സ്ഥലംമാറ്റം ലഭിച്ച പോലീസ് ഇൻസ്പെക്ടർമാർ പിടി വിടുന്നില്ല

കാഞ്ഞങ്ങാട്: സ്ഥലം മാറ്റ ഉത്തരവ് കൈയ്യിൽ കിട്ടിയ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ പോലീസ് ഇൻസ്പെക്ടർമാരിൽ ചിലർ നിലവിലുള്ള സ്റ്റേഷനുകളിൽ തന്നെ പിടിച്ചു തൂങ്ങുന്നു.

ആദൂർ പോലീസിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായി നിയമിതനായ ഐപി, വി.കെ. വിശ്വംഭരൻ നായർ ആദൂരിൽ ഇനിയും ചുമതലയേറ്റിട്ടില്ല.

വിശ്വംഭരൻ നായർ നിലവിൽ കാസർകോട് ക്രൈം ബ്രാഞ്ചിലാണ്.

അദ്ദേഹത്തിന് സ്വന്തം നാടായ ബേഡകം അല്ലെങ്കിൽ, മേൽപ്പറമ്പ പോലീസ് സ്റ്റേഷൻ കിട്ടണമെന്നാണ് ആവശ്യം.

കാര്യമായ വരുമാനമൊന്നുമില്ലാത്ത പോലീസ് സ്റ്റേഷനാണ് ആദൂർ.

നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ഏ. മാത്യുവിനെ കാസർകോട് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയും, പകരം നീലേശ്വരത്ത് കണ്ണൂർ വിജിലൻസ് ഐപി, പി.ആർ. മനോജിനെ നിയമിച്ചുവെങ്കിലും, നല്ല വരുമാനമുള്ള പോലീസ് സ്റ്റേഷനായ നീലേശ്വരത്ത് നിന്ന് പിടിവിടാൻ എം.ഏ. മാത്യുവിനും ഒട്ടും താൽപ്പര്യമില്ല.

ഉന്നത തലത്തിൽ സ്വാധീനിച്ച് നീലേശ്വരത്ത് തന്നെ തുടരാനുള്ള ശ്രമത്തിലാണ് ഇൻസ്പെക്ടർ എം.ഏ. മാത്യു.

മാത്യു കസേര വിട്ടൊഴിയാത്തതിനാൽ, പി.ആർ. മനോജിന് കണ്ണൂരിൽ നിന്ന് നീലേശ്വരത്ത് ചുമതലയേൽക്കാനും കഴിയുന്നില്ല. ”ഞാൻ മുകളിൽ പിടിക്കുന്നുണ്ട്” എന്ന് എം.ഏ. മാത്യു തന്നെ പോലീസിൽ പലരോടും തുറന്നു പറഞ്ഞത് സേനയിൽ പാട്ടാവുകയും ചെയ്തു.

തുട്ടിൽ താൽപ്പര്യമില്ലാത്തവരും, അന്തസ്സുള്ളവരും പോലീസ് വകുപ്പിനോട്  നീതി പുലർത്തുന്നവരുമായ പോലീസ് ഇൻസ്പെക്ടർമാരെല്ലാം , സ്ഥലം മാറ്റ ഉത്തരവ് കൈപ്പറ്റിയ ഉടൻ മുകളിൽ പിടിക്കാൻ നിൽക്കാതെ,  നിർദ്ദിഷ്ട സ്റ്റേഷനുകളിലും ക്രൈം ബ്രാഞ്ചിലും എന്നേ ചുമതലയേറ്റു കഴിഞ്ഞപ്പോഴാണ് കാസർകോട് ജില്ലയിൽ ഇൻസ്പെക്ടർമാരായ എം.ഏ. മാത്യുവും, വി.കെ. വിശ്വംഭരൻ നായരും, ”മുകളിൽ പിടിച്ചുതൂങ്ങിക്കൊണ്ട്” സ്റ്റേഷൻ കസേരകളിൽ പിടിവിടാതെ നിൽക്കുന്നത്.

മുകളിൽ പിടിച്ച ഇരുവരും പ്രാദേശിക സേവനകാലത്ത് ടൺ കണക്കിന് ആരോപണങ്ങൾ തലയിൽ ചുമന്നവരാണ്.

ഇവരിലൊരാൾ ഗൾഫിലേക്ക് വിളിച്ച് ഒരു പ്രവാസിയോട് ലാപ്ടോപ്പും, ആപ്പിൾ ഐഫോണും കൊണ്ടു വരണമെന്ന് വരെ ആവശ്യപ്പെട്ടയാളാണ്.

വിലകൂടിയ സെൽഫോണുകളിലും, ലാപ്ടോപ്പുകളിലുമാണ് ഇപ്പോൾ ചില പോലീസ് ഓഫീസർമാരുടെ ഫുൾടൈം ഇൻവെസ്റ്റിഗേഷൻ.

പരാതിക്കാരിൽ നിന്നും, എതിർ കക്ഷികളിൽ നിന്നും വഴിവിട്ട മാർഗ്ഗങ്ങളിൽ സംഘടിപ്പിക്കുന്ന സെൽഫോണുകൾ പരസ്യമായി വിറ്റു കാശാക്കിയവരും ഇക്കൂട്ടത്തിലുണ്ട്.

LatestDaily

Read Previous

ഹോട്ടൽ മുറിയിൽ യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് മുങ്ങി

Read Next

കോവിഡ് : എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു