ലഹരി മാഫിയയുടെ പിടിയിൽപ്പെട്ട ഭർതൃമതിയെ രക്ഷിച്ചു

പയ്യന്നൂര്‍: നവമാധ്യമമായ ഷെയർ ചാറ്റിംഗിൽ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ യുവാവ് കെണിയിൽപ്പെടുത്തി മാഫിയ സംഘത്തിന് കൈമാറിയ 21 കാരി കുഞ്ഞിമംഗലം പറമ്പത്തെ ഭർതൃമതിയെ പയ്യന്നൂർ പോലീസ് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. മലപ്പുറം സ്വദേശിയായ യുവാവിന്റെയും കർണ്ണാടക ഗോകർണ്ണം സ്വദേശിയായ യുവാവിനുമൊപ്പം ഗോകർണ്ണം ബീച്ചിലെ കുടിലിൽ നിന്നാണ് പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ യുവതിയെ കണ്ടെത്തിയത്.

ഷെയർ ചാറ്റിംഗിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഇർഷാദാണ് യുവതിയെ ഗോകർണ്ണത്തെ അമൽ നാഥ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവർക്ക് കൈമാറിയത്.  നാട്ടിൽ നിന്ന് മുങ്ങിയ യുവതി തമിഴ് നാട്ടിൽ സേലത്തെത്തുകയും, അവിടുത്തെ തട്ടുകടക്കാരന്റെ ഫോണിൽ ആരേയോ വിളിക്കുകയും ഫോൺ തിരിച്ചു നൽകുമ്പോൾ നമ്പർ ഡിലീറ്റു ചെയ്യുകയുമായിരുന്നു.  സൈബർ സെല്ലിലെ ഐടി വിദഗ്ദരായ സൂരജ് , അനൂപ്, സുജേഷ് എന്നിവരുടെ സഹായത്തോടെ പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ എം.സി. പ്രമോദിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. എ.ജി. അബ്ദുൾ റൗഫ്, സിവിൽ പോലീസ് ഓഫീസർ സൈജു എന്നിവർ സേലത്തെത്തുകയും, തട്ടുകടക്കാരനിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കിയ ശേഷം പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ ഒന്നൊന്നായി പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നും യുവതി ഒരു ഹോട്ടലിൽ കയറുന്ന ദൃശ്യം ലഭിക്കുകയും ചെയ്തു.

കൂടുതൽ പരിശോധനയിൽ മറ്റ് രണ്ട് യുവാക്കളുമൊത്ത് യുവതി സേലത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വ്യക്തമായ ദൃശ്യം ലഭിച്ചതോടെയാണ് അന്വേഷണം വഴിത്തിരിവിലായത്. ബാംഗ്ലൂരുവിലേക്ക് കടന്ന ഇവരെ പയ്യന്നൂർ പോലീസ് പിൻതുടർന്നു. ഗോകർണ്ണത്തെ നിശാ ശാലയിൽ മയക്കുമരുന്ന് മാഫിയയുമായി ഇടപഴകുന്ന അമൽ നാഥിന്റെയും മുഹമ്മദിന്റെയും കൂടെ താമസിച്ചു വന്ന യുവതിയെ രാത്രിയോടെ പോലീസ് ബാംഗ്ലൂരുവിലെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു.

യുവതിയുടെ ഓരോ നീക്കങ്ങളും ശാസ്ത്രീയ നീക്കത്തിലൂടെ പ്രിൻസിപ്പൽ എസ്.ഐ, കെ.ടി. ബിജിത്ത്, എസ്.ഐ. എം.വി. ശരണ്യ, എ.എസ്.ഐ, ടോമി, സി പി ഒ വിനയൻ എന്നിവരടങ്ങിയ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഗെറ്റ് ടുഗദർ സംഘത്തിന്റെ റാക്കറ്റിലകപ്പെട്ട് ജീവിതം വഴി തെറ്റുമായിരുന്ന യുവതിയെയാണ് പയ്യന്നൂർ പോലീസ് രക്ഷപ്പെടുത്തിയത്.  തളിപ്പറമ്പ് ഡി.വൈ.എസ് പി, കെ.ഇ. പ്രേമചന്ദ്രന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ, ജസ്ന തിരോധാനം പോലെ കേരള പോലീസിന് കുഞ്ഞിമംഗലം ഭർതൃമതിയുടെ തിരോധാനവും തലവേദനയായി മാറുമായിരുന്നു.

ഇക്കഴിഞ്ഞ 29ന് രാവിലെ ഒന്‍പതരയോടെയാണ്് മൂന്നുവയസുള്ള പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കുഞ്ഞിമംഗലത്തെ പ്രവാസിയുടെ ഭാര്യയായ 21-കാരി നാടുവിട്ടത് വീട്ടിൽ നിന്നും.അഞ്ചുപവനോളം വരുന്ന മാലയും മോതിരവും കൊണ്ടാണ് പോയത്.  യുവതിയുടെ മാതാവിന്റെ പരാതിയില്‍ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു. നാട്ടിലെത്തിച്ച യുവതിയെ ഇന്ന് പയ്യന്നൂർ കോടതിയില്‍ ഹാജരാക്കി.

LatestDaily

Read Previous

നൗഷീറ മരണത്തിൽ പ്രേരണക്കുറ്റം ഭർത്താവ് പോലീസ് നിരീക്ഷണത്തിൽ

Read Next

ജയകൃഷ്ണൻ ഭാര്യയെ വിട്ട് ബന്ധുക്കൾക്കൊപ്പം പോയി