ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: പിലിക്കോട് സഹകരണ ബാങ്കിൽ പ്യൂൺ നിയമനത്തിന് കോഴ വാങ്ങിയ വിഷയത്തിൽ കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റിയുടെ ഇടപെടൽ. പ്യൂൺ നിയമനത്തിനായി ബാങ്കിന്റെ 5 ഡയരക്ടർമാർ ചേർന്ന് വാങ്ങിയ 5 ലക്ഷം രൂപ കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റിക്ക് കൈമാറാൻ ഇന്നലെ കാലിക്കടവിൽ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ ധാരണയായി.
പിലിക്കോട് സഹകരണ ബാങ്കിൽ ഒഴിവു വന്ന പ്യൂൺ തസ്തികയിലെ നിയമനത്തിന് 5 ഡയരക്ടർമാർ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 5 ലക്ഷം മുൻകൂർ കൈപ്പറ്റുകയും ചെയ്ത സംഭവം വിവാദമായതോടെയാണ് വിഷയത്തിൽ കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റി ഇടപെട്ടത്. ബാങ്കിന്റെ മുൻ ഡയരക്ടറായ ലോട്ടറി സ്റ്റാൾ ഉടമയുടെ സഹോദരപുത്രന് വേണ്ടിയാണ് കോഴ നിയമനത്തിന് വില പറഞ്ഞുറപ്പിച്ചത്.
നാളെ നടക്കുന്ന പ്യൂൺ നിയമന ഇന്റർവ്യൂവിലേക്ക് കാർഡയച്ച 24 പേരെയും വിളിക്കാൻ ഇന്നലെ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ ധാരണയായി. ഇന്റർവ്യൂവിൽ ബാങ്ക് പ്രസിഡന്റ്, ഡയരക്ടർമാർ എന്നിവർക്ക് പുറമെ പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പങ്കെടുക്കും. പ്യൂൺ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവരെ നാളത്തെ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കുന്നില്ല.
നാളെ നടക്കുന്ന പ്യൂൺ നിയമന ഇന്റർവ്യൂ തടയുമെന്ന് യൂത്ത് കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. വിഷയത്തിൽ കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റി ഇടപെട്ട സാഹചര്യത്തിൽ നാളത്തെ യൂത്ത് കോൺഗ്രസ് പ്രക്ഷോഭം മാറ്റിവെക്കാൻ സാധ്യതയുണ്ട്. അതേസമയം, പിലിക്കോട് സഹകരണ ബാങ്കിലെ കോഴ നിയമനത്തിനെതിരെ ഡിവൈഎഫ്ഐ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്ത് വില കൊടുത്തും നാളത്തെ പ്യൂൺ നിയമന ഇന്റർവ്യൂ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ച സാഹചര്യത്തിൽ പിലിക്കോട് സഹകരണ ബാങ്കിന്റെ കരപ്പാത്തെ ഹെഡ് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂ സംഘർഷഭരിതമാകാൻ സാധ്യതയുണ്ട്. 5 ലക്ഷം കോഴ നൽകിയ യുവാവിന് നാളത്തെ ഇന്റർവ്യൂവിൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ വാങ്ങിയ 5 ലക്ഷം രൂപ തിരികെ കൊടുക്കേണ്ടി വരും. ഇത് മുൻകൂട്ടി കണ്ടാണ് 5 ഡയരക്ടർമാർ ചേർന്ന് വാങ്ങിയ കോഴപ്പണം കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റിക്ക് കൈമാറാൻ ഇന്നലെ ധാരണയുണ്ടായത്.