ആ ബൈക്ക് ഹൊസ്ദുർഗ് സ്റ്റേഷൻ വളപ്പിൽ

കാഞ്ഞങ്ങാട്:  പെരിയ ഇരട്ടക്കൊലപാതക കേസ്സിൽ ബേക്കൽ പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും കാണാതായ മോട്ടോർ ബൈക്ക് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ വളപ്പിൽ കണ്ടെത്തി. കല്ല്യോട്ട്  ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസ്സിൽ വെളുത്തോളിയിൽ നിന്നും കേസ്സിലെ എട്ടാം പ്രതി സുഭീഷ് സഞ്ചരിച്ച ഹോണ്ട ഷൈൻ മോട്ടോർ ബൈക്ക് ക്രൈം ബ്രാഞ്ച് സംഘം ബേക്കൽ പോലീസിൽ സുക്ഷിക്കാനേൽപ്പിച്ചെങ്കിലും, പിന്നീട് കാണാതാവുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ബൈക്ക്  ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ വളപ്പിൽ കണ്ടെത്തിയത് പോലീസ് സ്റ്റേഷനും പഴയ ഡിവൈഎസ്പി ഒാഫീസിന് പിറകിൽ  സ്ഥലത്തുള്ള   മറ്റ് കസ്റ്റഡി വാഹനങ്ങൾക്കൊപ്പമാണ് ബൈക്ക് കണ്ടെത്തിയത്. പെരിയ കൊലക്കേസ്സിൽപ്പെട്ട സുഭീഷിന്റെ ബൈക്ക് ഹൊസ്ദുർഗ് സ്റ്റേഷൻ വളപ്പിൽ പോലീസ് ഇന്നലെ വീണ്ടും പരിശോധിച്ച് ബേക്കൽ സ്റ്റേഷൻ വളപ്പിൽ നിന്നും കാണാതായ ബൈക്ക് തന്നെയാണെന്നുറപ്പാക്കി.

ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത 12 വാഹനങ്ങൾ ഉൾപ്പെടെ തൊണ്ടി മുതലുകൾ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഇപ്പോൾ കേസ്സന്വേഷിക്കുന്ന സിബിഐ സംഘം  എറണാകുളം സിബിഐ കോടതിയിൽ ഹരജി ഫയൽ ചെയ്തതിനെത്തുടർന്ന് കാസർകോട് സിജെഎം കോടതി തൊണ്ടിമുതലുകൾ സിബിഐക്ക്  കൈമാറിയിരുന്നു. കേസ്സിലുൾപ്പെട്ട 12 വാഹനങ്ങളിൽ 11 എണ്ണം കാസർകോട് ക്രൈം ബ്രാഞ്ച് ഒാഫീസ് കോമ്പൗണ്ടിൽ നിന്ന് സിബിഐ സംഘം ഏറ്റു വാങ്ങിയിരുന്നു.

കുറ്റപത്രത്തിൽ രേഖപ്പെടുത്തിയ എട്ടാം പ്രതി സുഭീഷിന്റെ ബൈക്ക് കാണാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ബേക്കൽ പോലീസ് സ്റ്റേഷൻ വളപ്പിൽ സേഫ് കസ്റ്റഡിയിലുള്ളതായി ക്രൈം ബ്രാഞ്ച് സിബിഐയെ അറിയിച്ചത്.  എന്നാൽ, ബേക്കൽ സ്റ്റേഷനിൽ സിബിഐ എത്തിയപ്പോൾ,  ബൈക്ക് കോടതിയിൽ ഹാജരാക്കാൻ  ക്രൈം ബ്രാഞ്ച് കൊണ്ടു പോയതായി പോലീസ് വ്യക്തമാക്കി. തുടർന്ന് മൂന്ന് ദിവസമായി നടന്ന അന്വേഷണത്തിനൊടുവിലാണ് ബൈക്ക് ഹൊസ്ദുർഗ് സ്റ്റേഷൻ വളപ്പിൽ കണ്ടെത്തിയത്.

Read Previous

ഡയറക് ടർമാരിൽ ചിലർ സ്വർണ്ണം കടത്തിയത് ഖമറുദ്ദീന്റെ അറിവോടെ: പൂക്കോയ

Read Next

ആൾമാറാട്ടവും ബലാത്സംഗവും പാണത്തൂർ യുവാവിനെതിരെ കേസ്സ്