പെരിയ പ്രതികളുടെ ഭാര്യമാരുടെ നിയമനം ന്യായീകരിച്ച്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ താത്ക്കാലിക നിയമനം നല്‍കിയതിനെ ന്യായീകരിച്ച്‌ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്. അനധികൃത നിയമനമെന്ന ആരോപണം നിഷേധിച്ച പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ ഹോസ്പിറ്റല്‍ സൂപ്രണ്ടും നഴ്സിംഗ് സൂപ്രണ്ടുമടക്കമുള്ളവര്‍  ഇന്‍റർവ്യൂ നടത്തി തെരഞ്ഞെടുത്തതാണെന്നും അതില്‍ ഒരു അസ്വാഭാവികതയില്ലെന്നും പറഞ്ഞു.

അവര്‍ തയ്യാറാക്കിയ പട്ടിക അംഗീകരിക്കുക മാത്രമാണ് ചെയ്തത്. കുടുംബ പശ്ചാത്തലം പരിശോധിച്ചിട്ടിരുന്നില്ല. താല്‍ക്കാലിക അടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലാണ് നിയമനം. പ്രതികളുടെ ഭാര്യമാര്‍ വന്നത് യാദൃശ്ചികം മാത്രമാണ്. പ്രതികളുടെ ഭാര്യമാരാണെന്നൊന്നും ഇന്‍റർവ്യു നടത്തിയവര്‍ക്കറിയില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താക്കന്‍മാര്‍ പ്രതികളായാല്‍ ഭാര്യമാര്‍ക്ക് ജീവിക്കണ്ടേ? പ്രതികളുടെ ഭാര്യമാര്‍ ആയതു കൊണ്ട് മനുഷ്യാവകാശം ഇല്ലേ? കോവിഡും ലോക്ക്ഡൗണ്‍ സാഹചര്യങ്ങളും ഉള്ളതിനാല്‍ പലരും വരാന്‍ മടിച്ചിരുന്നു. ഒരേ പ്രദേശത്ത് നിന്നുള്ളവരായതുകൊണ്ട് ഇവരെ പരിഗണിച്ചാതാകാം. പ്രതികളുടെ ഭാര്യമാര്‍ എന്നത് കൊണ്ട് ജോലി ചെയ്യാന്‍ അവകാശമില്ലെന്നാണോ? അവരും പൗരന്മാരല്ലേയെന്നും ബേബി ബാലകൃഷ്ണന്‍ ചോദിച്ചു.

പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി പീതാബരനടക്കം ആദ്യ മൂന്ന് പ്രതികളുടേയും ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയിലെ സ്വീപ്പര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നല്‍കിയ നടപടിക്കെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെയാണ് വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തിയത്. പ്രതികളുടെ ഭാര്യമാര്‍ക്ക് അനധികൃത നിയമനം നല്‍കിയെന്നാരോപിച്ച്‌ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

Read Previous

നബീക്ക ഒഡീഷൻ കാസർകോട്ട്

Read Next

മോഷ്ടാവ് ഹോട്ടലിൽ നിന്നും മദ്യം കുടിച്ച് സ്ഥലം വിട്ടു