കല്ല്യോട്ട് കൊലക്കേസ് പ്രതിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

ബേക്കൽ: കല്ല്യോട്ട് ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ ഭാര്യയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും, അശ്ലീല ഭാഷയിൽ  സംസാരിക്കുകയും, ചെയ്ത കോൺഗ്രസ് പ്രവർത്തകനെതിരെ പോലീസ് കേസ്. കെ.പി.സിസി പ്രസിഡന്റ് കെ. സുധാകരന്റെ അടുത്ത അനുയായിയെന്നവകാശപ്പെടുന്ന പയ്യന്നൂർ അന്നൂരിലെ വത്സൻ എന്ന കോൺഗ്രസ് പ്രവർത്തകനാണ് ഇരട്ടക്കൊലക്കേസ് പ്രതികളിൽ ഒരാളുടെ ഭാര്യയെ നിരന്തരം ഫോണിൽ വിളിച്ച് അശ്ലീലഭാഷയിൽ സംസാരിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തത്.

കണ്ണൂർ എം.പിയും, കെ.പി.സി.സി പ്രസിഡണ്ടുമായ കെ. സുധാകരൻ തന്റെ അടുത്തയാളാണെന്നും, ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്റെ കീശയിലാണെന്നും അവകാശപ്പെട്ടാണ് വത്സൻ ഭർതൃമതിയെ നിരന്തരം  ഭീഷണിപ്പെടുത്തുകയും , തെറി വിളിക്കുകയും  ചെയ്തതെന്നാണ് കേസ്. പോലീസിൽ പരാതിപ്പെട്ടാലും കേസ് ഇല്ലാതാക്കുമെന്ന് കോൺഗ്രസ് പ്രവർത്തകൻ ഭർതൃമതിയെ ഭീഷണിപ്പെടുത്തി. ശല്യം സഹിക്കാതെ വന്നപ്പേൾ,  യുവതി ഫോൺ സംഭാഷണം റെക്കാർഡ് ചെയ്ത് പോലീസിനെ ഏൽപ്പിക്കുകയും, പോലീസിൽ പരാതി കൊടുക്കുകയുമായിരുന്നു. പരാതിയിൽ ബേക്കൽ പോലീസ് വത്സനെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കല്ല്യോട്ട് നടന്ന കൃപേഷ്-ശരത്്ലാൽ അനുസ്മരണച്ചടങ്ങിൽ കെ. സുധാകരന്റെ അനുയായികൾ മുൻ എം.എൽഏ കെ. കുഞ്ഞിരാമനെതിരെ പരസ്യമായി വധ ഭീഷണി മുഴക്കിയ സംഭവത്തിന് പിന്നാലെയാണ് കെ. സുധാകരന്റെ അനുയായിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്  പ്രവർത്തകൻ കൊലക്കേസ് പ്രതിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തിയത്.

Read Previous

പെരിയ പ്രതികളുടെ ഭാര്യമാരുടെ ജോലിക്ക് പിന്നിൽ പി. ബേബിയും , കെ. മണികണ്ഠനും

Read Next

വാഴനട്ടു പ്രതിഷേധിച്ച പാർട്ടി പ്രവർത്തകർക്ക് എതിരെ വി. വി. രമേശൻ പോലീസിൽ പരാതി നൽകി