പെരിയ പ്രതികളുടെ ഭാര്യമാരുടെ ജോലിക്ക് പിന്നിൽ പി. ബേബിയും , കെ. മണികണ്ഠനും

കാഞ്ഞങ്ങാട്:  കേരളം നടുങ്ങിയ പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസ്സിലെ  പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയ വിവാദ  സംഭവം സിപിഎം ജില്ലാ നേതൃത്വം അറിഞ്ഞില്ല. ഇന്നലെ കാസർകോട്ട് ചേർന്ന പാർട്ടി ജില്ലാ കമ്മിറ്റി ഈ വിഷയം ഏറെ ഗൗരവത്തിൽ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ മടിക്കൈയിലെ പെരിയേടത്ത് ബേബിയും, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ കെ. മണികണ്ഠനുമാണ് കൊലക്കേസ്സ് പ്രതികളുടെ ഭാര്യമാർക്ക് നേരിട്ട്  ജോലി നൽകിയ ബുദ്ധി കേന്ദ്രം. പെരിയ കൊലകേസ്സിലെ ഒന്നാം പ്രതി പീതാംബരന്റെ ഭാര്യ പി. മഞ്ജുഷ, രണ്ടാം പ്രതി സജി. സി. ജോർജിന്റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി കെ. എം. സുരേഷിന്റെ ഭാര്യ എസ്. ബേബി എന്നിവർക്കാണ് ജില്ലാ ആശുപത്രിയിൽ ആറ് മാസത്തേക്ക് നിയമനം നൽകിയത്. ജില്ലാ ആശുപത്രി മാനേജ്മെന്റെ് കമ്പനി (എച്ച്എംസി) നേരിട്ട് അഭിമുഖം നടത്തിയാണ് മൂന്ന് സ്ത്രീകൾക്കും ജോലി നൽകിയത്.  ശുചീകരണ വിഭാഗത്തിലേക്ക് നടത്തിയ കൂടിക്കാഴ്ചയിൽ 450 അപേക്ഷകളുണ്ടായിരുന്നു .

100 പേരുടെ പട്ടിക തയ്യാറാക്കിയപ്പോൾ മഞ്ജുഷയ്ക്ക് 78-ഉം ചിഞ്ചു വിന്  77-ഉം വീതം മാർക്ക് ലഭിച്ചതോടെ ആദ്യത്തെ മൂന്ന് റാങ്കുകാർ ഇവരായി മാറി. ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബി എന്നിവരാണ്  ഉദ്യോഗാർത്ഥികളുമായി നേരിട്ട് അഭിമുഖം നടത്തിയത്. 13, 500 രൂപയാണ് ഇവർക്ക് ശമ്പളം.  പാർട്ടിയുമായി ആലോചിക്കാതെ പി. ബേബിയും, കെ. മണികണ്ഠനും നടത്തിയ നിയമനം പാർട്ടിക്കകത്ത് പൊട്ടാനിരിക്കുന്ന സ്റ്റീൽ ബോംബായി മാറിയിട്ടുണ്ട്.

LatestDaily

Read Previous

അജ്ഞലി ദുരൂഹത ഇരട്ടിച്ചു

Read Next

കല്ല്യോട്ട് കൊലക്കേസ് പ്രതിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്