ശസ്ത്രക്രിയാ കൈപ്പിഴ: ഡോക്ടർമാർക്ക് എതിരെ 60 ലക്ഷം രൂപ നഷ്ടപരിഹാരക്കേസ്സ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ രണ്ട് ഡോക്ടർമാർക്ക് എതിരെ 60 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ്സ്. അജാനൂർ കുശവൻകുന്നിലുള്ള സൺറൈസ് ആശുപത്രിയിലെ ഡോ: രാഘവേന്ദ്ര പ്രസാദ്, കാഞ്ഞങ്ങാട്ടെ സർജൻ ഡോ: ഗിരിധർ റാവു എന്നിവർക്കെതിരെ കാസർകോട് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിലാണ് അന്യായം.

അജാനൂർ പള്ളോട്ട് സ്വദേശിനി ശബ്നയാണ് 30,  അന്യായക്കാരി. ശബ്നയുടെ കടിഞ്ഞൂൽ പ്രസവം സൺറൈസ് ആശുപത്രിയിലായിരുന്നു. സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തത് ഡോ: രാഘവേന്ദ്ര പ്രസാദാണ്. ശസ്ത്രക്രിയയുടെ രണ്ടാം ദിവസം മുതൽ കടുത്ത ഉദരവേദന കൊണ്ട് പുളഞ്ഞ ശബ്നയുടെ അടിവയറ്റിൽ വേദന കുറയാതിരുന്നതിനാൽ രണ്ടാം തവണയും ശസ്ത്രക്രിയ നടത്തിയത് സർജൻ ഡോ: ഗിരിധർ റാവുവാണ്.

സിസേറിയൻ ശസ്ത്രക്രിയയിൽ സംഭവിച്ച കൈപ്പിഴയാണ് വീണ്ടും ശബ്നയുടെ ഉദരം കീറിമുറിക്കാനിടയാക്കിയത്. സിസേറിയന് ശേഷം ഒരു തവണ ഉദര ശസ്ത്രക്രിയ നടത്തിയിട്ടും,  ഉദരവേദന വിട്ടുമാറാതെ ഉദരം തുന്നിക്കെട്ടിയ ഭാഗത്തു കൂടി പഴുപ്പ് വിസർജ്ജിക്കാൻ തുടങ്ങിയപ്പോൾ, ശബ്നയെ ഭർത്താവ് ഷാനിദാസ്  ഗുരുതരനിലയിൽ രായ്ക്കുരാമാനം കണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കണ്ണൂരിൽ രണ്ടാം തവണയും ശബ്നയ്ക്ക് ശസ്ത്രക്രിയ നടത്തി. ഉദരത്തിൽ നേരത്തെ മുറിഞ്ഞു കിടന്നിരുന്ന കുടൽ തുന്നിക്കെട്ടിയ ശേഷം കഷ്ടിച്ചാണ് യുവതി മരണ വക്ത്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. ശസ്ത്രക്രിയാ കൈപ്പിഴ മൂലം രക്തത്തിൽ മാലിന്യം കടന്നു കൂടിയതിനാൽ സ്വന്തം കുഞ്ഞിന് പ്രസവാനന്തരം മുലയൂട്ടാൻ പോലും യുവതിക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല.

ഉപഭോക്തൃ കോടതിയിൽ നഷ്ടപരിഹാരക്കേസ്സ് ഫയൽ ചെയ്യുന്നതിന് മുമ്പ് ഇരു ഡോക്ടർമാർക്കും ശബ്നയുടെ അഭിഭാഷകൻ നോട്ടീസ്സയച്ചിരുന്നുവെങ്കിലും, ഡോക്ടർമാർ ഇരുവരും നോട്ടീസ്സിന് മറുപടി പോലും അയച്ചില്ല. ശബ്നയുടെ ഭർത്താവ് ഷാനിദാസിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് ഇരു ഡോക്ടർമാരെയും പ്രതി ചേർത്ത് റജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ്സിൽ  കുറ്റപത്രം ഒരുങ്ങി വരികയാണ്.

മെഡിക്കൽ ബോർഡ് ശബ്നയുടെ പരാതി വിശദമായി പഠിച്ചതിന് ശേഷം കേസ്സെടുക്കാൻ നൽകിയ നിർദ്ദേശത്തിന് ശേഷമാണ് കേസ്സിൽ ഡോക്ടർമാർക്കെതിരെ പോലീസ് കുറ്റപത്രം തയ്യാറാക്കി വരുന്നത്.

LatestDaily

Read Previous

വ്യാജ ദിർഹത്തട്ടിപ്പിന് പിന്നിൽ അങ്കമാലി സംഘം

Read Next

പി. കെ. നിഷാന്തിനെ ബാലസംഘം ജില്ലാ കൺവീനറാക്കിയതിൽ പ്രതിഷേധം