ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. വധശ്രമക്കേസിൽ വിചാരണക്കോടതി 10 വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്നാണ് എൻസിപി നേതാവ് മുഹമ്മദ് ഫൈസലിനെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്.
എന്നാൽ വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിനെ വിചാരണക്കോടതി ശിക്ഷിച്ചതും കുറ്റക്കാരനാക്കിയതും ഹൈക്കോടതി സസ്പെൻഡ് ചെയ്തിരുന്നു. മുഹമ്മദ് ഫൈസൽ നൽകിയ അപ്പീൽ തീർപ്പാക്കുന്നത് വരെയാണ് നടപടി. ഹൈക്കോടതി വിധിയെ തുടർന്ന് മുഹമ്മദ് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയീദിന്‍റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിൽ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ എല്ലാ പ്രതികൾക്കും കവരത്തി സെഷൻസ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസൽ.
മുഹമ്മദ് ഫൈസലിന്‍റെ കേസ് അപൂർവവും അസാധാരണവുമായ സാഹചര്യത്തിലുള്ളതാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് വലിയ ചെലവിന് കാരണമാകുമെന്നും വിജയിക്ക് ഒന്നര വർഷത്തിൽ താഴെ മാത്രമേ കാലാവധിയുണ്ടാകുവെന്നും ചൂണ്ടിക്കാട്ടി ശിക്ഷ താൽക്കാലികമായി നിർത്തിവെക്കുകയാണുണ്ടായത്. വിചാരണക്കോടതി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് അപ്പീൽ കോടതി സസ്പെൻഡ് ചെയ്താൽ അയോഗ്യത ഇല്ലാതാകുമെന്നും കോടതി വ്യക്തമാക്കി. മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സസ്പെൻഡ് ചെയ്തില്ലെങ്കിൽ രാജ്യത്തിനു വലിയ വിനയായി വരുമെന്നും കോടതി നിരീക്ഷിച്ചു. വിചാരണക്കോടതിയുടെ നടപടി സസ്പെൻഡ് ചെയ്തില്ലെങ്കിൽ ജനപ്രാതിനിധ്യ നിയമപ്രകാരം മുഹമ്മദ് ഫൈസലിന് അയോഗ്യതയുണ്ടാകും.