മാണി സി കാപ്പന്റെ ജയം ചോദ്യം ചെയ്തുള്ള ഹർജി; പുതിയ അഭിഭാഷകനെ തിരഞ്ഞെടുക്കാൻ നിർദേശം

ന്യൂഡൽഹി: പാലാ നിയോജക മണ്ഡലത്തിൽ മാണി സി കാപ്പൻ വിജയിച്ചതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകിയ വ്യക്തിക്ക് പുതിയ അഭിഭാഷകനെ തിരഞ്ഞെടുക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മാണി സി കാപ്പന്‍റെ വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച രണ്ട് ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മണ്ഡലത്തിലെ വോട്ടറായ സണ്ണി ജോസഫും സ്വതന്ത്ര സ്ഥാനാർത്ഥി സി.വി.ജോണും ആണ് ഹർജിക്കാർ. ഇതിൽ സി.വി.ജോൺ നേരിട്ട് ഹാജരായി ഹൈക്കോടതിയിൽ വാദിക്കാൻ ശ്രമിച്ചു. എന്നാൽ, കേസ് ശരിയായി വാദിക്കാൻ കഴിയാത്തതിനാൽ ഹൈക്കോടതി സീനിയർ അഭിഭാഷകനായ പി. വിശ്വനാഥിനെ സി.വി. ജോണിന്റെയും സണ്ണി ജോസഫിന്റെയും അഭിഭാഷകനായി നിയമിച്ചു. ഇതിനെതിരെ മാണി സി കാപ്പൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

സണ്ണി ജോസഫ് സമർപ്പിച്ച ഹർജിയിൽ എതിർകക്ഷികളിൽ ഒരാളാണ് സി.വി. ജോൺ. ഇരുവർക്കും വേണ്ടി വിശ്വനാഥന് ഒരേ സമയം ഹാജരാകാൻ കഴിയില്ലെന്ന് മുതിർന്ന അഭിഭാഷകൻ വി ചിദംബരേഷ് വാദിച്ചു. മാണി സി കാപ്പന്‍റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നും ജോസ് കെ മാണിയെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സണ്ണി ജോസഫിന്‍റെ ഹർജിയിലെ ആവശ്യങ്ങളിലൊന്ന്.

K editor

Read Previous

ബസുകളിലെ പരസ്യം, സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് കെഎസ്ആർടിസി

Read Next

കൊടുവള്ളിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ മർദ്ദിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികൾ