ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ നടപടി ആരംഭിച്ചു. ജനപ്രതിനിധിയായതിനാൽ തുടർനടപടി സ്വീകരിക്കാൻ അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിയമസഭാ സ്പീക്കർക്ക് കത്തയച്ചു. അനുമതി ലഭിച്ചാലുടൻ മൊബൈൽ നമ്പറുകൾ നിരീക്ഷിക്കും. ചൊവ്വാഴ്ച മുതൽ എംഎൽഎ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
എം.എൽ.എ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പിള്ളി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. എം.എൽ.എ ആയതിനാൽ ഇയാൾക്ക് അധികകാലം ഒളിവിൽ പോകാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി അറിഞ്ഞ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അതേസമയം പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റത്തിന് എൽദോസിനെതിരെ കോവളം പൊലീസ് കേസെടുത്തിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ബുധനാഴ്ച മൊഴി രേഖപ്പെടുത്തിയപ്പോൾ എം.എൽ.എ തന്നെ വിവിധ സ്ഥലങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായി യുവതി മൊഴി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ നടപടിച്ചട്ടത്തിലെ 376(2)(എൻ) വകുപ്പും ചേർത്തത്. പെരുമ്പാവൂരിലെ വീട്, കോവളത്തെ റിസോർട്ട്, കളമശേരിയിലെ ഫ്ളാറ്റ്, പേട്ടയിലെ യുവതിയുടെ വീട് എന്നിവിടങ്ങളിൽ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് മൊഴിയിൽ പറയുന്നു. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആവർത്തിച്ചുള്ള പീഡനം ആരോപിച്ച് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.