പോലീസുദ്യോഗസ്ഥർ മുഴുവൻ 8-ന് ചുമതലയേൽക്കണം

ഉത്തരവ് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയുടേത്

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ പരസ്പരം സ്ഥലം മാറ്റം ലഭിച്ച പോലീസുദ്യോഗസ്ഥർ  മുഴുവൻ ജൂൺ 8-ന്  നിർദ്ദിഷ്ട പോലീസ് സ്റ്റേഷനുകളിൽ  ചുമതലയേൽക്കണമെന്ന് പുതിയ  ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ ഉത്തരവിറക്കി. മാറിപ്പോയ പോലീസ് മേധാവി  പി.എസ്. സാബു മെയ്  30-നാണ്  224 ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥരെ ജനറൽ ട്രാൻസ്ഫറിന്റെ  ഭാഗമായി  വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്. സ്ഥലം മാറ്റ ഉത്തരവിറങ്ങിയാൽ സാധാരണ ഗതിയിൽ പോലീസുദ്യോഗസ്ഥർക്ക്  ഉത്തരവിൽ  നിർദ്ദേശിച്ച സ്റ്റേഷനുകളിൽ ചുമതലയേൽക്കാൻ ഒരാഴ്ചത്തെ സമയം അനുവദിക്കാറുണ്ട്.

സ്ഥലം മാറ്റം ലഭിച്ചവരെ  അവർ സേവനമനുഷ്ടിക്കുന്ന  പോലീസ് സ്റ്റേഷനുകളിൽ  നിന്ന്  ജൂൺ – 5 വരെ  സ്റ്റേഷൻ ഹൗസ്  ഓഫീസർമാർ വിടുതൽ നൽകാതിരുന്നതിനാൽ  സ്ഥലം മാറ്റം  ലഭിച്ചവർ എത്രയും  പെട്ടെന്ന്  നിർദ്ദിഷ്ട സ്റ്റേഷനുകളിൽ ഡ്യൂട്ടിയിൽ കയറണമെന്ന് മറ്റൊരു ഉത്തരവ് കൂടി ജില്ലാ പോലീസ്  മേധാവി പുറപ്പെടുവിച്ചിരുന്നു. അതു കഴിഞ്ഞിട്ടും  പല പോലീസുദ്യോഗസ്ഥരും നിലവിൽ സേവനമനുഷ്ടിക്കുന്ന സ്റ്റേഷനുകളിൽ തന്നെ സേവനത്തിൽ തുടരുന്നതിനാലാണ്  ജൂൺ – 7ന്  പുതിയ ഉത്തരവ് കൂടി പുറപ്പെടുവിച്ചത്.

നിർദ്ദിഷ്ട സ്റ്റേഷനുകളിൽ ജോയിന്റ് ചെയ്യാൻ സാവകാശം  നൽകണമെന്നാണ്  സ്ഥലം മാറ്റം ലഭിച്ച പോലീസുദ്യോഗസ്ഥരുടെ ആവശ്യം. കുട്ടികളുടെ വിദ്യാഭ്യാസം  പുതിയ ക്വാർട്ടേഴ്സിലേക്കുള്ള മാററം തുടങ്ങിയ  ആവശ്യങ്ങൾക്കാണ്  സേന ഒരാഴ്ചകൂടി സാവകാശം  ചോദിക്കുന്നത്. ചീമേനി പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി നിയമനം ലഭിച്ചുവെന്ന് പത്രക്കാരെ തെറ്റിദ്ധരിപ്പിച്ച് വാർത്തയും  പടവും പ്രസിദ്ധീകരിപ്പിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ കൊടക്കാട് രാമചന്ദ്രൻ (എസ്.സി.പി.ഒ- 1120) നാണക്കേട് മൂലം ചീമേനിയിൽ ഇനിയും  ചുമതല ഏറ്റില്ല.

LatestDaily

Read Previous

കാഞ്ഞിരടുക്കം സത്യസായ് ധർമ്മാശുപത്രിക്ക് തുരങ്കം വെച്ചത് മംഗളൂരു മെഡിക്കൽ ലോബി

Read Next

മെട്രോ മുഹമ്മദ് ഹാജിയുടെ നില ഗുരുതരം