, സംസ്ഥാന ഭാരവാഹി യഹിയ കോയ തങ്ങൾ, കെ.മുഹമ്മദലി, കാസർകോട് ജില്ലാ പ്രസിഡന്‍റ് സി.ടി.സുലൈമാൻ എന്നിവരാണ് അറസ്റ്റിലായത്.

K editor

Read Previous

കെ.വാസുകി ഇനി ലാൻഡ് റവന്യൂ കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാർ

Read Next

നടൻ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തക പൊലീസില്‍ പരാതി നല്‍കി