ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിലെ നിയമന വിവാദങ്ങളെത്തുടർന്നുണ്ടായ സംഭവ വികാസങ്ങൾ പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ ഇരു ഗ്രൂപ്പുകൾ തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് നയിക്കുന്നു. ബാങ്കിലെ പ്യൂൺ നിയമനത്തിൽ അഴിമതിയാരോപിച്ച് കോൺഗ്രസ് ഐ വിഭാഗം ബാങ്ക് പ്രസിഡണ്ടിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയതോടെയാണ് പിലിക്കോട് മണ്ഡലം കോൺഗ്രസിൽ ഗ്രൂപ്പുകൾ തമ്മിലുള്ള കലഹം തെരുവിലെത്തിയത്.
കോൺഗ്രസ് ഏ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ അടുത്ത കാലത്തായി നടന്ന പ്യൂൺ നിയമനത്തിൽ 7 ലക്ഷം രൂപ കോഴ വാങ്ങിയിട്ടുണ്ടന്ന ആരോപണവുമായാണ് ഐ വിഭാഗം രംഗത്തെത്തിയത്. ഏറ്റവുമൊടുവിൽ ഈ വിഷയം ബാങ്ക് പ്രസിഡണ്ട് ഏ. വി. ചന്ദ്രന്റെ വീട്ടിലേക്ക് ഐ വിഭാഗം പ്രതിഷേധ മാർച്ച് നടത്തുന്നതു വരെ നീണ്ടു.
ഇതിന് പിന്നാലെയാണ് ബാങ്കിനെ തകർക്കാൻ ഐ വിഭാഗം ശ്രമിക്കുകയാണെന്ന ആരോപണവുമായി ബാങ്ക് പ്രസിഡണ്ട് ഏ. വി. ചന്ദ്രന്റെ നേതൃത്വത്തിൽ ചെറുവത്തൂരിൽ പത്രസമ്മേളനം വിളിച്ചു ചേർത്തത്. 2019 ൽ ഭരണ സമിതി നിലവിൽ വന്നത് മുതൽ ഏ ഗ്രൂപ്പിലെ ഉപജാപക സംഘം ബാങ്കിനെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഏ വിഭാഗത്തിന്റെ ആരോപണം. ഇവർ ബാങ്ക് പ്രസിഡണ്ടിനെയുൾപ്പെടെ നിരന്തരം വേട്ടയാടുകയാണെന്നും ഏ വിഭാഗം ആരോപിക്കുന്നു.
മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഐ വിഭാഗം നടത്തുന്ന അപഹാസ്യ നീക്കങ്ങൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് ഏ വിഭാഗം ആരോപിക്കുന്നത്. ബാങ്കിനെക്കുറിച്ച് സിപിഎം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് കോൺഗ്രസിലെ ഒരു വിഭാഗം നടത്തുന്നതെന്നും ഏ വിഭാഗം പറയുന്നു. കഴിഞ്ഞ ദിവസം ചെറുവത്തൂരിൽ വിളിച്ച പത്ര സമ്മേളനത്തിൽ ബാങ്ക് പ്രസിഡണ്ട് ഏ. വി. ചന്ദ്രന് പുറമെ ബാങ്ക് ഡയറക്ടർമാരായ കെ. വി. ദാമോദരൻ, എം. ദാമോദരൻ, ഏ വിഭാഗം നേതാക്കളായ പി. വി. സുരേഷ്. ഏ. കുഞ്ഞികൃഷ്ണൻ, വി. ഗീത, ടി. ടി. വി. ഉഷാകുമാരി, കെ. ധനരാജ്, കെ. പി. നാരായണൻ എന്നിവരും ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന് പകരം പിലിക്കോട് ബാങ്കിനെച്ചൊല്ലി നേതാക്കൾ നടത്തുന്ന ഗ്രൂപ്പ് യുദ്ധത്തിൽ അണികൾക്കിടയിൽ ശക്തമായ അമർഷമുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾക്ക് പുറമെയാണ് പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾ. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഗ്രൂപ്പിനതീതമായി ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ട സമയത്ത് പിലിക്കോട് സഹകരണ ബാങ്കിനെച്ചൊല്ലി വിവാദങ്ങളുണ്ടാക്കി സമയം പാഴാക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നടപടിയിൽ കോൺഗ്രസ് പ്രവർത്തകർ നിരാശയിലാണ്. തർക്കങ്ങൾക്ക് താൽക്കാലിക വിരാമമിട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിറങ്ങിയില്ലെങ്കിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കനത്ത പരാജയമേറ്റുവാങ്ങേണ്ടി വരുമെന്നും അണികൾ ഭയക്കുന്നു.