ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഔഫ് കൊലയുടെ പാർട്ടി ചുമതലക്കാരായ വി. വി. രമേശനും, ഷുക്കൂർ വക്കീലും, പി. കെ. നിഷാന്തും പ്രതിക്കൂട്ടിൽ
കാഞ്ഞങ്ങാട്: പ്രമാദമായ പെരിയ കല്ല്യോട്ട് രാഷ്ട്രീയ കൊലക്കേസ്സിൽ സിപിഎം പ്രവർത്തകരായ അഞ്ചു പ്രതികൾ കഴിഞ്ഞ രണ്ടു വർഷക്കാലമായി കണ്ണൂർ ജയിലിൽ റിമാന്റ് തടവിൽ കഴിയുമ്പോൾ, ഡിവൈഎഫ്ഐ പ്രവർത്തകൻ കല്ലൂരാവിയിലെ ഔഫ് അബ്ദുൾ റഹ്മാനെ 26, നെഞ്ചിൽ കഠാര കുത്തിയിറക്കി കൊലപ്പെടുത്തിയ കേസ്സിലെ മുസ്ലീം ലീഗ് പ്രതികൾ അൽഭുതം സൃഷ്ടിച്ച് ജാമ്യത്തിലിറങ്ങി. ഭരണവും തുടർഭരണവും, സിപിഎമ്മിന്റെ കൈയ്യിലുണ്ടായിട്ടും, കാന്തപുരം സുന്നി പ്രവർത്തകൻ കൂടിയായ ഔഫ് അബ്ദുൾ റഹ്മാൻ കൊലക്കേസ്സ് പ്രതികൾ ആറുമാസത്തെ മാത്രം റിമാന്റ് തടവിൽ നിന്ന് നാടിനെ നടുക്കി പുറത്തു വന്നത് 2021 ജൂൺ 17-നാണ്. ഔഫ് കൊലക്കേസ്സിലെ സജീവ മുസ്ലീം ലീഗ് പ്രവർത്തകരായ പ്രതികളെ ജാമ്യത്തിലിറക്കാൻ സകല സമ്മർദ്ദ തന്ത്രങ്ങളും നടത്തിയത് കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലീം ലീഗ് ഭാരവാഹികളാണ്. പ്രതികളെ എത്രയും പെട്ടെന്ന് ജയിൽമോചിതരാക്കാൻ മുസ്ലീം ലീഗ് 10 ലക്ഷം രൂപ പ്രവാസികളിൽ നിന്ന് സമാഹരിച്ചിരുന്നു.
ലീഗ് നേതാവ് ഖാലിദ് വക്കീലും, അഭിഭാഷകൻ നുസൈബ് വക്കീലുമാണ് ഇവരുെട ജാമ്യത്തിന് ചുക്കാൻ പിടിച്ചത്. പ്രതികളായ പി. എം. ഇർഷാദ് 26, ഹസൈൻ. പി. എന്ന അസൻ, മുഹമ്മദ് ഷാഹിർ എന്നിവർക്ക് കാസർകോട് ജില്ലയിൽ പ്രവേശിക്കരുതെന്ന കർശന വ്യവസ്ഥയിൽ കേരള ഹൈക്കോടതിയാണ് രണ്ടാഴ്ച മുമ്പ് ജാമ്യം അനുവദിച്ചത്. മുസ്ലീം ലീഗുകാരായ പ്രതികൾ എളുപ്പത്തിൽ ജാമ്യത്തിലിറങ്ങാതിരിക്കാനുള്ള സിപിഎം നിർദ്ദേശമനുസരിച്ച് ഈ കേസ്സിന്റെ മൊത്തം ചുമതല സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഏൽപ്പിച്ചത് കാഞ്ഞങ്ങാട്ടെ നാല് പാർട്ടി ഭാരവാഹികളെയാണ്.
നഗരസഭാ കൗൺസിലർ വി. വി. രമേശൻ, പാർട്ടിയംഗം ഷുക്കൂർ വക്കീൽ, മുൻ കൗൺസിലർ കുറുന്തൂരിലെ വി. സുകുമാരൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കല്ലൂരാവിയിലെ പി. കെ. നിഷാന്ത് എന്നിവരെയാണ് ഔഫ് വധക്കേസ്സ് പ്രതികളുടെ ജാമ്യം തടയാനുള്ള ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചത്.ഇവരുടെ നോട്ടക്കുറവ് ഒന്നുകൊണ്ട് മാത്രമാണ് ഔഫ് അബ്ദുൾറഹ്മാൻ കൊലക്കേസ്സ് പ്രതികൾ വെറും ആറു മാസത്തിനകം ജാമ്യം സമ്പാദിച്ച് ഇപ്പോൾ ജയിൽമോചിതരായത്. ഭരണയന്ത്രം കൈയ്യിലുണ്ടായിട്ടും ലീഗ് പ്രതിളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ ശക്തമായി എതിർക്കാൻ ഔഫ് കേസ്സ് ചുമതലപ്പെട്ട വി. വി. രമേശൻ ഷുക്കൂർ കമ്പനിക്ക് എന്തുകൊണ്ടോ സാധിച്ചില്ല. സംസ്ഥാന സർക്കാരിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഔഫ് പ്രതികളുടെ ജാമ്യാപേക്ഷ നിസ്സാരവൽക്കരിച്ചതാണ് മുസ്ലീം ലീഗ് പ്രതികൾ ഇത്രയും എളുപ്പത്തിലും പെട്ടെന്നും ജാമ്യത്തിലിറങ്ങാൻ കാരണമായത്.
ഹൈക്കോടതി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനെ നേരിട്ടുകണ്ട്, പ്രതികളുടെ ജാമ്യാപേക്ഷയെ എതിർക്കാനുള്ള പാർട്ടി താൽപ്പര്യം ബോധ്യപ്പെടുത്തിയിരുന്നുവെങ്കിൽ, ഡിവൈഎഫ്ഐ പ്രവർത്തകനെ കശാപ്പു ചെയ്ത മുസ്ലീം ലീഗ് പ്രതികൾക്ക് ഇത്ര പെട്ടെന്ന് ജാമ്യം ലഭിക്കുമായിരുന്നില്ല. തൽസമയം പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസ്സ് പ്രതികളായ ഒന്നാം പ്രതി പീതാംബരൻ, സജിത്, സുബീഷ് അടക്കമുള്ള അഞ്ചു പ്രതികൾ കഴിഞ്ഞ രണ്ടു വർഷമായി ജാമ്യം ലഭിക്കാതെ കണ്ണൂർ ജയിലിൽ റിമാന്റ് തടവിലാണ്.