ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാലിക്കടവ്: കോൺഗ്രസ് ഭരിക്കുന്ന പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ ഏ-ഐ ഗ്രൂപ്പ് തർക്കം പാരമ്യതയിലെത്തി. ബാങ്ക് പ്രസിഡണ്ട് ഏ.വി. ചന്ദ്രനും, വൈസ് പ്രസിഡണ്ട് ഏ. കുഞ്ഞികൃഷ്ണനും ഏ ഗ്രൂപ്പുകാരാണ്. വൈസ് പ്രസിഡണ്ട് ഏ. കുഞ്ഞികൃഷ്ണൻ ബാങ്ക് പരിധിയിൽ താമസിക്കാതെ മാണിയാട്ട് പുതിയ വീടു പണിത് താമസിക്കുന്ന ആളാണ്. ഇത് ബാങ്ക് ചട്ടങ്ങളുടെ ലംഘനമാണ്. ബാങ്ക് തെരഞ്ഞെടുപ്പ് സമയത്ത് ഏ-ഐ ഗ്രൂപ്പ് വിവേചനം മാറ്റി നിർത്തി ബാങ്കിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാനാണ് കോൺഗ്രസ് പാർട്ടി ഐക്യകണ്ഠേന തീരുമാനിച്ചത്.
ഇതനുസരിച്ച് ജില്ലാ ബാങ്കിൽ നിന്ന് ഡെപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്ത എം. കൃഷ്ണനെ ബാങ്ക് പ്രസിഡണ്ടാക്കാൻ പാർട്ടി ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. എന്നാൽ ഡയറക്ടർമാരെ തെരഞ്ഞെടുത്തതിന് ശേഷം, ബാങ്ക് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ദിവസം തന്നെ പാർട്ടി നിർദ്ദേശം ലംഘിച്ച് വീണ്ടും ഗ്രൂപ്പ് കളിച്ച് 13-ൽ 7 പേരുടെ പിന്തുണയിലാണ് ഏ.വി. ചന്ദ്രനും, ഏ. കുഞ്ഞികൃഷ്ണനും പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമാരായത്. മറു ഭാഗത്ത് ഗ്രൂപ്പിലൊന്നും പെടാത്ത 6 ഡയറക്ടർമാരുണ്ട്. ആദ്യം പ്രസിഡണ്ട് പദവി വാഗ്ദാനം ചെയ്ത എം. കൃഷ്ണൻ പ്രതിഷേധമെന്നോണം, തെരഞ്ഞെടുപ്പിന് ശേഷം നാളിതുവരെ ഒരു ഡയറക്ടർ ബോർഡ് യോഗത്തിലും സംബന്ധിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി ഗ്രൂപ്പ് തിരിച്ച് ഡയറക്ടർമാരോടും, ബാങ്ക് ജീവനക്കാരോടും പകപോക്കുകയാണ്. ഈ പക പോക്കലിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബാങ്കിന്റെ കാലിക്കടവ് ശാഖയിലെ മാനേജരായ സതീശനോട് ഒളിക്യാമറ ഓഫാക്കിയെന്ന കാരണമുണ്ടാക്കി പക തീർക്കുന്നത്. ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ഗ്രൂപ്പ് കളിയെക്കുറിച്ച് പിലിക്കോട് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടന്നുവെങ്കിലും, അന്തിമ തീരുമാനമൊന്നും പുറത്തു വന്നിട്ടില്ല.
അതിനിടയിൽ ബാങ്ക് ഡയറക്ടർ ഗീതയുടെ വ്യാജ കൈയ്യൊപ്പ് രേഖപ്പെടുത്തി ഡിസിസി മെമ്പർ ഏ.വി. കുഞ്ഞികൃഷ്ണൻ 8 ലക്ഷം രൂപ കാലിക്കടവ് കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ നിന്ന് തട്ടിയെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് 8 മാസക്കാലം ഗീത ബാങ്ക് ഡയറക്ടർ ബോർഡ് യോഗത്തിൽ സംബന്ധിച്ചതുമില്ല. പിന്നീട് പണം തട്ടിയെടുത്ത ഏ.വി. കുഞ്ഞികൃഷ്ണന്റെ സ്വന്തം വീട്ടു പറമ്പിന്റെ ഒരു ഭാഗം, പിലിക്കോട് തോട്ടം തൊഴിലാളി സംഘടനയ്ക്ക് റജിസ്റ്റർ ചെയ്തു കൊടുത്തതിന് ശേഷമാണ് ഗീത ബാങ്ക് ഡയറക്ടർ യോഗത്തിൽ ഹാജരായത്.
അതിനിടയിൽ സ്വന്തം മകന് ബാങ്കിൽ ജോലി നൽകണമെന്ന ആവശ്യമുന്നയിച്ച മറ്റൊരു ഡയറക്ടർ പി.വി.ടി. നളിനിയുടെ ആവശ്യം ബാങ്ക് ഡയറക്ടർ ബോർഡ് പാടെ തള്ളിക്കളഞ്ഞതിനാൽ, പി.വി.ടി. നളിനി ഡയറക്ടർ സ്ഥാനം രാജിവെച്ചു കൊണ്ട് ബാങ്ക് പ്രസിഡണ്ടിന് കത്തു നൽകിയെങ്കിലും രാജി സ്വീകരിച്ചില്ല. പി.വി.ടി. നളിനിയെ ഡയറക്ടർ ബോർഡ് അംഗമാക്കിയത്. കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ അല്ലെന്നും, കുശവ സമുദായത്തിന് നൽകിയ പരിഗണനയിലാണെന്നും, ബാങ്ക് പ്രസിഡണ്ട് പിവിടി നളിനിയോട് പറയുകയും, രാജി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിലിക്കോട് ബാങ്കിൽ രണ്ടു വർഷം മുമ്പ് നടന്ന 86 ലക്ഷം രൂപയുടെ മുക്കുപണ്ടത്തട്ടിപ്പ് കേസ്സിൽ പ്രതിയായ ബാങ്ക് മാനേജർ കാലിക്കടവിലെ ശരത്ചന്ദ്രൻ ഈ കേസ്സിൽ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്.