കോഴവിവാദം: യൂത്ത് കോൺഗ്രസ്സ് പ്രതിഷേധവുമായി രംഗത്ത്

ചെറുവത്തൂർ:  കോഴവിവാദത്തിന്റെ പശ്ചാത്തലത്തിൽ പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ നടക്കുന്ന പ്യൂൺ നിയമനത്തിന്റെ ഇന്റർവ്യൂ നിർത്തിവെക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ആശ്യപ്പെട്ടു. ജനുവരി 29-ന് നടക്കുന്ന ഇന്റർവ്യൂ മാറ്റി വെച്ചില്ലെങ്കിൽ, ബാങ്കിന്റെ കരപ്പാത്തെ ഹെഡ് ഓഫീസിന് മുന്നിൽ സമരം നടത്തുമെന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

പിലിക്കോട് ബാങ്കിൽ ഒഴിവു വന്ന പ്യൂൺ തസ്തികയിലേക്ക് ബാങ്കിന്റെ മുമ്പിൽ ഡയറക്ടറായ ചെറുവത്തൂരിലെ ലോട്ടറി സ്റ്റാൾ ഉടമയുടെ സഹോദരപുത്രനെ നിയമിക്കുന്നതിലേക്കായാണ് ബാങ്ക് ഭരണസമിതി  സബ് കമ്മിറ്റി ഭാരവാഹികളായ 5 ഡയറക്ടർമാർ ചേർന്ന് 10 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടത്. കോഴത്തുകയിൽ 5 ലക്ഷം രൂപ ഇതിനകം കൈപ്പറ്റിയിട്ടുണ്ട്.  ബാക്കി തുക നിയമനത്തിന് ശേഷം നൽകാനാണ് കരാർ. 

കോൺഗ്രസ്സ് അനുഭാവികളെയും പ്രവർത്തകരെയും ഒഴിവാക്കി പ്യൂൺ ജോലി മറ്റൊരാൾക്ക് നൽകിയ ഭരണസമിതി ഡയറക്ടർമാരുടെ നെറികേടിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ്സ് പിലിക്കോട് മണ്ഡലം കമ്മിറ്റി രംഗത്ത് വന്നത്. തങ്ങളുടെ പ്രതിഷേധം യൂത്ത് കോൺഗ്രസ്സ് പിലിക്കോട് മണ്ഡലം കോൺഗ്രസ്സ് നേതാക്കളെ  നേരിട്ടറിയിച്ചിട്ടുണ്ട്. ഇന്റർവ്യൂ മാറ്റി വെക്കണമെന്നാണ് യൂത്ത് കോൺഗ്രസ്സിന്റെ ആവശ്യം.

പ്യൂൺ ഇന്റർവ്യൂ എന്ത് വില കൊടുത്തും തടയുമെന്നാണ് യൂത്ത് കോൺഗ്രസ്സ് മുന്നറിയിപ്പ്. ജനുവരി 27-ന് നടക്കുന്ന കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയോഗം ഈ വിഷയം ചർച്ച ചെയ്യും. പ്യൂൺ നിയമനത്തിന് 5 ലക്ഷം കോഴ കൊടുത്ത യുവാവിന് പണം നൽകിയത് ബാങ്ക് മുൻ ഡയറക്ടറും. ലോട്ടറി സ്റ്റാൾ ഉടമയുമായ പിതൃസഹോദരനാണ്. 

LatestDaily

Read Previous

ശൃംഗാര ശബ്ദേഖ: ബഷീർ വെള്ളിക്കോത്തിനെയും ഏ.ഹമീദ് ഹാജിയെയും ലീഗ് പരിപാടികളിൽ നിന്നൊഴിവാക്കും

Read Next

കൂട്ട ബലാത്സംഗം യുവതി പേരുകൾ പുറത്തു വിട്ടു