ജനങ്ങൾ ഇടതുഭരണത്തിന് നൽകിയ ഭൂരിപക്ഷം

ഉദുമ: മണ്ഡലത്തിലെ വോട്ടർമാർ പിണറായി സർക്കാറിന്റെ 5 വർഷക്കാലത്തെ സദ്ഭരണത്തിന് നൽകിയ ഭൂരിപക്ഷമാണ് ഉദുമയിൽ തനിക്ക് ലഭിച്ച 13,322 വോട്ടുകളുടെ ഭൂരിപക്ഷമെന്ന് ഉദുമയിൽ വിജയിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പു ലേറ്റസ്റ്റിനോട് പ്രതികരിച്ചു. മണ്ഡലത്തിൽ ഉദുമ ഗ്രാമ പഞ്ചായത്തിന്റെ യുഡിഎഫ് മേഖലകളിൽ നിന്ന് വോട്ടുകൾ കിട്ടാൻ കാരണം, തന്റെ ആദ്യകാല സഹവാസം ഉദുമയിലാണെന്നതിനാലാണെന്നും കുഞ്ഞമ്പു പറഞ്ഞു.

ജനിച്ചത് കീഴൂരിലും, വളർന്നത് ബേഡകത്തുമാണ്. കാസർകോടിന് സിപിഎമ്മിൽ നിന്ന് ഒരു മന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലല്ലോ എന്നാരാഞ്ഞപ്പോൾ അക്കാര്യം പാർട്ടി തീരുമാനിക്കട്ടെ എന്ന് കുഞ്ഞമ്പു പറഞ്ഞു. 2016-ൽ ഉദുമയിൽ വിജയിച്ച സിപിഎമ്മിലെ കെ. കുഞ്ഞിരാമന്റെ ഭൂരിപക്ഷം 3347 വോട്ടുകളാണ്. ഇത്തവണ കുഞ്ഞമ്പു ആ ഭൂരിപക്ഷം നാലിരട്ടിയാക്കി ഉയർത്തി.

2016-ൽ കോൺഗ്രസ് നേതാവ് കെ. സുധാകരനോടാണ് കെ. കുഞ്ഞിരാമൻ ഏറ്റുമുട്ടിയത്. ഇത്തവണ ഉദുമ മണ്ഡലത്തിൽ കല്ല്യോട്ട് പ്രദേശം ഉൾപ്പെടുന്ന പുല്ലൂർ പെരിയ പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പാർട്ടി ഏൽപ്പിച്ചത് കാഞ്ഞങ്ങാട്ടെ എം. രാഘവനെയാണ്. മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങാൻ സർക്കാർ ജോലി രാജിവെച്ച എം. രാഘവൻ നിലവിൽ  സിപിഎം കാഞ്ഞങ്ങാട് ഏസി അംഗമാണ്.

മന്ത്രി കെ.ടി. ജലീലിന്റെ അസി. സിക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്ന രാഘവൻ 2 മാസം മുമ്പാണ് സർക്കാർ ജോലി രാജിവെച്ചത്. മണ്ഡലത്തിൽ എം. രാഘവന്റെ  പ്രവർത്തനം തന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിൽ മുഖ്യഘടകമായിരുന്നുവെന്ന്  കുഞ്ഞമ്പു ഇന്ന് പറഞ്ഞു.

LatestDaily

Read Previous

അനന്തമായ സമരം

Read Next

കാടടച്ച് പ്രചാരണം നടത്തിയിട്ടും ജനതാദൾ യുണൈറ്റഡിന് കിട്ടിയത് 87 വോട്ട്