പെരിങ്ങോം കൂട്ടബലാത്സംഗത്തിൽ 7 പ്രതികൾ ഇരുപത്തിയഞ്ചുപേർ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി

പെരിങ്ങോം : പെരിങ്ങോം കൂട്ടബലാത്സംഗക്കേസിൽ  പുറത്ത് വന്നു കൊണ്ടിരിക്കുന്നത് നടുക്കുന്ന വിവരങ്ങൾ. പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന  പതിനേഴുകാരിയെ പീഡിപ്പിച്ച സംഘത്തിൽ ഇരുപത്തിയഞ്ചിലധികം  അധികം ആൾക്കാരുണ്ടെന്നാണ് വിവരം.

എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി ആദ്യമായി ലൈംഗിക പീഡനത്തിനിരയായത്. കുപ്പോൾ സ്വദേശിയായ രജീഷാണ് പെൺകുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയത്. രജീഷാണ് പീഡന വിവരം സുഹൃത്തുക്കളെ അറിയിച്ച് മറ്റുള്ള പ്രതികൾക്ക് കൂടി പെൺകുട്ടിയെ കാണിച്ചു കൊടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. പെൺകുട്ടി ഒക്ടോബർ 14–നാണ് ഏറ്റവുമൊടുവിൽ രണ്ടംഗ സംഘത്തിന്റെ പീഡനത്തിനിരയായത്. ഒാട്ടോഡ്രൈവറായ കാങ്കോൽ കാളീശ്വരത്തെ പുളുക്കൂൽ ദിലീപാനാണ്  പെൺകുട്ടിയെ ഒാട്ടോയിൽ  കയറ്റിക്കൊണ്ടു പോയി സുഹൃത്തായ കാങ്കോൽ കല്ലേൻ ഹൗസിൽ സി. പ്രജിത്തിനൊപ്പം ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

ഈ സംഭവത്തോടെ ഒക്ടോബർ 17 മുതൽ പെൺകുട്ടി നാട്ടിൽ നിന്ന് അപ്രതക്ഷയായി പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ  പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയെ മട്ടന്നൂർ പോലീസ് പിടി കൂടിയതും ചൈൽഡ് ലൈനിൽ വിവരമറിയിച്ചതും. തുടർന്ന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന പരമ്പരയുെട കഥകൾ വെളിച്ചത്തു വന്നത്.

പീഡനക്കേസിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ തളിപ്പറമ്പ് ഡി.വൈ.എസ്.പി, ടി.കെ. രത്നകുമാർ അന്വേഷണം ഏറ്റെടുക്കുകയും തുടർന്ന് ഡി.വൈ. എസ്. പിയുടെ ക്രൈം സ്ക്വാഡ്  അംഗങ്ങളായ എസ്. ഐ, ഗിരീശൻ, ഏ. എസ്. ഐമാരായ സത്യൻ, റൗഫ്, സിവിൽ പോലീസ് ഒാഫീസർമാരായ സുരേഷ് കക്കറ, കെ. സിന്ധു, ടി. കെ ഗിരീഷ്  എന്നിവരടങ്ങുന്ന സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പെരിങ്ങോം കൂട്ടബലാത്സംഗക്കേസിൽ പെരിങ്ങോം പോലീസിൽ നിലവിൽ 4 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിൽ 5 പ്രതികൾ അറസ്റ്റിലായി. ഇരയുടെ വെളിപ്പെടുത്തൽ പ്രകാരം വരും ദിവങ്ങളിൽ കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുമെന്നാണ് പോലീസ് നൽകുന്ന  സൂചന.

കണ്ണൂർ കാസർകോട് ജില്ലകളിലായി നിരവധി പേർ പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. പെൺകുട്ടിയെ ചെറുവത്തൂരിലെ ലോഡ്ജിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കിയതായും ,വ്യക്തമായിട്ടുണ്ട്.

പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയവരെല്ലാം കുട്ടിയെ തങ്ങളുടെ സുഹൃത്തുക്കൾക്കും കാഴ്ച വെച്ചതായി വിവരം ലഭിച്ചു. തന്നെ പീഡിപ്പിച്ചവരുടെ നീണ്ട ലിസ്റ്റാണ് പെൺകുട്ടി മൊഴി നൽകുന്നതിനിടെ പോലീസിന് കൈമാറിയിട്ടുള്ളത്.

ഇപ്പോൾ 17 വയസ് പ്രായമുള്ള പെൺകുട്ടി 5 വർഷത്തോളമായി നിരവധി പേരുടെ  ലൈംഗിക ചൂഷണത്തിനിരയായിരുന്നതായി വ്യക്തമായിട്ടുണ്ട്. പെരിങ്ങോം പീഡനക്കേസിൽ  ഏറ്റവുമൊടുവിൽ അറസ്റ്റിലായ ദിലീപ് , പ്രജിത്ത് എന്നിവരെ കോടതി റിമാന്റ് ചെയ്തു. ദിലീപും, പ്രജിത്തും ചേർന്ന് പെൺകുട്ടിയെ ഒാട്ടോയിൽ മാത്തിൽ വൈപ്പിരിയത്തെത്തിച്ചാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

LatestDaily

Read Previous

മടിക്കൈ ഓടപ്പണി സംശയ നിഴലിൽ

Read Next

പെരിങ്ങോം പെൺകുട്ടിയെ ചെറുവത്തൂർ ലോഡ്ജിൽ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ