ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ചന്തേരയിലെ ടി. കെ. പൂക്കോയയുടെ വീട്ടിൽ വീണ്ടും ക്രൈം ബ്രാഞ്ച് റെയ്ഡ്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് ക്രൈം ബ്രാഞ്ച് കണ്ണൂർ ഡി. വൈ. എസ്. പി. എം. വി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ചന്തേര ചെമ്പകത്തറയ്ക്ക് സമീപത്തെ പൂക്കോയയുടെ വീട്ടിൽ റെയ്ഡ് നടന്നത്.
മൂന്നാം തവണയാണ് പൂക്കോയയെത്തേടി ക്രൈം ബ്രാഞ്ച് സംഘം അദ്ദേഹത്തിന്റെ ചന്തേരയിലെ വീട്ടിലെത്തിയത്. പൂക്കോയ എവിടെയാണെന്ന് അറിയില്ലെന്ന പതിവു പല്ലവി തന്നെയാണ് ഭാര്യ റംല പോലീസിനോട് പറഞ്ഞത്. വരും ദിവസങ്ങളിൽ ടി. കെ. പൂക്കോയയ്ക്ക് വേണ്ടി ക്രൈം ബ്രാഞ്ച് വിശദമായ തെരച്ചിൽ നടത്തും.
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ എം. സി. ഖമറുദ്ദീൻ എം. എൽ. ഏ യെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച ഉച്ചവരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു കൊടുത്തു. ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി, പി. കെ. സുധാകരന്റെ കസ്റ്റഡി അപേക്ഷയിൽ മജിസ്ട്രേറ്റ് ബി. കരുണാകരനാണ് കസ്റ്റഡി അനുവദിച്ചത്.
ഖമറുദ്ദീനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി, എം. വി. പ്രദീപ് കുമാർ നൽകിയ അപേക്ഷ ഹൊസ്ദുർഗ് കോടതി നാളെ പരിഗണിക്കും. കാസർകോട് ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി കെ. ദാമോദരന്റെ അപേക്ഷയിൽ ഖമറുദ്ദീനെ 3 കേസുകളിൽ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നല്കിയിട്ടുണ്ട്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ തുടർ നടപടിക്കായി ഖമറുദ്ദീനെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിപ്പിച്ചു.
ഇതുപ്രകാരം നവമ്പർ 23 ന് ഖമറുദ്ദീനെ നേരിട്ട് പയ്യന്നൂർ കോടതിയിൽ ഹാജരാക്കണം. അതിനിടെ, ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ചന്തേര പോലീസിൽ ഇന്നലെ 2 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കാടങ്കോട് സീനത്ത് മൻസിലിൽ ഇസ്മയിലിന്റെ മകൻ അസൈനാർ ഹാജി, വെള്ളൂരിലെ എം. എൻ. മുഹമ്മദിന്റെ മകൻ അബ്ദുൾ ബഷീർ എം. ടി. പി എന്നിവരുടെ പരാതികളിലാണ് കേസ്.
അസൈനാർ ഹാജി 2017 ലാണ് ഫാഷൻ ഗോൾഡിൽ 400 ഗ്രാം സ്വർണ്ണം നിക്ഷേപിച്ചത്. നിലവിലെ വിപണി മൂല്യമനുസരിച്ച് ഈ സ്വർണ്ണത്തിന് 15 ലക്ഷത്തിന് മേൽ വില വരും. എം. ടി. പി. അബ്ദുൾ ബഷീർ 2015 ലാണ് 10 ലക്ഷം രൂപ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത്. അതിൽ 5 ലക്ഷം ഇദ്ദേഹത്തിന് തിരികെ കിട്ടിയിരുന്നു. ഇരു പരാതികളിലും ടി. കെ. പൂക്കോയ തങ്ങൾ, എം. സി. ഖമറുദ്ദീൻ എം. എൽ. ഏ എന്നിവർക്കെതിരെ വഞ്ചനാക്കുറ്റം, ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.