കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തിയെന്ന് യുവാവ്: പരാതിയിൽ നടപടിയില്ല

കാസർകോട്: മുസ്്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി , ലീഗ് എംഎൽഏ പാറയ്ക്കൽ അബ്ദുള്ള എന്നിവർക്കെതിരെ കുമ്പള നായിക്കാപ്പ് സ്വദേശി പോലീസിൽ കൊടുത്ത പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ പോലീസ്. മുസ്്ലീം ലീഗ് മുൻ മഞ്ചേശ്വരം ജോയിന്റ് സിക്രട്ടറി കണ്ണൂർ അബ്ദുള്ള മാസ്റ്ററുടെ മകനും ഖത്തറിൽ ബിസിനസ്സുകാരനുമായ മുഹമ്മദ് ഇർഷാദാണ് 28, 2021 ഫെബ്രുവരി 19-ന് പി.കെ. കുഞ്ഞാലിക്കുട്ടി , ലീഗ് എഎൽഏ പാറയ്ക്കൽ അബ്ദുല്ല എന്നിവരടക്കമുള്ളവർക്കെതിരെ കുമ്പള പോലീസിൽ പരാതി കൊടുത്തത്.

പാറയ്ക്കൽ അബ്ദുള്ളയുടെ ബന്ധു ഉൾപ്പെട്ട സംഘം ഖത്തറിൽ മുഹമ്മദ് ഇർഷാദിന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്തതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് കുഞ്ഞാലിക്കുട്ടിക്കും, പാറയ്ക്കൽ അബ്ദുള്ളയ്ക്കുമെതിരെയുള്ള പരാതിയിൽ കലാശിച്ചത്.  ഖത്തറിൽ ഫയർ ഓഫീസറായ മുഹമ്മദ് ഇർഷാദ് അവിടെ യൂണിവേഴ്സൽ സെക്യൂരിറ്റിസിസ്റ്റം എന്ന പേരിൽ ബിസിനസ്സ് സ്ഥാപനം നടത്തിയിരുന്നു. കച്ചവടത്തിലെ കൂട്ടാളികളായ വടകരയിലെ സിറാജ്, മാഹിയിലെ ഫസലു റഹ്മാൻ അഴിയൂരിലെ മമ്മു മാസ്റ്റർ, വടകരയിലെ ഷംസീർ എന്നിവരടങ്ങുന്ന ഏഴംഗസംഘമാണ് മുഹമ്മദ് ഇർഷാദിന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്തതെന്നാണ് പരാതി.

സംഭവത്തിൽ യുവാവ് 2014-ൽ കുമ്പള പോലീസിൽ കൊടുത്ത പരാതിയിൽ 31/1/14 നമ്പറിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും, തുടർ നടപടിയുണ്ടായില്ല. 2019-ൽ നടന്ന മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുഹമ്മദ് ഇർഷാദിന്റെ പിതാവ് കണ്ണൂർ അബ്ദുള്ള നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതോടെയാണ് വിഷയത്തിൽ പാറയ്ക്കൽ അബ്ദുള്ള എംഎൽഏ ഇടപെട്ടത്.  നാമ നിർദ്ദേശ പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ അബ്ദുള്ളയെ സമീപിച്ച പാറയ്ക്കൽ അബ്ദുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയെ മുഹമ്മദ് ഇർഷാദിന്റെ വിഷയത്തിൽ ഇടനിലക്കാരനാക്കാമെന്ന് വാഗ്ദാനവും നൽകി.

2019 ഒക്ടോബർ 16-ന് കാസർകോട് നുള്ളിപ്പാടിയിലെ ഹൈവേ കാസിൽ ഹോട്ടലിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മകൻ മുഹമ്മദ് ഇർഷാദിന്റെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും, നാമ നിർദ്ദേശപ്പത്രിക പിൻവലിക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കണ്ണൂർ അബ്ദുള്ള മാസ്റ്റർക്ക് ഉറപ്പ് നൽകി. ഈ ഉറപ്പ് വിശ്വസിച്ച് നാമ നിർദ്ദേശപ്പത്രിക പിൻവലിച്ച കണ്ണൂർ അബ്ദുള്ളയെ പി.കെ. കുഞ്ഞാലിക്കുട്ടി സമർത്ഥമായി വഞ്ചിക്കുകയായിരുന്നു.

ഇർഷാദ് പിന്നീട് പലതവണ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും, അദ്ദേഹം പ്രതികരിച്ചില്ല. പിന്നീട് പി.കെ. കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കണ്ടപ്പോൾ, അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നാണ് മുഹമ്മദ് ഇർഷാദ് പോലീസിൽ നൽകിയ പരാതി.  എൽഡിഎഫ് ഭരണം കഴിയാറായെന്നും, ഇനി ഞങ്ങളുടെ കാലമാണെന്നും, കളിക്കുന്നത് സൂക്ഷിച്ച് വേണമെന്നും കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവാവിന്റെ ആരോപണം. പാറയ്ക്കൽ അബ്ദുള്ള തന്നെ കൊന്ന് കുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തിയതായും, മുഹമ്മദ് ഇർഷാദ് പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും. സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് കുമ്പള പോലീസിൽ പരാതി കൊടുത്തത്.

LatestDaily

Read Previous

തമിഴ്നാട് യുവതിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനായില്ല

Read Next

സുകുമാരൻ പൂച്ചക്കാടിനെതിരെയുള്ള നടപടി കെപിസിസി പിൻവലിച്ചേക്കും